NEWS

ദാവൂദ് ഇബ്രാഹിം സംഘത്തിലെ പ്രധാനി നസീം ദുറാനി പൊലീസ് ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു

ന്യൂഡൽഹി: ഡൽഹിയിലെ നിയമമന്ത്രി കപിൽ മിശ്രയുടെ വസതിക്ക് സമീപം യുവാവിനെ വെടിവെച്ചുകൊന്ന സംഭവത്തിലെ മുഖ്യപ്രതിയും കുപ്രസിദ്ധ ഗുണ്ടാത്തലവനുമായ നസീം ദുറാനി (37) പൊലീസുമായുള്ള ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു. അധോലോക നായകൻ ദാവൂദ് ഇബ്രാഹിമിന്റെ ഡി-കമ്പനിയുമായി അടുത്ത ബന്ധം പുലർത്തിയിരുന്ന വ്യക്തിയാണ് ഇയാൾ. ഉത്തർപ്രദേശിലെ ബുലന്ദ്ശഹറിൽ വെച്ച് ഡൽഹി പൊലീസും നോയിഡ സ്‌പെഷ്യൽ ടാസ്‌ക് ഫോഴ്സും സംയുക്തമായി നടത്തിയ നീക്കത്തിലാണ് ദുറാനിയെ വധിച്ചത്.

കഴിഞ്ഞ നവംബർ 16-നായിരുന്നു വടക്കുകിഴക്കൻ ഡൽഹിയിലെ ഖജൂരി ഖാസിലുള്ള നിയമമന്ത്രിയുടെ ഓഫിസിന് മുന്നിൽ വെച്ച് മുസ്തഫാബാദ് സ്വദേശിയായ സമീർ (26) വെടിയേറ്റ് മരിച്ചത്. അക്രമി ഇയാൾക്ക് നേരെ 20 തവണയാണ് നിറയൊഴിച്ചത്. നസീം ദുറാനിയുടെ സംഘവും ഹാറൂൺ സൈഫിയുടെ സംഘവും തമ്മിലുള്ള വൈരാഗ്യമാണ് ഈ ക്രൂരമായ കൊലപാതകത്തിൽ കലാശിച്ചതെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ.

ഹാറൂൺ സൈഫിയുടെ അമ്മാവനായ രാജാ മേവാതി കഴിഞ്ഞ മേയ് 26-ന് കൊല്ലപ്പെട്ടിരുന്നു. ഈ കൊലപാതകത്തിന് പിന്നിൽ ദുറാനിയാണെന്ന് പൊലീസ് സ്ഥിരീകരിച്ചിരുന്നു. ഇതിനുള്ള പ്രതികാരമായാണ് ജൂൺ 15-ന് ദുറാനിയുടെ വിശ്വസ്തനായ റഷീദ് എന്ന പാനി വാലയെ ഹാറൂൺ സൈഫിയുടെ സംഘം കൊലപ്പെടുത്തിയത്. ഈ കേസുമായി ബന്ധപ്പെട്ട് ഹാറൂൺ സൈഫിയെയും കൂട്ടാളികളെയും നേരത്തെ പൊലീസ് പിടികൂടിയിരുന്നു. ഇതിന് തുടർച്ചയായാണ് സമീറിന്റെ കൊലപാതകം അരങ്ങേറിയത്. ക്രിമിനൽ പശ്ചാത്തലമുള്ള വ്യക്തിയായിരുന്നു കൊല്ലപ്പെട്ട സമീർ. ഒരു കേസിൽ ഉൾപ്പെട്ടതിനെ തുടർന്ന് പൊലീസ് ഇയാളെ കസ്റ്റഡിയിലെടുത്തിരുന്നെങ്കിലും പിന്നീട് വിട്ടയക്കുകയായിരുന്നു.

Fashion ⏭️

Back to top button