അരിവില നിയന്ത്രണം: 27 രൂപ നിരക്കിൽ അടുത്ത മാസം മുതൽ സ്പെഷ്യൽ അരി വിതരണം

തിരുവനന്തപുരം ∙ സംസ്ഥാനത്തെ പൊതുവിപണിയിൽ അരി അടക്കമുള്ള ഭക്ഷ്യവസ്തുക്കളുടെ വിലക്കയറ്റം തടയാനും അവ റേഷൻ കടകൾ മുഖേന കുറഞ്ഞ നിരക്കിൽ ലഭ്യമാക്കാനും ലക്ഷ്യമിട്ട് സർക്കാർ സ്ഥിരം വിലസ്ഥിരതാ പദ്ധതിക്ക് ഔദ്യോഗികമായി തുടക്കം കുറിച്ചു. ഇതിനായി ദേശീയ ഭക്ഷ്യഭദ്രതാ നിയമത്തിന്റെ അടിസ്ഥാനത്തിൽ പ്രത്യേക വിജ്ഞാപനവും പുറത്തിറക്കി. കേരളത്തിൽ ഇതാദ്യമായാണ് ഇത്തരമൊരു സുപ്രധാന നടപടി സ്വീകരിക്കുന്നത്.
ഭക്ഷ്യ കോർപറേഷൻ ഓഫ് ഇന്ത്യയുടെ (എഫ്സിഐ) ഓപ്പൺ മാർക്കറ്റ് സെയിൽസ് സ്കീം (ഒഎംഎസ്എസ്) പ്രകാരം, ഇ-ലേല നടപടികളില്ലാതെ തന്നെ നേരിട്ടുള്ള സംഭരണം നടത്താൻ ഈ പദ്ധതിയിലൂടെ സർക്കാരിന് സാധിക്കും. ഇതിന്റെ ഭാഗമായി എല്ലാ റേഷൻ കാർഡ് ഉടമകൾക്കും മാസം തോറും പരമാവധി 15 കിലോഗ്രാം ധാന്യം വീതം ലഭ്യമാക്കാൻ കഴിയും. സംഭരണ വിലയോടൊപ്പം കൈകാര്യച്ചെലവുകൾ മാത്രം കൂട്ടിച്ചേർത്ത്, യാതൊരു ലാഭവിഹിതവുമില്ലാതെയാകും ഉപഭോക്താക്കൾക്ക് ഈ ധാന്യങ്ങൾ വിതരണം ചെയ്യുക.
വിലസ്ഥിരതാ പദ്ധതിയുടെ ഭാഗമായി പുറത്തിറക്കിയ വിജ്ഞാപനത്തിന്റെ പിൻബലത്തിലാണ് അരി സംഭരിക്കുന്നതിനുള്ള അനുമതി ലഭിച്ചിരിക്കുന്നത്. നേരത്തെ ഓണത്തോടനുബന്ധിച്ച് വെള്ള, നീല, ബ്രൗൺ കാർഡ് ഉടമകൾക്ക് 10 കിലോഗ്രാം വീതം അരി പ്രത്യേകമായി വിതരണം ചെയ്തിരുന്നു. ഇതിന്റെ തുടർച്ചയെന്നോണമാണ് ഇപ്പോൾ സ്ഥിരം സംവിധാനം സർക്കാർ ഒരുക്കുന്നത്.




