BUSINESS

വീട്ടില്‍ സ്വര്‍ണ്ണമുണ്ടോ? 5% വരെ ആദായം ഉറപ്പാക്കാം; സര്‍ക്കാര്‍ പദ്ധതിയും ലഭ്യം, നേട്ടങ്ങളും റിസ്‌കും അറിയൂ


Gold Investment Schemes: ഇന്ത്യയുടെ വീടുകളിലെ അലമാരകളില്‍ വെറുതേയിരിക്കുന്ന സ്വര്‍ണ്ണത്തിന്റെ കണക്കെടുത്താല്‍ ലോക രാജ്യങ്ങളുടെ വരെ കണ്ണ് തള്ളും. വര്‍ഷങ്ങളായി വെറുതേയിരിക്കുന്ന ഈ സ്വര്‍ണ്ണത്തെ പുറത്തെടുക്കാന്‍ കൂടിയാണ് അടുത്തിടെ പ്രധാനമന്ത്രി നരേന്ദ്ര മോദി ഒരു വര്‍ഷത്തേയ്ക്ക് സ്വര്‍ണ്ണം വാങ്ങല്‍ കുറയ്ക്കാന്‍ ആഹ്വാനം ചെയ്തത്. അലമാരകളിലും, ബാങ്കുകളുടെ ലോക്കറുകളിലും മറ്റും വെറുതെയിരിക്കുന്ന സ്വര്‍ണ്ണത്തില്‍ നിന്ന് അധിക വരുമാനം കണ്ടെത്താനുള്ള ഒരു മാര്‍ഗത്തെ പറ്റിയാണ് ഇന്നു പറയുന്നത്. അതാണ് ഗോള്‍ഡ് ലീസിംഗ്. ആകര്‍ഷകമായ പലിശ ഈ സ്‌കീം വാഗ്ദാനം ചെയ്യുന്നുണ്ട്. അതേസമയം പദ്ധതിയുടെ കൃത്യമായ റിസ്‌കുകളും, സര്‍ക്കാര്‍ നിയന്ത്രണങ്ങളുടെ പരിമിതികളും നിങ്ങള്‍ അറിഞ്ഞിരിക്കണം. എന്താണ് ഗോള്‍ഡ് ലീസിംഗ് ( Gold Leasing )?പണം പലിശയ്ക്ക് നല്‍കുന്നതുപോലെ തന്നെയാണ് ഗോള്‍ട് ലീസിംഗ് നടക്കുന്നത്. വീട്ടിലോ ബാങ്ക് ലോക്കറിലോ വെറുതെ ഇരിക്കുന്ന സ്വര്‍ണം വില്‍ക്കാതെ, അത് ആവശ്യമുള്ള മറ്റൊരാള്‍ക്ക് താല്‍ക്കാലികമായി വാടകയ്ക്ക് നല്‍കുന്ന രീതിയാണിത്. പ്രധാനമായും ജുവലറികളാണ് ഇത്തരം സ്‌കീമുകളുടെ പ്രധാന ഉപഭോക്താക്കള്‍. ഇതു വഴി സ്വര്‍ണ്ണം നല്‍കുന്നവര്‍ക്ക് പലിശയോ വരുമാനമോ നേടാം. സ്വര്‍ണത്തിന്റെ വില വര്‍ദ്ധിക്കുന്നതിന്റെ ലാഭം നിലനിര്‍ത്തിക്കൊണ്ടുതന്നെ, വര്‍ഷം 2.75% മുതല്‍ 4.5% വരെ വരുമാനം നേടാം. നടപടിക്രമങ്ങള്‍ അറിയാം ആദ്യം സ്വര്‍ണത്തിന്റെ പരിശുദ്ധി അംഗീകൃത കേന്ദ്രങ്ങളില്‍ പരിശോധിച്ച് തിട്ടപ്പെടുത്തുന്നു. തുടര്‍ന്ന് സര്‍ക്കാരിന്റെ ഗോള്‍ഡ് മോണിറ്റൈസേഷന്‍ സ്‌കീമിന് കീഴില്‍, ഈ സ്വര്‍ണം ബാങ്കുകളില്‍ നിക്ഷേപിക്കാം. ബാങ്ക് അതിന്റെ കൃത്യമായ അളവും, കാലാവധിയും രേഖപ്പെടുത്തിയ സര്‍ട്ടിഫിക്കറ്റ് നല്‍കും. സ്വകാര്യ പ്ലാറ്റ്ഫോമുകളും സമാനമായ രീതി പിന്തുടരുന്നു. ബാങ്കുകളോ, സ്വകാര്യ ആപ്പുകളോ ഈ സ്വര്‍ണം ഒരുമിച്ച് പൂള്‍ ചെയ്ത് ജുവലറികള്‍ക്ക് ബിസിനസ് ആവശ്യങ്ങള്‍ക്കായി വാടകയ്ക്ക് നല്‍കുന്നു. ഇതില്‍ നിന്നും ലഭിക്കുന്ന വാടകയുടെ ഒരു ഭാഗം നിക്ഷേപകന് പലിശയായി ലഭിക്കും. കാലാവധി പൂര്‍ത്തിയാകുമ്പോള്‍ സ്വര്‍ണമായോ അല്ലെങ്കില്‍ അന്നത്തെ വിപണി വിലയ്ക്കുള്ള പണമായോ തിരികെ കിട്ടും. പദ്ധതി സുരക്ഷിതമാണോ? പ്രധാന റിസ്‌കുകള്‍ അറിയാംഈ പദ്ധതി ബാങ്ക് ഫിക്‌സഡ് ഡിപ്പോസിറ്റുകള്‍ പോലെ പൂര്‍ണ്ണ സുരക്ഷിതമല്ല. കൗണ്ടര്‍പാര്‍ട്ടി ഡിഫോള്‍ട്ട് റിസ്‌ക് ആമ് ഏറ്റവും പ്രധാനം. സ്വര്‍ണം വാടകയ്ക്ക് എടുത്ത ജുവലറിയോ, ഇടനിലക്കാരായ സ്വകാര്യ പ്ലാറ്റ്ഫോമോ തകരുകയോ, സാമ്പത്തിക ബാധ്യതയില്‍ പെടുകയോ ചെയ്താല്‍ നിക്ഷേപകന് സ്വര്‍ണം പൂര്‍ണ്ണമായി നഷ്ടപ്പെടാന്‍ സാധ്യതയുണ്ട്. ബാങ്ക് നിക്ഷേപങ്ങള്‍ക്കുള്ളതുപോലെയുള്ള സര്‍ക്കാര്‍ ഇന്‍ഷുറന്‍സ് പരിരക്ഷ ലീസിംഗിന് ലഭ്യമല്ലെന്നും മനസിലാക്കുക. സ്വകാര്യ ഇന്‍ഷുറന്‍സുകള്‍ ഉണ്ടെങ്കില്‍ തന്നെയും അവയുടെ നിബന്ധനകള്‍ വ്യത്യസ്തമായിരിക്കും. സര്‍ക്കാര്‍ പദ്ധതികളിലൊഴികെ, സ്വകാര്യ പ്ലാറ്റ്ഫോമുകളുടെ ലിസിംഗ് സ്‌കീമുകളുടെ വരുമാനം വിപണിയിലെ ആവശ്യകതയ്ക്കും, സ്വര്‍ണവിലയ്ക്കും അനുസരിച്ച് മാാം.