LIFESTYLE

ഒറ്റച്ചെടിയിൽ നിന്ന് കിലോക്കണക്കിന് വഴുതനങ്ങ: വിളവെടുപ്പ് ഇരട്ടിയാക്കാൻ ഈ കൃഷിരീതി പരീക്ഷിക്കൂ


പ്രതീകാത്മക ചിത്രം

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട പച്ചക്കറികളിൽ ഒന്നാണ് വഴുതന. വ്യത്യസ്ത രീതിയിലുള്ള വിഭവങ്ങൾ പാകം ചെയ്യാൻ കഴിയുമെന്നതും കൃഷി ചെയ്യാനുള്ള എളുപ്പവുമാണ് ഇതിനെ അടുക്കളത്തോട്ടത്തിലെ താരമാക്കുന്നത്. കാര്യമായ പരിചരണമോ വലിയ സാമ്പത്തിക ചെലവോ ആവശ്യമില്ലാത്ത കൃഷിയാണിത്. ഒരു തവണ നട്ടുപിടിപ്പിച്ചാൽ ഏകദേശം രണ്ടു വർഷത്തോളം വിളവെടുക്കാൻ സാധിക്കും എന്നതും വീട്ടമ്മമാർക്ക് വഴുതനയോടുള്ള താല്പര്യം വർദ്ധിപ്പിക്കുന്നു.

വീടുകളിലെ ടെറസിലോ മുറ്റത്തോ വഴുതന നട്ടു വളർത്തുന്നത് സാധാരണമാണെങ്കിലും, പലർക്കും മികച്ച വിളവ് ലഭിക്കാറില്ല. ഉണ്ടാവുന്ന കായ്കൾക്ക് വലിപ്പം കുറയുന്നതും പതിവായ പരാതിയാണ്. എന്നാൽ ശരിയായ കൃഷിരീതികൾ പിന്തുടർന്നാൽ ഈ തടസ്സങ്ങളെല്ലാം ഒഴിവാക്കി മികച്ച രീതിയിൽ വഴുതന കൃഷി ചെയ്യാൻ സാധിക്കും.

വഴുതന കൃഷി

ആദ്യമായി ചെയ്യേണ്ടത് ഗുണമേന്മയുള്ള വിത്തുകൾ തിരഞ്ഞെടുക്കുക എന്നതാണ്. നേരിട്ട് നടാതെ വിത്തുകൾ പാകി മുളപ്പിച്ച ശേഷം തൈകൾ ഗ്രോബാഗിലേക്ക് മാറ്റുന്നതാണ് ഉചിതം. ഇതിനായി ചെടിച്ചട്ടിയിലോ പാത്രത്തിലോ ഫലഭൂയിഷ്ഠമായ മണ്ണ് നിറയ്ക്കുക. ഒപ്പം ചാണകപ്പൊടിയും ചകിരിച്ചോറും തുല്യ അളവിൽ ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കണം. ഇതിലേക്ക് വിത്തുകൾ പാകിയ ശേഷം മേലെയായി അല്പം മണ്ണും വളക്കൂറുള്ള മിശ്രിതവും വിതറി ചെറിയ തോതിൽ നനച്ചു നൽകുക. ആവശ്യത്തിന് സൂര്യപ്രകാശം ലഭിക്കുന്ന സ്ഥലത്ത് വയ്ക്കുന്നതിനോടൊപ്പം മണ്ണിൽ ഈർപ്പം നിലനിർത്താനും ശ്രദ്ധിക്കണം.

ആറാം ദിവസത്തോടുകൂടി വിത്തുകൾ മുളച്ചു തുടങ്ങും. തൈകൾക്ക് നാല് ഇലകൾ ആകുന്ന ഘട്ടത്തിൽ അവയെ മാറ്റി നടാം. ഇതിനായി ചാണകപ്പൊടി, കമ്പോസ്റ്റ്, എല്ലുപൊടി, വേപ്പിൻ പിണ്ണാക്ക് എന്നിവ മണ്ണുമായി ചേർത്ത് ഗ്രോബാഗിൽ നിറയ്ക്കുക. രണ്ടു ദിവസം നനച്ചു വെച്ച ശേഷം മൂന്നാം ദിവസം തൈകൾ ഗ്രോബാഗിലേക്ക് മാറ്റി നടാം. നട്ടുകഴിഞ്ഞാൽ ആവശ്യത്തിന് വെള്ളമൊഴിച്ച് വെയിൽ ലഭിക്കുന്ന സ്ഥലത്ത് വെക്കുക.

ചെടിയുടെ വളർച്ചയുടെ ഓരോ ഘട്ടത്തിലും കൃത്യമായി വളവും വെള്ളവും നൽകണം. ചെടി പൂവിടുന്ന സമയത്ത് ജൈവവളങ്ങൾ നൽകുന്നത് വളരെ പ്രധാനമാണ്. വഴുതനയുടെ കായ്ഫലം വർദ്ധിപ്പിക്കാൻ നിശ്ചിത ഇടവേളകളിൽ വളപ്രയോഗം നടത്തണം. പതിനഞ്ചു മുതൽ ഇരുപതു ദിവസത്തെ ഇടവേളകളിൽ കടലപ്പിണ്ണാക്ക് പുളിപ്പിച്ച് ലായനിയായി ഒഴിച്ചുകൊടുക്കുന്നത് മികച്ച ഫലം നൽകും.

കായ്കൾ വിരിഞ്ഞു തുടങ്ങുന്നതോടെ ചാരം അല്ലെങ്കിൽ ജൈവ പൊട്ടാഷ് പോലുള്ള പൊട്ടാഷ് അടങ്ങിയ വളങ്ങൾ നൽകുന്നത് കായ്കൾക്ക് നല്ല വലിപ്പം വയ്ക്കാൻ സഹായിക്കും. ചെടികളിലെ പോഷകക്കുറവ് പരിഹരിക്കാൻ ‘വെജിറ്റബിൾ മിക്സ്’ സ്പ്രേ ചെയ്യുന്നത് ഗുണകരമാണ്. അതുപോലെ, ചെടിയുടെ ചുവട്ടിലെ അനാവശ്യ ശാഖകളും ഉണങ്ങിയ ഇലകളും കൃത്യസമയത്ത് വെട്ടി നീക്കണം. ഇത് പ്രധാന തണ്ടുകളിലേക്ക് കൂടുതൽ ഊർജ്ജം എത്താൻ സഹായിക്കുകയും കായ്കൾ വലുതാകാൻ കാരണമാവുകയും ചെയ്യും.

വഴുതനയിലെ വില്ലനാണ് തണ്ടുതുരപ്പൻ പുഴു. അതിനാൽ കേടുവന്ന തണ്ടുകളും കായ്കളും ശ്രദ്ധയിൽപ്പെട്ടാൽ അപ്പോൾ തന്നെ മുറിച്ച് നശിപ്പിക്കണം. കീടങ്ങളെ അകറ്റി നിർത്താൻ വേപ്പെണ്ണയും വെളുത്തുള്ളിയും ചേർത്ത മിശ്രിതം ആഴ്ചയിലൊരിക്കൽ ചെടിയിൽ തളിക്കുന്നത് വളരെ ഫലപ്രദമാണ്. ഈ കൃഷിരീതികൾ കൃത്യമായി പാലിച്ചാൽ വലിപ്പമുള്ള നല്ല വഴുതനകൾ നിങ്ങളുടെ വീട്ടിലെ കൃഷിയിടത്തിൽ നിന്നും ലഭിക്കും.

Sports ⏭️

Back to top button