കരിപ്പൂരിലെ യുവതിയുടെ തിരോധാനം: നാടകത്തിന് പിന്നിൽ ഭർത്താവെന്ന് പോലീസ് കണ്ടെത്തൽ

കരിപ്പൂരിൽ യുവതിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ ഞെട്ടിക്കുന്ന വഴിത്തിരിവ്. വിമാനത്താവളത്തിൽ നിന്ന് കസ്റ്റംസിനെ വെട്ടിച്ച് കടത്തിയ സ്വർണം കൈക്കലാക്കാൻ ആസൂത്രണം ചെയ്ത വ്യാജ തട്ടിക്കൊണ്ടുപോകൽ നാടകമാണ് ഇതെന്നാണ് പൊലീസിന്റെ കണ്ടെത്തൽ. ദുബായിൽ നിന്ന് സ്വർണവുമായി കരിപ്പൂരിലെത്തിയ കണ്ണൂർ സ്വദേശിനി പ്രിയങ്കയാണ് ഈ സംഭവത്തിലെ പ്രധാനി.
പ്രിയങ്കയും ഭർത്താവ് റിനീഷും ചേർന്നാണ് ഈ നാടകത്തിന് തിരക്കഥ രചിച്ചത്. സ്വർണം കവർച്ച ചെയ്യപ്പെട്ടതാണെന്ന് വരുത്തിത്തീർക്കാനായിരുന്നു ഇവരുടെ നീക്കം. ഒടുവിൽ പുളിക്കലിൽ വെച്ച് പൊലീസ് സംഘം ഇവരെ സാഹസികമായി പിടികൂടുകയായിരുന്നു. ഇതുമായി ബന്ധപ്പെട്ട് നാല് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. ചോദ്യം ചെയ്യലിൽ കുറ്റം സമ്മതിച്ചതോടെയാണ് ആസൂത്രിതമായ തട്ടിപ്പ് പുറത്തായത്.
ഇന്ന് രാവിലെ പത്തരയോടെ ദുബായിൽ നിന്ന് വിമാനമിറങ്ങിയ പ്രിയങ്ക സ്വർണവുമായി പുറത്തെത്തി. നേരത്തെ നിശ്ചയിച്ച പ്രകാരം സ്വർണം ഏറ്റുവാങ്ങാൻ എത്തിയ ആളും വിമാനത്താവളത്തിന് സമീപം തമ്പടിച്ചിരുന്നു. യുവതി പുറത്തിറങ്ങിയ ഉടൻ ബൊലേനോ കാറിലെത്തിയ സംഘം പ്രിയങ്കയെ ബലമായി വാഹനത്തിൽ കയറ്റി കടന്നുകളയുകയായിരുന്നു. ഇത് ശ്രദ്ധയിൽപ്പെട്ട ഉടൻ തന്നെ പൊലീസ് സംഘം ഇവരെ പിന്തുടരുകയും സാഹസികമായി പിടികൂടുകയും ചെയ്തു. താൻ റിയ എന്നാണെന്നും സ്വർണം തട്ടിയെടുത്ത ശേഷം തന്നെ തട്ടിക്കൊണ്ടുപോകുകയായിരുന്നുവെന്നും പ്രിയങ്ക ആദ്യം പൊലീസിനോട് കള്ളം പറയുകയായിരുന്നു. എന്നാൽ, വിശദമായ അന്വേഷണത്തിനൊടുവിൽ സ്വർണം വാങ്ങാൻ എത്തിയ ആളടക്കം കുടുങ്ങുകയും സംഭവത്തിന്റെ സത്യാവസ്ഥ വെളിച്ചത്താവുകയും ചെയ്തു.




