രണ്ടു ലക്ഷം മുതൽ ബിസിനസ്; ഇൻസ്റ്റഗ്രാം വഴി വീട്ടമ്മമാർക്ക് നേടാം മാസവരുമാനം 15 ലക്ഷം

വസ്ത്രനിർമ്മാണ മേഖല ഏത് തരത്തിലുള്ള സംരംഭകർക്കും വളർച്ചയ്ക്കുള്ള വിശാലമായ വഴികളാണ് തുറന്നുവെക്കുന്നത്. എങ്കിലും, ഈ രംഗത്ത് വലിയ നേട്ടങ്ങൾ കൊയ്ത് മുന്നേറുന്നവരിൽ ഏറെയും വനിതകളാണ്. കാലഹരണപ്പെട്ട രീതികൾക്ക് പകരം പുത്തൻ ചിന്താഗതികളുമായി വിപണിയിലിറങ്ങുന്നവർക്ക് തിളക്കമാർന്ന ഭാവി തന്നെയാണ് കാത്തിരിക്കുന്നത്. അത്തരമൊരു വിജയഗാഥയാണ് പി.എൻ. ഫസീനയും സി.എ. ഷമീലയും ചേർന്ന് രചിക്കുന്നത്. കാഞ്ഞിരപ്പള്ളിക്കടുത്തുള്ള ആനക്കൽ കേന്ദ്രമായാണ് ഇവരുടെ ‘ഫിയോന സിയ’ എന്ന ബ്രൈഡൽ സ്റ്റുഡിയോ പ്രവർത്തിക്കുന്നത്.
ഇതൊരു ഡിസൈനർ ബുട്ടീക് ആണ്. വിവാഹ വസ്ത്രങ്ങൾ, സറാറ, സൽവാർ, ഫ്രോക്കുകൾ, ദാവണി തുടങ്ങി ഉപഭോക്താക്കളുടെ താൽപര്യാനുസരണം ഡിസൈൻ ചെയ്ത വസ്ത്രങ്ങൾ ഇവിടെ ലഭ്യമാണ്. വസ്ത്രങ്ങളിലെ സങ്കീർണ്ണമായ ഹാൻഡ് വർക്കുകൾക്കാണ് ഇവർ മുൻഗണന നൽകുന്നത്. ദുബായിലും ഇവർക്ക് ഷോറൂം പ്രവർത്തിക്കുന്നുണ്ട്, അതിൻ്റെ മേൽനോട്ടം വഹിക്കുന്നത് ഷമീലയാണ്. പങ്കാളിത്ത രീതിയിൽ ബിസിനസ് മുന്നോട്ട് കൊണ്ടുപോകുന്ന ഇവർ ഡിസൈനർ വസ്ത്രങ്ങൾക്ക് പുറമെ കുട്ടികൾക്കും മുതിർന്നവർക്കുമായുള്ള പാർട്ടിവെയർ കളക്ഷനുകളും കൈകാര്യം ചെയ്യുന്നു.
ഏകദേശം 25 ലക്ഷം രൂപയാണ് ഈ ബിസിനസിനായി ഇവർ മുതൽമുടക്കിയിരിക്കുന്നത്. വസ്ത്രങ്ങളിലെ കരവിരുതുകൾക്ക് പ്രാധാന്യം നൽകുന്നതുകൊണ്ട് നാല് സ്റ്റിച്ചിങ് മെഷീനുകൾ മാത്രമാണ് പ്രധാനമായും ഉപയോഗിക്കുന്നത്. ചില പ്രത്യേക തരം തുന്നലുകളും ഹാൻഡ് വർക്കുകളും പുറത്തുള്ള യൂണിറ്റുകളെ ഏൽപ്പിക്കാറുമുണ്ട്. നിലവിൽ ഒൻപത് ജീവനക്കാർ സ്ഥാപനത്തിൽ നേരിട്ട് ജോലി ചെയ്യുന്നുണ്ട്, ഇവരിൽ ഭൂരിഭാഗവും അന്യസംസ്ഥാനക്കാരാണ്. ഇതിനു പുറമെ, പുറത്തായി 15 പേർക്ക് തയ്യൽ, ഹാൻഡ് വർക്ക് ജോലികൾ നൽകി ഉപജീവനത്തിന് അവസരമൊരുക്കുന്നുമുണ്ട്. 800 ചതുരശ്രഅടി വിസ്തീർണ്ണമുള്ള വാടക കെട്ടിടത്തിലാണ് പ്രവർത്തനം. ഫസീനയുടെ ഭർത്താവ് മുഹമ്മദ് അസറുദ്ദീനും ഷമീലയുടെ ഭർത്താവ് സരിത് സലിക്കും മറ്റ് ബിസിനസുകൾ ഉണ്ടെങ്കിലും, ഈ സംരംഭത്തിൻ്റെ വളർച്ചയ്ക്കായി ഇവർ പൂർണ്ണ പിന്തുണയുമായി കൂടെയുണ്ട്.
