NEWS

തമിഴ്‌നാട്ടിൽ വീണ്ടും ജയിൽ ചാട്ടം: കസ്റ്റഡിയിൽ നിന്ന് റിമാൻഡ് പ്രതി രക്ഷപ്പെട്ടത് രണ്ടാം തവണ

തേനിക്ക് പിന്നാലെ കോയമ്പത്തൂർ സെൻട്രൽ ജയിലിൽ നിന്നും റിമാൻഡ് തടവുകാരൻ ചാടിപ്പോയി. ഈറോഡ് ഭവാനി സ്വദേശിയായ ഇരുപത്തിയഞ്ചുകാരൻ രാഘവനാണ് (കോഴിക്കാരൻ) ഇന്ന് പുലർച്ചെ 12.45-ഓടെ സുരക്ഷാ ഉദ്യോഗസ്ഥരെ വെട്ടിച്ച് കടന്നുകളഞ്ഞത്. ഇയാൾ പൊലീസിന്റെ പിടിയിൽ നിന്നും രക്ഷപ്പെടുന്നത് ഇത് രണ്ടാം തവണയാണ്.

മോഷണക്കേസിൽ അന്നൂർ പൊലീസ് വെള്ളിയാഴ്ചയാണ് രാഘവനെ പിടികൂടിയത്. കോടതിയുടെ നിർദേശപ്രകാരം റിമാൻഡ് നടപടികൾ പൂർത്തിയാക്കുന്നതിനായി രാത്രി 11 മണിയോടെ ഫാസ്റ്റ് ട്രാക്ക് മജിസ്ട്രേറ്റിന് മുൻപാകെ ഹാജരാക്കിയ ശേഷം ജയിലിലേക്ക് എത്തിക്കുമ്പോഴായിരുന്നു നാടകീയ സംഭവങ്ങൾ. ജയിലിന്റെ സുരക്ഷാ ഗേറ്റുകൾ കടക്കുന്നതിനിടെ, കൈവിലങ്ങ് മാറ്റിയ തക്കം നോക്കി പൊലീസുകാരെ തള്ളിയിട്ട ശേഷം പ്രതി ജയിൽ പരിസരത്തുനിന്നും ഓടിമറയുകയായിരുന്നു.

നേരത്തെയും സമാനമായ രീതിയിൽ ഇയാൾ കസ്റ്റഡിയിൽ നിന്നും രക്ഷപ്പെട്ടിട്ടുണ്ട്. ജൂൺ മാസത്തിൽ കോയമ്പത്തൂരിൽ നിന്നും ബെംഗളൂരുവിലേക്ക് കൊണ്ടുപോകുന്ന വഴിയിൽ വെച്ചായിരുന്നു ആ സംഭവം. ബെംഗളൂരു പൊലീസ് മോഷണക്കേസ് പ്രതിയെ ഹാജരാക്കിയ ശേഷം മടങ്ങവേ, അന്നൂരിൽ വെച്ച് പ്രാഥമിക ആവശ്യങ്ങൾക്കായി വാഹനം നിർത്തിയപ്പോൾ പ്രതി കൈവിലങ്ങ് അഴിപ്പിച്ച് ഇരുട്ടിലൂടെ കൃഷിയിടങ്ങളിലേക്ക് ഓടിപ്പോവുകയായിരുന്നു. തുടർന്ന് അന്നൂർ പൊലീസ് കേസെടുത്ത് അന്വേഷണം നടത്തുന്നതിനിടെ വെള്ളിയാഴ്ച ഭവാനിയിൽ വെച്ചാണ് ഇയാളെ വീണ്ടും പിടികൂടിയത്. അന്ന് ഇയാളെ സുക്ഷിക്കാൻ ചുമതലയുണ്ടായിരുന്ന കർണാടക പൊലീസുകാരെ സംഭവത്തിൽ സസ്പെൻഡ് ചെയ്തിരുന്നു.

Fashion ⏭️

Back to top button