HEALTH

എസ്.എം.എ രോഗികൾക്ക് പ്രായപരിധിയില്ലാതെ സൗജന്യ ചികിത്സ ഉറപ്പാക്കി സർക്കാർ

തിരുവനന്തപുരം: സംസ്ഥാനത്ത് എസ്.എം.എ (SMA) ബാധിച്ച എല്ലാ രോഗികൾക്കും പ്രായഭേദമന്യേ സൗജന്യമായി മരുന്നുകൾ ലഭ്യമാക്കുന്നതിന് സർക്കാർ തത്വത്തിൽ തീരുമാനമെടുത്തതായി ആരോഗ്യമന്ത്രി കെ. മുരളീധരൻ അറിയിച്ചു. സ്വകാര്യ ചാനൽ ചർച്ചയിലാണ് മന്ത്രി ഇക്കാര്യം പങ്കുവെച്ചത്. നിലവിൽ പന്ത്രണ്ട് വയസ്സിന് താഴെയുള്ള കുട്ടികൾക്ക് മാത്രമാണ് ഈ ആനുകൂല്യം ലഭിക്കുന്നത്. കൂടാതെ, ആരോഗ്യമേഖലയിലെ ചൂഷണങ്ങളും സ്വകാര്യ ആശുപത്രികളിലെ അമിത ഫീസ് ഈടാക്കലും തടയാൻ ലക്ഷ്യമിട്ടുള്ള ബിൽ വരാനിരിക്കുന്ന ബജറ്റ് സമ്മേളനത്തിൽ സഭയിൽ അവതരിപ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എബോള ബാധ റിപ്പോർട്ട് ചെയ്യപ്പെട്ട രാജ്യങ്ങളിൽനിന്ന് എത്തുന്ന യാത്രക്കാരെ വിമാനത്താവളങ്ങളിൽ വെച്ചുതന്നെ നേരിട്ട് ഐസൊലേഷൻ കേന്ദ്രങ്ങളിലേക്ക് മാറ്റും. ഇവർക്ക് രോഗബാധയില്ലെന്ന് കൃത്യമായി ബോധ്യപ്പെട്ടാൽ മാത്രമേ പിന്നീട് പുറത്തിറങ്ങാൻ അനുവദിക്കുകയുള്ളൂവെന്നും മന്ത്രി വ്യക്തമാക്കി.

കോഴിക്കോട്ടെ എസ്.എം.എ ബാധിതരായ കുട്ടികളുടെ ചികിത്സയുമായി ബന്ധപ്പെട്ട് നടത്തുന്ന ധനസമാഹരണ ക്യാമ്പയിനുകളെച്ചൊല്ലി ഉണ്ടായ വിവാദങ്ങളിൽ മന്ത്രി വിശദീകരണം നൽകി. മാധ്യമങ്ങൾ കൃത്യമായ ചികിത്സാരീതിയെക്കുറിച്ച് പരാമർശിക്കാതെ ചോദ്യങ്ങൾ ഉന്നയിച്ചതാണ് ആശയക്കുഴപ്പത്തിന് വഴിയൊരുക്കിയത്. എസ്.എം.എ രോഗികൾക്കായി നിലവിൽ സർക്കാർ സൗജന്യമായി നൽകുന്ന ഒരേയൊരു മരുന്ന് ‘റിസ്ഡിപ്ലാം’ മാത്രമാണ്. ഏത് ചികിത്സയ്ക്കാണ് പണം പിരിക്കുന്നതെന്ന് വ്യക്തമല്ലാത്തതിനാലാണ് സർക്കാർ നൽകുന്ന ഈ മരുന്നിനെക്കുറിച്ച് പരാമർശിക്കേണ്ടി വന്നത്. എന്നാൽ പിന്നീട് നടന്ന ക്യാമ്പയിൻ ജീൻ തെറാപ്പിക്ക് വേണ്ടിയുള്ളതാണെന്ന് വ്യക്തമായി. ജീൻ തെറാപ്പി നിലവിൽ സർക്കാരിന്റെ ചികിത്സാ പദ്ധതിയിലില്ലെങ്കിലും, പുതിയ ഏത് ചികിത്സാ മാർഗ്ഗത്തിലൂടെയും കുട്ടികൾക്ക് ജീവിതത്തിലേക്ക് തിരികെ വരാൻ സാധിക്കുമെങ്കിൽ അതിനെ സന്തോഷത്തോടെയാണ് കാണുന്നതെന്ന് മന്ത്രി പറഞ്ഞു. ഇത്തരം ശ്രമങ്ങൾ വ്യക്തിപരമായി തനിക്ക് വലിയ സംതൃപ്തി നൽകുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ദുരന്തമുഖങ്ങളിൽ ജാതിയും മതവും മറന്ന് ഒറ്റക്കെട്ടായി സഹായവുമായി എത്തുന്ന മലയാളി സമൂഹത്തിന്റെ കാരുണ്യം എസ്.എം.എ ബാധിതരായ കുട്ടികളുടെ കാര്യത്തിലും കാണാൻ സാധിക്കുന്നത് അഭിമാനകരമാണെന്നും മന്ത്രി കെ. മുരളീധരൻ അഭിപ്രായപ്പെട്ടു.

Life Style ⏭️

Back to top button