NEWS

തിരുപ്പതി ക്ഷേത്രത്തിന് ചെന്നൈ വ്യവസായിയുടെ 208 കോടി രൂപയുടെ സ്വർണ-വജ്ര സമർപ്പണം

വിജയവാഡ: പ്രശസ്ത വ്യവസായി വർധമാൻ ജെയിനും പത്നി രാധികയും ചേർന്ന് തിരുപ്പതി തിരുമല വെങ്കിടേശ്വര സ്വാമിക്ക് 121 കിലോ സ്വർണാഭരണങ്ങൾ വഴിപാടായി സമർപ്പിച്ചു. സ്വർണ്ണവും വജ്രങ്ങളും പതിപ്പിച്ച ഈ ആഭരണങ്ങൾക്ക് 208 കോടി രൂപയിലധികം വിലമതിക്കുമെന്നാണ് കണക്കാക്കുന്നത്. ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി എൻ. ചന്ദ്രബാബു നായിഡുവിന്റെ സാന്നിധ്യത്തിലായിരുന്നു ഈ അമൂല്യ സമർപ്പണം. തിരുമല ക്ഷേത്രത്തിന്റെ ചരിത്രത്തിൽ ഇത്രയും വലിയ തുകയുടെ കാണിക്ക ലഭിക്കുന്നത് ആദ്യമായാണെന്ന് ദേവസ്വം അധികൃതർ വ്യക്തമാക്കി.

ആക്സസ് ഹെൽത്ത്‌കെയറിന്റെ സ്ഥാപകനും വൈസ് ചെയർമാനുമായ വർധമാൻ ജെയിൻ 2019 മുതൽ തിരുമല ക്ഷേത്രത്തിന് വൻതോതിൽ സംഭാവനകൾ നൽകിവരുന്ന വ്യക്തിയാണ്. ഇതിനു മുൻപും അദ്ദേഹം ക്ഷേത്രത്തിന്റെ വികസന പ്രവർത്തനങ്ങൾക്കായി പല സഹായങ്ങളും ചെയ്തിട്ടുണ്ട്. കഴിഞ്ഞ മേയ് മാസത്തിൽ ഇലക്ട്രിക് ബസുകൾ നൽകിയതിനൊപ്പം വെങ്കിടേശ്വര ഭക്തി ചാനലിന്റെ പ്രവർത്തനങ്ങൾക്കായി ഏഴ് കോടി രൂപയും അദ്ദേഹം സംഭാവനയായി നൽകിയിരുന്നു. കൂടാതെ, അഞ്ച് കോടി രൂപ ചെലവിൽ ക്ഷേത്രത്തിലെ ഗോശാലയിൽ അത്യാധുനിക കാലിത്തീറ്റ മിക്സിങ് പ്ലാന്റ് നിർമ്മിച്ചതും, കാണിക്കയായി ലഭിക്കുന്ന നാണയങ്ങൾ വേർതിരിച്ചെടുക്കുന്നതിനായി ഒരു കോടി രൂപയുടെ യന്ത്രസംവിധാനം സജ്ജമാക്കിയതും ഇദ്ദേഹമാണ്.

Fashion ⏭️

Back to top button