പ്രീമിയം നിലവാരമുള്ള ഉൽപ്പന്നങ്ങൾ മാത്രമാണ് വിപണിയിലെത്തിക്കുന്നത്. ഗുണനിലവാരത്തിൽ വിട്ടുവീഴ്ചയില്ലാത്തതുകൊണ്ട് തന്നെ മികച്ച വിലയും ലഭിക്കുന്നുണ്ട്. ഇൻസ്റ്റഗ്രാം പ്ലാറ്റ്ഫോം വഴിയാണ് ഭൂരിഭാഗം ഓർഡറുകളും ലഭിക്കുന്നത്. യുഎസ്എ, യുകെ, മിഡിൽ ഈസ്റ്റ് രാജ്യങ്ങളിൽ നിന്ന് സ്ഥിരമായി ആവശ്യക്കാരുണ്ട്. ആദ്യം ഡിസൈനുകൾ കസ്റ്റമറെ കാണിക്കുകയും, തൃപ്തികരമാണെങ്കിൽ മുൻകൂർ തുക വാങ്ങുകയുമാണ് പതിവ്. പത്ത് മുതൽ മുപ്പത് ദിവസത്തിനുള്ളിൽ ജോലി പൂർത്തിയാക്കി ഉപഭോക്താവിലേക്ക് ഉൽപ്പന്നം എത്തിക്കും. മൗത്ത് പബ്ലിസിറ്റിയിലൂടെയും ധാരാളം പുതിയ ഉപഭോക്താക്കൾ ഇവരിലേക്ക് എത്തുന്നുണ്ട്.
വസ്ത്രവ്യാപാര രംഗത്ത് കടുത്ത മത്സരം നിലനിൽക്കുന്നുണ്ടെന്ന് ഫസീന സാക്ഷ്യപ്പെടുത്തുന്നു. എങ്കിലും, ശരിയായ രീതിയിൽ മുന്നോട്ട് പോയാൽ മികച്ച അവസരങ്ങളുണ്ട്. മത്സരത്തെ അതിജീവിക്കാൻ ഈ സംരംഭകർ പിന്തുടരുന്ന വഴികൾ ഇവയാണ്:
∙ ആരെയും ആകർഷിക്കുന്ന സവിശേഷമായ ഡിസൈനുകൾ. ഇരുവരും ഡിസൈനിംഗിൽ വിദഗ്ധരായതിനാൽ, പഠനവും പ്രവൃത്തിപരിചയവും ആർജ്ജിച്ച ശേഷമാണ് ബിസിനസിലേക്ക് ഇറങ്ങിയത്.
∙ വസ്ത്രങ്ങളുടെ ഗുണമേന്മയിൽ യാതൊരു വിട്ടുവീഴ്ചയും വരുത്താറില്ല.
∙ തയ്യലിലെ കൃത്യത ഉറപ്പുവരുത്തുന്നു.
∙ ഏറെ വർഷത്തെ പാരമ്പര്യമുള്ള തൊഴിലാളികളെക്കൊണ്ട് മാത്രം ഹാൻഡ് വർക്കുകൾ ചെയ്യിക്കുന്നു.
∙ വിൽപനയ്ക്ക് ശേഷം ആവശ്യമായി വരുന്ന ആൾട്ടറേഷനുകൾ കൃത്യമായി ചെയ്തു നൽകുന്നു.
∙ ഉയർന്ന ഗുണമേന്മയുള്ള ഉൽപ്പന്നങ്ങൾ പ്രീമിയം വിലയ്ക്ക് നൽകുക എന്നതിലാണ് ഇവരുടെ ശ്രദ്ധ.




