‘കാരവാനിൽ കയറി അയാൾ ഷർട്ട് ഊരി മാറ്റിയപ്പോൾ എന്റെ കയ്യും കാലും വിറച്ചു’; ദുരനുഭവം വെളിപ്പെടുത്തി കാജൽ അഗർവാൾ

കാജൽ അഗർവാൾ (photo:facebook.com/ImKajalAggarwal)
കഴിഞ്ഞ രണ്ട് പതിറ്റാണ്ടായി ദക്ഷിണേന്ത്യയിൽ ലക്ഷക്കണക്കിന് ആരാധകരെ സമ്പാദിച്ച താരങ്ങളിൽ ഒരാളാണ് കാജൽ അഗർവാൾ. മലയാളികൾ ഉൾപ്പെടെ പല ഭാഷക്കാരായ ആരാധകരാണ് നടിക്കുള്ളത്. ഇവരിൽ ഏറെപ്പേരും താരത്തെ ഒന്ന് നേരിൽ കാണാൻ കൊതിക്കുന്നവരാണ്. ഇത്തരത്തിൽ നേരിൽ കാണാൻ വന്ന ആരാധകനിൽ നിന്നുണ്ടായ ഒരു അനുഭവമാണ് കാജൽ അഗർവാൾ ഇപ്പോൾ വെളിപ്പെടുത്തിയിരിക്കുന്നത്. സോഷ്യൽ മീഡിയയിൽ ഇത് വ്യാപകമായി പ്രചരിച്ചുകൊണ്ടിരിക്കുകയാണ്. ഒരു മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിലായിരുന്നു കാജലിന്റെ വെളിപ്പെടുത്തൽ.
‘കുറച്ച് ദിവസങ്ങൾക്ക് മുമ്പ് സിനിമാ സെറ്റിൽ വച്ചായിരുന്നു സംഭവം. ഷൂട്ടിംഗ് പൂർത്തിയാക്കിയ ശേഷം ഞാൻ കാരവാനിൽ വിശ്രമിക്കുകയായിരുന്നു. ആ സമയത്ത്, സിനിമയിൽ അസിസ്റ്റന്റ് ഡയറക്‌ടറായ ഒരാൾ അനുവാദം പോലും വാങ്ങാതെ കാരവാനിനുള്ളിൽ കയറി. ഉടനെ അയാൾ ധരിച്ചിരുന്ന ഷർട്ട് ഊരിമാറ്റി. അദ്ദേഹത്തിന്റെ നെഞ്ചിൽ എന്റെ പേര് ടാറ്റൂ ചെയ്‌തിരിക്കുന്നത് കാണിച്ചുതന്നു. ഞാൻ ഞെട്ടിപ്പോയി. എന്റെ കയ്യും കാലും വിറയ്‌ക്കാൻ തുടങ്ങി.
അദ്ദേഹം എന്റെ പേര് ടാറ്റൂ ചെയ്‌തത് ഒരു നല്ലകാര്യമാണ്. അതിൽ എനിക്ക് സന്തോഷവുമുണ്ട്. എന്നാൽ, ഒരു സ്‌ത്രീയുടെ അനുവാദമില്ലാതെ കാരവാനിനുള്ളിൽ പ്രവേശിക്കുന്നത് ശരിയായ കാര്യമായി തോന്നുന്നില്ല. എത്ര വലിയ ആരാധകനായാലും ഇത്തരം പെരുമാറ്റം അംഗീകരിക്കാനാകില്ല. ഇങ്ങനെ ചെയ്യുന്നത് ക്രിമിനൽ കുറ്റമാണെന്ന് മുന്നറിയിപ്പ് നൽകി ഞാൻ അദ്ദേഹത്തെ പറഞ്ഞയച്ചു’ – കാജൽ അഗർവാൾ പറഞ്ഞു.
സിനിമാ മേഖലയിൽ വന്നശേഷം തനിക്കുണ്ടായ അനുഭവങ്ങളെപ്പറ്റി ഇതിന് മുമ്പ് കാജൽ അഗർവാൾ അഭിമുഖങ്ങളിൽ വെളിപ്പെടുത്തിയിട്ടുണ്ട്. നിരവധി ബോളിവുഡ് ചിത്രങ്ങളിൽ അഭിനയിച്ചിട്ടും ഇപ്പോഴും ദക്ഷിണേന്ത്യൻ ചിത്രങ്ങൾ തിരഞ്ഞെടുക്കുന്നതിലെ കാരണവും അവർ പറഞ്ഞിട്ടുണ്ട്. ദക്ഷിണേന്ത്യൻ സിനിമകളിൽ ലഭിച്ചിരുന്ന അത്രയും നല്ല കഥാപാത്രങ്ങളും ബോളിവുഡിൽ ലഭിച്ചിരുന്നില്ല എന്നാണ് നടി പറഞ്ഞത്. കിട്ടുന്ന പ്രതിഫലത്തേക്കാൾ നല്ല കഥാപാത്രങ്ങൾക്കാണ് താൻ പ്രാധാന്യം നൽകുന്നതെന്നും കാജൽ വ്യക്തമാക്കി.
RELATED TOPICS: KAJAL AGGARWAL, KAJAL AGGARWAL NEWS, KAJAL AGGARWAL INTERVIEW, CELEBRITY NEWS, CINEMA NEWS MALAYALAM
Business ⏭️