സര്‍ക്കാര്‍ പിന്തുണയുണ്ടോ? കേന്ദ്ര സര്‍ക്കാര്‍ നടപ്പിലാക്കുന്ന ‘ ഗോള്‍ഡ് മോണിറ്റൈസേഷന്‍ സ്‌കീം ‘ വഴി ബാങ്കുകളില്‍ നടത്തുന്ന സ്വര്‍ണ നിക്ഷേപങ്ങള്‍ക്ക് പൂര്‍ണ്ണമായ സുരക്ഷയും, നിയന്ത്രണവുമുണ്ട്. എന്നാല്‍ വിപണിയിലുള്ള പല പുതിയ ഡിജിറ്റല്‍, സ്വകാര്യ ഗോള്‍ഡ് ലീസിംഗ് പ്ലാറ്റ്ഫോമുകള്‍ക്കും ആര്‍ബിഐ, സെബി എന്നിവരുടെ നിയന്ത്രണങ്ങളോ നിക്ഷേപക സംരക്ഷണ നിയമങ്ങളോ ബാധകമല്ല. ഡിജിറ്റല്‍ ഗോള്‍ഡ് ഉല്‍പ്പന്നങ്ങള്‍ സെക്യൂരിറ്റീസുകളുടെ പരിധിയില്‍ വരില്ലെന്ന് സെബി വ്യക്തവുമാക്കിയിട്ടുണ്ട്. സര്‍ക്കാരിന്റെ ഗോള്‍ഡ് മോണിറ്റൈസേഷന്‍ സ്‌കീം വഴിയുള്ള വരുമാനത്തിന് പൂര്‍ണ്ണ നികുതി ഇളവുണ്ട്. എന്നാല്‍ സ്വകാര്യ പ്ലാറ്റ്ഫോമുകളില്‍ നിന്നുള്ള വരുമാനം വ്യക്തിയുടെ ടാക്‌സ് സ്ലാബ് അനുസരിച്ച് നികുതിക്ക് വിധേയമാണ്. ആര്‍ക്കൊക്കെ അനുയോജ്യം? നി്ങ്ങളുടെ കൈവശം 50 ഗ്രാമില്‍ കൂടുതല്‍ സ്വര്‍ണ്ണം ഉണ്ടെങ്കില്‍ ഇത്തരമൊരു സ്‌കീമിനെ പറ്റി ചിന്തിക്കാവുന്നതാണ്. അതേസമയം നിങ്ങള്‍ ഒരു ഇടത്തരം- ദീര്‍ഘകാല നിക്ഷേപം ആഗ്രഹിക്കുന്നവര്‍ ആയിരിക്കണം. സര്‍ക്കാര്‍ പദ്ധതി തെരഞ്ഞെടുക്കാത്ത പക്ഷം ഉയര്‍ന്ന റിസ്‌ക് എടുക്കാന്‍ തയ്യാറായിരിക്കണം. പദ്ധതിക്ക് കീഴില്‍ കൈമാറുന്ന സ്വര്‍ണ്ണം ഉരുക്കും. തുടര്‍ന്ന് കാലാവധിയില്‍ തതുല്യമായ പുതിയ സ്വര്‍ണ്ണമാകും നല്‍കുക. അതിനാല്‍ നിങ്ങള്‍ എന്നെന്നും നിലനിര്‍ത്താന്‍ ആഗ്രഹിക്കുന്ന ആഭരണങ്ങള്‍ പദ്ധതിക്കു കീഴില്‍ കൈമാറരുത്. അതേസമയം നിങ്ങളുടെ കൈയ്യില്‍ പഴയ സ്വര്‍ണ്ണം, പ്രത്യേകിച്ച് ഹാള്‍മാര്‍ക്ക് ചെയ്യാത്തതും, കേടുപാടുകള്‍ സംഭവിച്ചതുമായവ ഉണ്ടെങ്കില്‍ സ്‌കീം വളരെ നേട്ടമാകും. വര്‍ഷങ്ങളായി സ്വര്‍ണ്ണം വലിയ വാടക നല്‍കി ബാങ്ക് ലോക്കറുകളിലും മറ്റും സൂക്ഷിക്കുന്നവര്‍ക്കും പദ്ധതി നേട്ടമാണ്.


Source link

Back to top button