NEWS

ഇപി ജയരാജനും പി ജയരാജനും തമ്മിലുള്ള പോര് സിപിഎമ്മിൽ പ്രതിസന്ധിയാകുന്നു

നിയമസഭാ തിരഞ്ഞെടുപ്പിലേറ്റ കനത്ത തിരിച്ചടിക്കുശേഷം പാർട്ടിയെ അടിമുടി നവീകരിക്കാൻ ശ്രമിക്കുന്ന സിപിഎമ്മിന്, ഉന്നത നേതാക്കൾ തമ്മിലുള്ള പരസ്യപ്പോര് വലിയ പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്. റിസോർട്ട് വിവാദത്തിന്റെ പേരിൽ ഇ.പി.ജയരാജനെ കുടുക്കാൻ പി.ജയരാജൻ ശ്രമിച്ചപ്പോൾ, അതേ റിസോർട്ടിനെ ആയുധമാക്കി ശക്തമായ തിരിച്ചടിയാണ് ഇ.പി നൽകിയിരിക്കുന്നത്. പാർട്ടിയുടെ തിരുത്തൽ പ്രക്രിയയുടെ ഭാഗമായി നേതാക്കളുടെ ബിസിനസ് ബന്ധങ്ങൾക്കും ആഡംബര ജീവിതത്തിനും സ്വത്ത് സമ്പാദനത്തിനുമെതിരെ കർശന ജാഗ്രതാനിർദേശം നൽകിയതിന് തൊട്ടുപിന്നാലെയാണ് കണ്ണൂരിലെ ഈ ഗ്രൂപ്പ് പോര് വീണ്ടും പുറത്തുവന്നത്.

വൈദേകം റിസോർട്ടുമായി ബന്ധപ്പെട്ട വിവാദം പണ്ടേ നിലവിലുണ്ടായിരുന്നെങ്കിലും പാർട്ടി നേതൃത്വം അത് ഗൗരവമായി എടുക്കാൻ തയ്യാറായിരുന്നില്ല. എൽഡിഎഫ് കൺവീനർ സ്ഥാനത്തുനിന്ന് മാറ്റിയതിലുള്ള അതൃപ്തിയിലായിരുന്ന ഇ.പിയെ കൂടുതൽ പ്രകോപിപ്പിക്കേണ്ടെന്നതായിരുന്നു നേതൃത്വത്തിന്റെ അന്നത്തെ നിലപാട്. താൻ റിസോർട്ടിനായി നിയമവിരുദ്ധമായ യാതൊന്നും ചെയ്തിട്ടില്ലെന്നും, ഭാര്യയും മകനും സ്വന്തം വരുമാനത്തിൽ നിന്നാണ് ഇതിൽ പണം മുടക്കിയതെന്നും ഇ.പി നേരത്തെ അനൗദ്യോഗികമായി പാർട്ടിയെ ബോധ്യപ്പെടുത്തിയിരുന്നു. 2022-ൽ സമർപ്പിച്ച പരാതി സംസ്ഥാന നേതൃത്വം അവഗണിച്ചപ്പോൾ പി.ജയരാജൻ കേന്ദ്ര നേതൃത്വത്തെ സമീപിച്ചെങ്കിലും കാര്യമായ ഇടപെടലുകൾ ഉണ്ടായില്ല. എന്നാൽ, തിരഞ്ഞെടുപ്പിനുശേഷം പാർട്ടി സംവിധാനം ദുർബലമാവുകയും, വിശാല സംസ്ഥാന സമിതിയുടെ പിൻബലത്തോടെ സംസ്ഥാന സെക്രട്ടേറിയറ്റിൽ സ്ഥാനം പിടിക്കുകയും ചെയ്തതോടെ പി.ജയരാജൻ പഴയ പരാതി പൊടിതട്ടിയെടുക്കുകയായിരുന്നു.

അതേസമയം, ഇതേക്കുറിച്ച് സംസാരിക്കവെ താൻ അത്തരം ആരോപണങ്ങൾ ഉന്നയിച്ചിട്ടില്ലെന്നാണ് പി.ജയരാജൻ പാർട്ടി നേതാക്കളോട് വിശദീകരിക്കുന്നത്. മൂന്നു വർഷം മുമ്പ് ദുബായിൽ നടന്ന ഒരു സാംസ്കാരിക സംഘടനയുടെ പരിപാടിയിൽ പങ്കെടുക്കാൻ പോയപ്പോൾ, ആ സംഘടനയുടെ ഭാരവാഹിയായ പേരാമ്പ്ര സ്വദേശിയാണ് തങ്ങളെ അവരുടെ ഓഫിസിലേക്ക് കൊണ്ടുപോയതെന്നും, പുറത്തുവന്ന ചിത്രത്തിൽ അദ്ദേഹവുമുണ്ടെന്നും പി.ജയരാജൻ വ്യക്തമാക്കി.

Fashion ⏭️

Back to top button