ഐശ്വര്യ റായിയുടെ ഡയറ്റ് പ്ലാൻ: ആരാധകരെ അമ്പരപ്പിച്ച രഹസ്യം ഇതൊക്കെയോ?

ലോകമെമ്പാടുമുള്ള ആരാധകർ എന്നും അത്ഭുതത്തോടെ നോക്കുന്ന ഒന്നാണ് ഐശ്വര്യ റായി ബച്ചന്റെ നിത്യയൗവനവും ഫിറ്റ്നസും. കടുപ്പമേറിയ ഡയറ്റുകളോ ഭക്ഷണനിയന്ത്രണങ്ങളോ അല്ല, മറിച്ച് വളരെ ലളിതമായ നാടൻ ഭക്ഷണരീതിയാണ് ഈ താരസുന്ദരി തന്റെ ആരോഗ്യത്തിനായി സ്വീകരിക്കുന്നത്. ഐശ്വര്യയുടെ ഈ ആരോഗ്യരഹസ്യം ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഏറെ ശ്രദ്ധ നേടുകയാണ്. സാധാരണക്കാരിൽ പോലും അമ്പരപ്പുണ്ടാക്കുന്ന രീതിയിൽ വളരെ ലളിതമാണ് ഐശ്വര്യയുടെ ഭക്ഷണക്രമം.
ദിനചര്യകൾ ആരംഭിക്കുന്നത് തന്നെ ആരോഗ്യകരമായ ഒരു ശീലത്തോടെയാണ്. രാവിലെ എഴുന്നേറ്റ ശേഷം തേനും നാരങ്ങാനീരും കലർത്തിയ ഇളം ചൂടുവെള്ളം കുടിക്കുന്നത് താരത്തിന്റെ ശീലമാണ്. പ്രഭാതഭക്ഷണം ഒരു കാരണവശാലും ഒഴിവാക്കാത്ത ഐശ്വര്യ, പോഷകഗുണങ്ങൾ ഒത്തിണങ്ങിയ ഓട്സും ബ്രൗൺ ബ്രെഡുമാണ് രാവിലെ ഭക്ഷണമായി തിരഞ്ഞെടുക്കുന്നത്.
ഉച്ചഭക്ഷണത്തിൽ എണ്ണയിൽ വറുത്തതും പൊരിച്ചതുമായ വിഭവങ്ങളെ ഐശ്വര്യ പൂർണ്ണമായും ഒഴിവാക്കുന്നു. പകരം വീട്ടിൽ പാകം ചെയ്ത പരിപ്പ് കറികളും ചപ്പാത്തിയും ഒപ്പം വേവിച്ച പച്ചക്കറികളുമാണ് താരം കഴിക്കാറുള്ളത്. വയറു നിറയെ ഒന്നിച്ച് കഴിക്കുന്നതിന് പകരം, കൃത്യമായ ഇടവേളകളിൽ കുറേശ്ശെയായി ഭക്ഷണം കഴിക്കുന്ന രീതിയാണ് താരം പിന്തുടരുന്നത്. അത്താഴം വളരെ ലളിതമാക്കാൻ ശ്രദ്ധിക്കുന്ന ഐശ്വര്യ, ബ്രൗൺ റൈസിനൊപ്പം ഗ്രിൽ ചെയ്ത മീൻ ഉൾപ്പെടുത്താനാണ് താൽപ്പര്യപ്പെടുന്നത്.
ഇടവേളകളിൽ വിശപ്പ് അനുഭവപ്പെടുമ്പോൾ ജങ്ക് ഫുഡുകൾക്ക് പകരം സീസണൽ പഴങ്ങളും ഡ്രൈ ഫ്രൂട്ട്സുമാണ് ഐശ്വര്യ കഴിക്കുന്നത്. കൊഴുപ്പ് കൂടിയ ഭക്ഷണങ്ങളോട് വിടപറഞ്ഞ്, ധാരാളം വെള്ളവും ഫ്രഷ് ജ്യൂസുകളും കുടിച്ച് ശരീരം എപ്പോഴും ജലാംശം നിലനിർത്താൻ താരം ശ്രദ്ധിക്കുന്നു. ഭക്ഷണക്രമത്തിന് പുറമെ കഠിനമായ ജിം വർക്കൗട്ടുകളെക്കാൾ യോഗയ്ക്കാണ് താരം മുൻഗണന നൽകുന്നത്. പവർ യോഗയും നടക്കാനും ജോഗിംഗിനുമുള്ള സമയം കണ്ടെത്തുന്നതുമെല്ലാം ഐശ്വര്യയുടെ സൗന്ദര്യത്തിന്റെ അടിത്തറയാണ്. ചിട്ടയായ ഭക്ഷണശീലവും കൃത്യമായ ജീവിതചര്യയുമാണ് ഐശ്വര്യയുടെ തിളങ്ങുന്ന ആരോഗ്യത്തിന്റെയും യുവത്വത്തിന്റെയും പ്രധാന ചാലകശക്തി.




