മൈക്രോ ഫിനാൻസ് തട്ടിപ്പ് കേസ്: പൊലീസിന്റെ പ്രവർത്തനത്തിൽ രൂക്ഷവിമർശനവുമായി ഹൈക്കോടതി

കൊച്ചി∙ എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ ഉൾപ്പെടെയുള്ളവർ പ്രതിസ്ഥാനത്തുള്ള മൈക്രോഫിനാൻസ് തട്ടിപ്പ് കേസിൽ വിജിലൻസിനും ആഭ്യന്തര വകുപ്പിനും നേരെ ഹൈക്കോടതിയുടെ രൂക്ഷ വിമർശനം. എട്ടു കേസുകളിലെ അന്വേഷണം പൂർത്തിയായെന്ന് നേരത്തെ വ്യക്തമാക്കിയിട്ടും, ഇതിൽ ഒരെണ്ണത്തിൽ മാത്രമാണ് അന്തിമ റിപ്പോർട്ട് സമർപ്പിക്കാൻ അധികൃതർ തയ്യാറായതെന്ന കാര്യത്തിൽ ജസ്റ്റിസ് എ. ബദറുദ്ദീൻ കടുത്ത അതൃപ്തി പ്രകടിപ്പിച്ചു. കോടതിയുടെ നിർദ്ദേശങ്ങളെ അവഗണിച്ചുകൊണ്ട് ബാക്കി ഏഴ് കേസുകളിലും അന്തിമ റിപ്പോർട്ട് സമർപ്പിക്കാൻ വൈകുന്നത് നിയമവിരുദ്ധമാണെന്ന് കോടതി ചൂണ്ടിക്കാട്ടി. ഈ സാഹചര്യത്തിൽ, അന്വേഷണ ഉദ്യോഗസ്ഥൻ നാളെ നേരിട്ട് കോടതിയിൽ ഹാജരായി മറുപടി പറയണമെന്നും, വീഴ്ച വരുത്തിയതിന് സത്യവാങ്മൂലം സമർപ്പിക്കണമെന്നും ഉത്തരവിൽ വ്യക്തമാക്കി.
മൈക്രോഫിനാൻസ് ക്രമക്കേടുകൾ അന്വേഷിക്കാൻ പ്രത്യേക സംഘത്തെ നിയമിക്കണമെന്ന ആവശ്യമുയർത്തിയുള്ള ഹർജികളും, അന്വേഷണ നടപടികൾ ഊർജ്ജിതമാക്കണമെന്നാവശ്യപ്പെട്ട് മാരാരിക്കുളം സ്വദേശി എം.എസ്. അനിൽ നൽകിയ ഉപഹർജിയും പരിഗണിക്കുന്നതിനിടെയാണ് കോടതിയുടെ ഭാഗത്തുനിന്നും ശക്തമായ നിരീക്ഷണങ്ങൾ ഉണ്ടായത്. പണവും അധികാരവുമുള്ളവരാണ് പ്രതികളെങ്കിൽ അവർക്കെതിരെ നടപടിയെടുക്കാൻ കോടതി തന്നെ ഇടപെടേണ്ടി വരുന്നുവെന്നും, സാധാരണക്കാരുടെ കാര്യമാണെങ്കിൽ പൊലീസ് ഉടൻ തന്നെ കസ്റ്റഡിയിലെടുക്കുമെന്നും കോടതി ഓർമ്മിപ്പിച്ചു. എല്ലാ വിഷയങ്ങളിലും കോടതി നിർദ്ദേശങ്ങൾക്കായി കാത്തിരിക്കുകയാണെങ്കിൽ പിന്നെ പൊലീസിന്റെ പ്രസക്തി എന്താണെന്ന് ആരാഞ്ഞ കോടതി, ഉദ്യോഗസ്ഥർ കോടതി ഉത്തരവുകളെ പുച്ഛിച്ചു തള്ളുകയാണോ എന്നും, വിജിലൻസും ആഭ്യന്തര വകുപ്പും എന്ത് പ്രവർത്തനമാണ് കാഴ്ചവെക്കുന്നതെന്നും കടുത്ത ഭാഷയിൽ ചോദ്യം ചെയ്തു.




