NEWS

ക്ഷേത്രസ്വത്തുകളിൽ തന്ത്രിമാർക്ക് അവകാശമില്ലെന്ന് ഹൈക്കോടതി

കൊച്ചി ∙ ക്ഷേത്രങ്ങളിൽ കൊടിമരം മാറ്റുന്നതുപോലെയുള്ള ആചാരപരമായ പ്രക്രിയകൾക്ക് ശേഷം നീക്കം ചെയ്യുന്ന വാജിവാഹനങ്ങളും മറ്റു ലോഹനിർമ്മിത വസ്തുക്കളും തന്ത്രിമാർക്ക് അവകാശപ്പെട്ടതാണെന്ന വാദം ഹൈക്കോടതി തള്ളി. ദൈവത്തിന് സമർപ്പിക്കപ്പെട്ട വസ്തുക്കൾ ദേവതയുടെ സ്വത്താണെന്നും, പൂജാകർമ്മങ്ങളിൽ ഏർപ്പെടുന്നു എന്നതുകൊണ്ട് മാത്രം അവയിൽ തന്ത്രിമാർക്ക് ഉടമസ്ഥാവകാശം ഉന്നയിക്കാൻ സാധിക്കില്ലെന്നും കോടതി അടിവരയിട്ടു വ്യക്തമാക്കി.

അഖില തന്ത്രി പ്രചാരക സഭയുടെ ഭാരവാഹികൾ സമർപ്പിച്ച റിട്ട് ഹർജി തള്ളിക്കൊണ്ടാണ് ജസ്റ്റിസ് രാജ വിജയരാഘവൻ, ജസ്റ്റിസ് കെ.വി. ജയകുമാർ എന്നിവരടങ്ങുന്ന ദേവസ്വം ബെഞ്ച് ഇത്തരമൊരു നിരീക്ഷണം നടത്തിയത്. പഴയ കൊടിമരം മാറ്റി പുതിയത് സ്ഥാപിക്കുന്ന അവസരത്തിൽ, അതിന് മുകളിൽ സ്ഥാപിച്ചിരുന്ന ദൈവത്തിന്റെ ‘വാഹനം’ ഉൾപ്പെടെയുള്ള ലോഹവസ്തുക്കൾ തന്ത്രിക്ക് ദാനമായോ അല്ലാതെയോ ലഭിക്കാൻ അർഹതയുണ്ടെന്നായിരുന്നു ഹർജിക്കാരുടെ വാദം. ‘തന്ത്രസമുച്ചയം’ എന്ന ആധികാരിക ഗ്രന്ഥത്തിലെ നിർദ്ദേശപ്രകാരമുള്ള ഈ പാരമ്പര്യ അവകാശത്തെ തടയാൻ ദേവസ്വം ബോർഡിന് അധികാരമില്ലെന്നും ഇവർ വാദിച്ചിരുന്നു. 2012-ൽ ദേവസ്വം കമ്മിഷണർ പുറപ്പെടുവിച്ച സർക്കുലറിൽ, ഇത്തരം വസ്തുക്കൾ ദേവസ്വം സ്വത്തായി കണക്കാക്കി സംരക്ഷിക്കണമെന്ന് നിർദ്ദേശിച്ചിരുന്നു. ഇതിനെ ചോദ്യം ചെയ്തായിരുന്നു ഹർജി നൽകിയത്.

ദൈവത്തിന് സമർപ്പിക്കപ്പെട്ട സ്വത്തുക്കളും മൂല്യമേറിയ വസ്തുക്കളും നിലവിലുള്ള ഭരണപരവും നിയമപരവുമായ ചട്ടക്കൂടുകൾക്ക് അനുസൃതമായി ദേവസ്വം ആസ്തികളായി രേഖപ്പെടുത്തണമെന്നും, കൃത്യമായ കണക്കുകളോടെ അവ സംരക്ഷിക്കണമെന്നും കോടതി വിധിയിൽ ഓർമ്മിപ്പിച്ചു.

Fashion ⏭️

Back to top button