NEWS

അഖിലിനെ ഒഴിവാക്കി ഷാഫി പറമ്പിലിനെ സ്ഥാനാർത്ഥിയാക്കിയത് എന്ത് യോഗ്യത മുൻനിർത്തി; ചോദ്യമുയർത്തി രാജ്മോഹൻ ഉണ്ണിത്താൻ്റെ മകൻ

കോട്ടയം∙ ഷാഫി പറമ്പിലിനെതിരെയുള്ള വാക്‌പോരുകൾക്ക് കോൺഗ്രസിൽ തൽക്കാലത്തേക്ക് അറുതി വന്നെങ്കിലും, രാജ്‌മോഹൻ ഉണ്ണിത്താനു പിന്നാലെ മകൻ അമൽ ഉണ്ണിത്താനും വിമർശനങ്ങളുമായി രംഗത്തെത്തി. യൂത്ത് കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് ഉമ്മൻ ചാണ്ടി മുൻഗണന നൽകിയ ജെ.എസ്. അഖിലിനെ തഴഞ്ഞ് രാഹുൽ മാങ്കൂട്ടത്തിലിനെ അവരോധിച്ച നടപടിക്കെതിരെയാണ് അമലിന്റെ രൂക്ഷമായ ഫേസ്ബുക്ക് കുറിപ്പ്. ഈ അട്ടിമറിക്ക് പിന്നിൽ പ്രവർത്തിച്ച ഉന്നതരെ കേരളം തിരിച്ചറിയണമെന്നും അമൽ തന്റെ പോസ്റ്റിലൂടെ ആവശ്യപ്പെടുന്നു.

അമൽ ഉണ്ണിത്താന്റെ ഫേസ്ബുക്ക് പോസ്റ്റിലെ പ്രസക്തഭാഗം ഇങ്ങനെ: ‘‘ജെ.എസ്. അഖിലിന്റെ പേര് മാറ്റി പകരം ഒരു ‘സകലകലാവല്ലഭനെ’ യൂത്ത് കോൺഗ്രസ് തലപ്പത്ത് പ്രതിഷ്ഠിച്ച ആ മഹാന്മാരോട് എനിക്ക് ഒരു ചോദ്യമുണ്ട്. അഖിൽ ചിലർക്ക് അയോഗ്യനായെങ്കിൽ, പിന്നീട് നിങ്ങൾ തിരഞ്ഞെടുത്ത ആ മഹാപ്രതിഭയുടെ യോഗ്യത എന്തായിരുന്നു? തീരുമാനം മാറ്റാനുള്ള ആർജ്ജവം കാണിച്ചവർ, അതിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കാനും തയാറാകണം. ഇനി ഒളിച്ചിരിക്കാതെ ആ തീരുമാനമെടുത്തവർ പുറത്തുവരണം.’’

നേതാക്കൾ പരസ്യപോരുകളുമായി സജീവമായ ചൊവ്വാഴ്ച തന്നെ, സംഭവത്തിൽ അതൃപ്തി രേഖപ്പെടുത്തി ദീപ ദാസ്മുൻഷി കെപിസിസി നേതൃത്വത്തെ അതറിയിച്ചിരുന്നു. ഒരു എംപിയെ സഹപ്രവർത്തകൻ തന്നെ പരസ്യമായി അധിക്ഷേപിച്ചതിനെ അതീവ ഗൗരവത്തോടെയാണ് എഐസിസി നോക്കിക്കാണുന്നത്. ഇക്കാര്യത്തിൽ അച്ചടക്ക നടപടികൾ ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് എ ഗ്രൂപ്പ്. എങ്കിലും, അമൽ ഉണ്ണിത്താന്റെയും കുടുംബത്തിന്റെയും വിമർശനങ്ങൾക്ക് മറുപടി നൽകാൻ എ വിഭാഗം നേതാക്കൾക്ക് പരിമിതികളുണ്ട്. ഉമ്മൻ ചാണ്ടിയുടെ കുടുംബം നേരിട്ട് ഉണ്ണിത്താനെ പിന്തുണയ്ക്കുകയും ഷാഫിയുടെ നിലപാടുകളെ തള്ളിപ്പറയുകയും ചെയ്ത സാഹചര്യത്തിൽ, കൂടുതൽ പ്രതികരണങ്ങൾക്ക് മുതിരാതെ സംയമനം പാലിക്കാനാണ് ഇവരുടെ തീരുമാനം.

Fashion ⏭️

Back to top button