NEWS

സിനിമ ചിത്രീകരണത്തിനായി വ്യാജനോട്ട് നിർമ്മാണം: 26 കോടിയുടെ പിടിച്ചെടുക്കലിൽ ദുരൂഹത നീങ്ങാതെ അന്വേഷണം

കൊടുങ്ങല്ലൂർ ശ്രീനാരായണപുരം കട്ടൻബസാറിലെ വാടക കെട്ടിടത്തിൽ നിന്നും പിടിച്ചെടുത്ത 26 കോടി രൂപയുടെ കള്ളനോട്ടുകൾ കോയമ്പത്തൂരിലാണ് അച്ചടിച്ചതെന്ന് അന്വേഷണത്തിൽ തെളിഞ്ഞു. സിനിമാ ഷൂട്ടിങ്ങിന് ഉപയോഗിക്കുന്ന നോട്ടുകളാണെന്ന രേഖപ്പെടുത്തലുകൾ നോട്ടുകെട്ടുകളിൽ ഉണ്ടെങ്കിലും, ഇതിൽ അസ്വാഭാവികമായ എന്തൊക്കെയോ ഉണ്ടെന്നാണ് പൊലീസിന്റെ പ്രാഥമിക വിലയിരുത്തൽ. കേസിലെ മുഖ്യപ്രതി ചെന്നൈയിൽ ഒളിവിലാണെന്ന സൂചനയാണ് പൊലീസിന് ലഭിച്ചിരിക്കുന്നത്. ഇയാളെ കണ്ടെത്താനും നോട്ടുകളുടെ ഉത്ഭവത്തെക്കുറിച്ചും വിതരണ ശൃംഖലയെക്കുറിച്ചും കൃത്യമായ വിവരങ്ങൾ ശേഖരിക്കാനുമുള്ള തീവ്രശ്രമത്തിലാണ് അന്വേഷണ സംഘം.

കട്ടൻബസാർ പാലത്തിന് സമീപം ശ്രീനാരായണപുരം സ്വദേശിയുടെ ഉടമസ്ഥതയിലുള്ള കെട്ടിടത്തിലാണ് 500 രൂപയുടെ വ്യാജ നോട്ടുകൾ കണ്ടെത്തിയത്. വിവിധ കാർഡ് ബോർഡ് പെട്ടികളിലാക്കി അടുക്കിവെച്ച നിലയിലായിരുന്നു ഈ നോട്ടുകൾ. മൊത്തം 26 കോടി രൂപയുടെ മുഖവില വരുന്ന നോട്ടുകളാണ് ഇവിടെ ഉണ്ടായിരുന്നത്. താൻ ഉടമസ്ഥതയിലുള്ള കെട്ടിടം ഒരാഴ്ചത്തേക്ക് സിനിമാ ആവശ്യങ്ങൾക്കുള്ള സാധനങ്ങൾ സൂക്ഷിക്കാൻ വേണ്ടിയാണ് വാടകയ്ക്ക് നൽകിയതെന്ന് കെട്ടിട ഉടമ മൊഴി നൽകി. തനിക്ക് ഈ നോട്ടുകളെക്കുറിച്ച് യാതൊരു ധാരണയുമില്ലെന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്. ഈ നോട്ടുകൾ എവിടെനിന്നാണ് അച്ചടിച്ചതെന്നും, അത് നിർമ്മിക്കാൻ ഉപയോഗിച്ച സാങ്കേതിക വിദ്യകൾ എന്തൊക്കെയാണെന്നും, ഇതിനു പിന്നിൽ പ്രവർത്തിച്ച മാഫിയയെക്കുറിച്ചും ആഴത്തിലുള്ള അന്വേഷണം നടക്കുന്നുണ്ട്. പ്രതിയുടെ പങ്ക്, ഇയാൾക്ക് പ്രിന്റിങ് കേന്ദ്രങ്ങളുമായുള്ള ബന്ധം, നോട്ടുകൾ കേരളത്തിലേക്ക് കടത്തിയ സാഹചര്യം, ഇവ വിതരണം ചെയ്യാൻ ഉദ്ദേശിച്ച സ്ഥലങ്ങൾ എന്നിവയാണ് പൊലീസ് ഇപ്പോൾ പ്രധാനമായും പരിശോധിക്കുന്നത്.

സിനിമ ചിത്രീകരണത്തിന് സാധാരണയായി നോട്ടിന്റെ അതേ വലിപ്പത്തിലുള്ള പേപ്പർ കട്ടിംഗുകളാണ് ഉപയോഗിക്കാറുള്ളതെന്ന് സിനിമാ പ്രവർത്തകർ സാക്ഷ്യപ്പെടുത്തുന്നു. നോട്ടുകെട്ടിന്റെ ഏറ്റവും മുകളിലും താഴെയുമായി യഥാർത്ഥ നോട്ടുകൾ വെച്ച് ബാക്കി ഭാഗത്ത് പേപ്പർ കട്ടിംഗുകൾ നിറയ്ക്കുന്നതാണ് പതിവ് രീതി. ഇത്രയും വലിയ തോതിൽ വ്യാജ നോട്ടുകെട്ടുകൾ സിനിമയ്ക്കായി ഉപയോഗിക്കുന്നത് കണ്ടിട്ടില്ലെന്നും ഇവർ ചൂണ്ടിക്കാട്ടുന്നു. അതിനാൽ തീരദേശ മേഖല കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന സാമ്പത്തിക തട്ടിപ്പ് സംഘങ്ങളെക്കുറിച്ചും പൊലീസ് അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്. കാണാൻ ഒറിജിനൽ നോട്ട് പോലെ തോന്നിക്കുന്ന നോട്ടുകെട്ടുകൾ കാണിച്ച്, തങ്ങളുടെ കൈവശം കോടികളുണ്ടെന്ന് വിശ്വസിപ്പിച്ച് ആളുകളെ കബളിപ്പിച്ച് പണം തട്ടിയെടുക്കുന്ന സംഘമാണോ ഇതിനു പിന്നിലെന്ന കാര്യവും പൊലീസ് ഗൗരവമായി പരിശോധിക്കുന്നു.

Fashion ⏭️

Back to top button