ഭർത്താവിനെ കൊലപ്പെടുത്താൻ ഭാര്യയുടെ വിഷപ്രയോഗം: ലക്ഷ്യം എട്ടു കോടിയുടെ സ്വത്തും ഇൻഷുറൻസും

ഗാസിയാബാദ്: തുടർച്ചയായുണ്ടാകുന്ന അസുഖങ്ങളെത്തുടർന്ന് വ്യവസായി നടത്തിയ ആരോഗ്യപരിശോധനയുടെ ഫലം പുറത്തുവന്നതോടെ പുറത്തായത് ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ. തന്റെ ഭർത്താവിനെ വിഷം നൽകി സാവധാനം കൊലപ്പെടുത്താൻ ശ്രമിച്ചത് സാക്ഷാൽ ഭാര്യയാണെന്ന വിവരമാണ് പൊലീസിനെപ്പോലും അമ്പരപ്പിച്ചത്. ഭർത്താവിനെ കൂടാതെ സ്വന്തം മകനെയും അനന്തരവനെയും ഇതേ രീതിയിൽ ഇല്ലാതാക്കാൻ ഇവർ പദ്ധതിയിട്ടിരുന്നു. ആറു കോടി രൂപയുടെ ട്രാവൽ ഏജൻസിയും രണ്ടു കോടി രൂപയുടെ ഇൻഷുറൻസ് തുകയും കൈക്കലാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ കൊടുംക്രൂരത നടത്തിയത്. ഇതിനായി പ്രതി തിരഞ്ഞെടുത്തത് ‘ഈയം’ കലർത്തിയ വിഷമായിരുന്നു. സംഭവത്തിൽ കേസെടുത്ത ഇന്ദിരാപുരം പൊലീസ് ഭാരതീയ ന്യായ സംഹിതയിലെ വിവിധ വകുപ്പുകൾ പ്രകാരം രേണു ഭട്നാഗറിനെ കസ്റ്റഡിയിലെടുത്തു. ഉത്തർപ്രദേശിലെ ഗാസിയാബാദിലാണ് ഈ സംഭവം അരങ്ങേറിയത്.
ഇന്ദിരാപുരം പൊലീസ് സ്റ്റേഷന് കീഴിലുള്ള വസുന്ധരയിൽ താമസിക്കുന്ന സുശീൽ കുമാർ ഭട്നാഗറിന് ഇടയ്ക്കിടെയുണ്ടാകുന്ന ശാരീരിക അസ്വസ്ഥതകളാണ് സംഭവങ്ങളുടെ തുടക്കം. ഇതിന് പിന്നാലെ സുശീലിന്റെ മകനും അനന്തരവനും സമാനമായ ആരോഗ്യപ്രശ്നങ്ങൾ അനുഭവപ്പെടാൻ തുടങ്ങിയതോടെ കുടുംബാംഗങ്ങൾ ആശങ്കയിലായി. തങ്ങളുടെ ആരോഗ്യസ്ഥിതി പെട്ടെന്ന് വഷളായതിൽ സംശയം തോന്നിയ സുശീൽ വിശദമായ മെഡിക്കൽ പരിശോധനയ്ക്ക് തയ്യാറായി. പരിശോധനാ റിപ്പോർട്ട് വന്നപ്പോൾ സുശീലിന്റെ ശരീരത്തിൽ അപകടകരമായ നിലയിൽ ഈയത്തിന്റെ സാന്നിധ്യം കണ്ടെത്തിയത് കുടുംബത്തെ ഒന്നടങ്കം നടുക്കി.




