വാട്സാപ് വെബ് സുരക്ഷ: ഹാക്കിങ് തടയാനും അക്കൗണ്ട് സംരക്ഷിക്കാനും ചെയ്യേണ്ട കാര്യങ്ങൾ

“ഓരോ തവണ ഉപയോഗിച്ച ശേഷവും ലോഗ് ഔട്ട് ചെയ്യാൻ മറക്കരുത്. നിങ്ങളുടെ ഡിജിറ്റൽ സുരക്ഷ ഉറപ്പാക്കുന്നതിൽ അതീവ ജാഗ്രത പുലർത്തുക.” – കേന്ദ്ര ആഭ്യന്തര മന്ത്രാലയം അടുത്തിടെ പുറപ്പെടുവിച്ച നിർണായകമായ മുന്നറിയിപ്പുകളിൽ പ്രധാനം ഇതായിരുന്നു. ഇന്നത്തെ കാലത്ത് ഔദ്യോഗികവും വ്യക്തിപരവുമായ ആവശ്യങ്ങൾക്കായി വാട്സാപ് വെബിനെ ആശ്രയിക്കാത്തവർ ചുരുക്കമാണ്. ജോലി സംബന്ധമായ സുപ്രധാനവും രഹസ്യസ്വഭാവമുള്ളതുമായ വിവരങ്ങൾ കൈമാറാൻ പലരും അനായാസം വാട്സാപ് വെബ് ഉപയോഗിക്കുന്നുണ്ട്. എന്നാൽ, ഈ രീതി വലിയ സുരക്ഷാ ഭീഷണികൾക്ക് വഴിയൊരുക്കുമെന്നാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം നൽകുന്ന താക്കീത്.
വാട്സാപ് വെബ് ഉപയോഗിക്കുമ്പോൾ സൈബർ തട്ടിപ്പുകൾക്ക് ഇരയാകാനുള്ള സാധ്യതയുണ്ടെന്ന് സുരക്ഷാ ഏജൻസികളും ഇതിനോടകം മുന്നറിയിപ്പ് നൽകിക്കഴിഞ്ഞു. വാട്സാപ് സംവിധാനം തന്നെ സുരക്ഷിതമാണെന്നിരിക്കെ, എന്തുകൊണ്ടാണ് വാട്സാപ് വെബ് മാത്രം അപകടസാധ്യതയുള്ളതായി മാറുന്നത്? എൻഡ്-ടു-എൻഡ് എൻക്രിപ്ഷൻ സുരക്ഷയുണ്ടായിട്ടും വാട്സാപ് വെബ് എങ്ങനെയാണ് ഉപയോക്താക്കളെ വെട്ടിലാക്കുന്നത്? ഡിജിറ്റൽ സുരക്ഷയ്ക്കായി നാം എന്തെല്ലാം കരുതലുകൾ സ്വീകരിക്കണം? വിശദമായി പരിശോധിക്കാം.
ഓഫിസുകളിലെ കംപ്യൂട്ടറുകളിലോ മറ്റുള്ളവരുമായി പങ്കിട്ടു ഉപയോഗിക്കുന്ന കംപ്യൂട്ടറുകളിലോ വാട്സാപ് വെബ് ലോഗിൻ ചെയ്യുന്നവർക്കാണ് പ്രധാനമായും ഈ നിർദേശങ്ങൾ നൽകിയിട്ടുള്ളത്. എങ്കിലും, ഏതെങ്കിലും പ്രത്യേക സൈബർ ആക്രമണത്തെക്കുറിച്ചോ, ഈ സുരക്ഷാ വീഴ്ച വഴി എത്രപേർക്ക് തങ്ങളുടെ സ്വകാര്യ വിവരങ്ങൾ നഷ്ടമായി എന്നതിനെക്കുറിച്ചോ ഐ4സി (I4C) നൽകിയ മുന്നറിയിപ്പിൽ വ്യക്തമാക്കുന്നില്ല.




