ഐടി മേഖലയിൽ വൻ പിരിച്ചുവിടൽ: 10,000 പേർക്ക് തൊഴിൽ നഷ്ടപ്പെടും, ആശങ്കയായി നിർമിതബുദ്ധി

യൂറോപ്പിലെ പ്രമുഖ ഐടി കമ്പനിയായ എസ്എപി (SAP), പത്തായിരം ജീവനക്കാരെ പിരിച്ചുവിടാൻ പദ്ധതിയിടുന്നതായി റിപ്പോർട്ടുകൾ. ജർമൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഈ സാങ്കേതികവിദ്യ ഭീമന്റെ ഈ തീരുമാനം ആഗോളതലത്തിൽ വലിയ ആശങ്കയാണ് ഉയർത്തിയിരിക്കുന്നത്. ജർമനിക്ക് പുറത്ത് കമ്പനിയുടെ ഏറ്റവും പ്രധാനപ്പെട്ട ഗവേഷണ-വികസന (ആർ ആൻഡ് ഡി) കേന്ദ്രം പ്രവർത്തിക്കുന്നത് ബെംഗളൂരുവിലാണ്. മലയാളികൾ ഉൾപ്പെടെ ഇന്ത്യയിൽ മാത്രം 17,433 ജീവനക്കാരുള്ളതിനാൽ, ഇന്ത്യയിലെ ഐടി മേഖലയിലും ഈ വാർത്ത വലിയ ചർച്ചയാവുകയാണ്.
കമ്പനിയുടെ ആകെ ജീവനക്കാരുടെ എണ്ണം 1.10 ലക്ഷമാണ്. ഇതിൽ ഏകദേശം 9 ശതമാനം പേർക്ക് തൊഴിൽ നഷ്ടപ്പെടും. നിർമിതബുദ്ധി അഥവാ എഐ (AI) സാങ്കേതികവിദ്യയിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കാനും നിക്ഷേപം നടത്താനും ലക്ഷ്യമിട്ടാണ് ഇത്തരമൊരു കടുത്ത തീരുമാനത്തിലേക്ക് കമ്പനി എത്തുന്നതെന്ന് ബ്ലൂംബെർഗ് റിപ്പോർട്ട് ചെയ്യുന്നു. ഏതൊക്കെ വിഭാഗങ്ങളിൽ നിന്നാണ് ജീവനക്കാരെ കുറയ്ക്കുക എന്നതിൽ ഇതുവരെ വ്യക്തത വന്നിട്ടില്ല. ഓരോ വിഭാഗങ്ങളിലെയും അധികമുള്ള ജീവനക്കാരുടെ കണക്കുകൾ നൽകാൻ മാനേജ്മെന്റ് അതത് ഡിപ്പാർട്ട്മെന്റ് തലവൻമാർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.
വാർഷിക പ്രവർത്തനഫലങ്ങൾ പുറത്തുവിടുമ്പോൾ ജനുവരി മാസത്തോടെയാണ് എസ്എപി ഇത്തരം പുനഃക്രമീകരണ നടപടികൾ പ്രഖ്യാപിക്കാറുള്ളത്. 2024-ലും സമാനമായ രീതിയിൽ വലിയ തോതിലുള്ള പിരിച്ചുവിടലുകൾ ഉണ്ടായിരുന്നു. 2027 ജനുവരിയോടെയായിരിക്കും പുതിയ വെട്ടിക്കുറയ്ക്കൽ സംബന്ധിച്ച അന്തിമ പ്രഖ്യാപനമുണ്ടാകുക. ഏതെല്ലാം രാജ്യങ്ങളെയായിരിക്കും ഈ നടപടി ബാധിക്കുക എന്നത് അപ്പോൾ മാത്രമാകും അറിയാൻ സാധിക്കുക. പ്രത്യേകിച്ച് സെയിൽസ്, പ്രോഡക്റ്റ് ആൻഡ് എൻജിനീയറിങ് ടീമുകളിൽ ജോലി ചെയ്യുന്നവർ വലിയ ആശങ്കയിലാണ്.
പിരിച്ചുവിടപ്പെടുന്നവർക്ക് മതിയായ നഷ്ടപരിഹാര പാക്കേജ് ലഭിക്കുമോ എന്ന കാര്യത്തിൽ നിലവിൽ ഔദ്യോഗിക വിവരങ്ങളൊന്നുമില്ല. കഴിഞ്ഞ വർഷം 10,000 പേരെ ഒഴിവാക്കിയപ്പോൾ 330 കോടി ഡോളറിന്റെ പാക്കേജ് കമ്പനി അനുവദിച്ചിരുന്നു. അതേസമയം, ഇക്കാര്യത്തിൽ എസ്എപി ഇതുവരെ ഔദ്യോഗികമായ പ്രതികരണം നടത്തിയിട്ടില്ല. ജർമനിയിലെ ജീവനക്കാർക്ക് 2028 വരെ ജോലി ഉറപ്പുനൽകിയിട്ടുള്ളതിനാൽ (Employment Guarantee), പിരിച്ചുവിടൽ നടപടികൾ എങ്ങനെ നടപ്പിലാക്കും എന്നത് ആശയക്കുഴപ്പം സൃഷ്ടിക്കുന്നുണ്ട്.




