BUSINESS

എംആർഎഫ് ഇനി രാജ്യത്തെ ഏറ്റവും മൂല്യമേറിയ ടയർ ബ്രാൻഡ്


ചെന്നൈ ∙ രാജ്യത്തെ ഏറ്റവും വലിയ ടയർ നിർമാതാക്കളായ എംആർഎഫ്, ഏറ്റവും മൂല്യമേറിയ ടയർ ബ്രാൻഡായി തിരഞ്ഞെടുക്കപ്പെട്ടു. 2026 ലെ ബ്രാൻഡ് ഫിനാൻസ് ഇന്ത്യ 100 റിപ്പോർട്ടിൽ ആഗോള തലത്തിൽ ഏറ്റവും ശക്തമായ മൂന്ന് ടയർ ബ്രാൻഡുകളിൽ എംആർഎഫ് ഉൾപ്പെടുന്നു. ഓട്ടമൊബീൽ, ഹോസ്പിറ്റാലിറ്റി, ബാങ്കിങ് തുടങ്ങിയ മേഖലകളിലെ ഇന്ത്യയിലെ പ്രമുഖ 50 ബ്രാൻഡുകളിലൊന്നുമായി എംആർഎഫ് ടയേഴ്സ്.863.1 ദശലക്ഷം യുഎസ് ഡോളർ ബ്രാൻഡ് മൂല്യം (ഏകദേശം 8304 കോടി രൂപ), ബ്രാൻഡിന്റെ മികവും കരുത്തും സൂചിപ്പിക്കുന്ന ‘സ്ട്രെങ്ത് സ്കോറി’ൽ 100ൽ 87.7 പോയിന്റ്, ഏറ്റവും ഉയർന്ന റേറ്റിങ് ആയ ‘എഎഎ’ എന്നിവയാണ് എംആർഎഫിനെ ഈ നേട്ടത്തിന് അർഹമാക്കിയത്. രാജ്യാന്തര നിലവാര സൂചികകളുടെ അടിസ്ഥാനത്തിലാണിത്. ഉപഭോക്താക്കളുടെ വിശ്വാസം, അടുപ്പം, സൽപേര്, വിപണിയിലെ നിക്ഷേപം തുടങ്ങിയ സൂചികകളിൽ എംആർഎഫിനു മറ്റു ബ്രാൻഡുകളെ അപേക്ഷിച്ചു വ്യക്തമായ മേൽക്കൈയുണ്ട്.കമ്പനിയിൽ വിശ്വാസമർപ്പിച്ച എല്ലാ ഇന്ത്യക്കാർക്കും അവകാശപ്പെട്ടതാണ് അംഗീകാരമെന്നും കുടുംബങ്ങളുടെ യാത്രകൾ സുരക്ഷിതമാക്കാനുള്ള ഉത്തരവാദിത്തം വർധിച്ചതായും എംആർഎഫ് ടയേഴ്സ് ചെയർമാനും മാനേജിങ് ഡയറക്ടറുമായ കെ.എം.മാമ്മൻ പറഞ്ഞു.വിമാനങ്ങളുടെ ടയർ അടക്കം നിർമിക്കുന്ന എംആർഎഫ് തമിഴ്നാട്ടിലെ ശിവഗംഗ ജില്ലയിൽ പുതിയ പ്ലാന്റ് നിർമിക്കാനുള്ള ഒരുക്കത്തിലാണ്. 5300 കോടി രൂപ ചെലവിൽ സിപ്കോട്ട് ഇല്ലുപ്പൈക്കുടി വ്യവസായ പാർക്കിൽ ആരംഭിക്കുന്ന ഗ്രീൻഫീൽഡ് പ്ലാന്റിൽ 1000 പേർക്കു നേരിട്ടു തൊഴിൽ ലഭിക്കും.


Travel ⏭️

Back to top button