BUSINESS
ഇ10 പെട്രോൾ വീണ്ടും വിപണിയിലിറക്കാൻ കേന്ദ്ര നീക്കം; ഇക്കുറി പ്രീമിയം ബ്രാൻഡിൽ, മനംമാറ്റം പ്രതിഷേധം രൂക്ഷമായപ്പോൾ

ന്യൂഡൽഹി ∙ പ്രീമിയം പെട്രോളായി ഇ10 (10% എഥനോൾ കലർന്ന) പെട്രോൾ വിപണിയിൽ തിരികെ കൊണ്ടുവരാൻ കേന്ദ്ര സർക്കാർ നീക്കം. നിലവിലുള്ള പ്രീമിയം ബ്രാൻഡുകളായ എക്സ്പി 95, സ്പീഡ്, പവർ 95 തുടങ്ങിയവയുടെ രൂപത്തിൽ ഇ10 വിപണിയിലെത്തിക്കാനാണ് പെട്രോളിയം മന്ത്രാലയത്തിന്റെ നീക്കം. ഇത് സംബന്ധിച്ച് എണ്ണക്കമ്പനികളായ ഇന്ത്യൻ ഓയിൽ, ഭാരത് പെട്രോളിയം, ഹിന്ദുസ്ഥാൻ പെട്രോളിയം എന്നിവയുമായി മന്ത്രാലയം പ്രാഥമിക ചർച്ചകൾ തുടങ്ങി.2023 ഏപ്രിൽ മുതലാണ് ഇ20 ഇന്ധനത്തിന് അനുയോജ്യമായ വാഹനങ്ങൾ നിർമാതാക്കൾ പുറത്തിറക്കിത്തുടങ്ങിയത്. അതിന് മുൻപുള്ള പഴയ വാഹനങ്ങളിൽ ഇ20 ഉപയോഗിക്കുന്നത് എൻജിനെ ദോഷകരമായി ബാധിക്കുമെന്ന ആശങ്ക ജനങ്ങൾക്കിടയിലുണ്ട്. പ്രതിഷേധം രൂക്ഷമായതോടെയാണ് ഇ20ക്ക് ഒപ്പം ഇ10 പെട്രോളും വിപണിയിൽ ലഭ്യമാക്കാൻ കേന്ദ്രസർക്കാർ നീക്കം നടത്തുന്നത്. അതേസമയം, ഇ20 പെട്രോളിനായി മാറ്റം വരുത്തിയ പമ്പുകളിൽ ഇ10 വിതരണം ചെയ്യാൻ പുതിയ അടിസ്ഥാന സൗകര്യങ്ങളും ടാങ്കുകളും ഒരുക്കുക എന്നത് വലിയ സാമ്പത്തിക ബാധ്യതയാകും. ഇതിന് പരിഹാരമായാണ് നിലവിൽ പ്രീമിയം പെട്രോൾ വിതരണം ചെയ്യുന്ന ടാങ്കുകൾ ഇ10-നായി ഉപയോഗിക്കാൻ ആലോചിക്കുന്നത്. ഇത് എളുപ്പത്തിൽ നടപ്പിലാക്കാവുന്ന കാര്യമാണെന്ന് പെട്രോളിയം ഡീലർമാരും വ്യക്തമാക്കുന്നു. ഇ20 ഇന്ധനം സംബന്ധിച്ച ആശങ്ക കാരണം സാധാരണ പെട്രോളിനേക്കാൾ വില കൂടുതലാണെങ്കിലും പ്രീമിയം പെട്രോൾ ഉപയോഗിക്കുന്നവരുടെ എണ്ണം കൂടിയിട്ടുണ്ട്. നിലവിൽ പ്രീമിയം പെട്രോളിലും 20% എഥനോളാണുള്ളതെങ്കിലും എൻജിൻ വൃത്തിയാക്കാനും ജ്വലനക്ഷമതയ്ക്കുമായി പ്രത്യേക അഡിറ്റീവുകൾ ചേർത്തിട്ടുണ്ട്. ആഡംബര വാഹനങ്ങൾക്കുള്ള എഥനോൾ ഒട്ടുമില്ലാത്ത ഒക്ടേൻ 100 പെട്രോളും ലഭ്യമാണ്.
Travel ⏭️


