കേന്ദ്ര സാമ്പത്തിക നിയന്ത്രണം: ഫണ്ട് ലഭ്യമാക്കാൻ എംപിമാരുടെ കൂട്ടായ ഇടപെടൽ അനിവാര്യം

തിരുവനന്തപുരം∙ കേന്ദ്രത്തിന്റെ സാമ്പത്തിക നിയന്ത്രണങ്ങൾ കേരളത്തെ കടുത്ത പ്രതിസന്ധിയിലേക്ക് തള്ളിയിടുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കി. പതിനഞ്ചാം ധനകാര്യ കമ്മിഷന്റെ കാലയളവിൽ ലഭിച്ചിരുന്ന 55,000 കോടി രൂപയുടെ റവന്യൂ ഡെഫിസിറ്റ് ഗ്രാന്റ് പൂർണ്ണമായും നിർത്തലാക്കിയത് സംസ്ഥാനത്തിന്റെ സാമ്പത്തിക അടിത്തറയെ സാരമായി ബാധിച്ചുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. വരാനിരിക്കുന്ന പാർലമെന്റിന്റെ ശീതകാല സമ്മേളനത്തിന് മുന്നോടിയായി വിളിച്ചുചേർത്ത എംപിമാരുടെ യോഗത്തിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
സംസ്ഥാനത്തിന് അർഹതപ്പെട്ട വിഹിതം നേടിയെടുക്കുന്നതിൽ എംപിമാർ ഒറ്റക്കെട്ടായി പ്രവർത്തിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ജിഎസ്ഡിപിയുടെ 3.5 ശതമാനമായിരുന്ന കടമെടുപ്പ് പരിധിയിൽ ഊർജ മേഖലയിലെ നിക്ഷേപങ്ങൾക്കായി അനുവദിക്കേണ്ടിയിരുന്ന 0.5 ശതമാനം തുക നിഷേധിച്ചത് വലിയ തിരിച്ചടിയാണ്. കൂടാതെ, കേന്ദ്രം പുതുതായി ഏർപ്പെടുത്തിയ ജിഡിപി കണക്കാക്കൽ മാനദണ്ഡങ്ങൾ കാരണം കേരളത്തിന്റെ ജിഎസ്ഡിപിയിൽ ഏകദേശം 20 ശതമാനത്തോളം കുറവുണ്ടായിട്ടുണ്ട്. തൽഫലമായി, ജിഎസ്ഡിപി അടിസ്ഥാനമാക്കി കണക്കാക്കുന്ന വായ്പാ പരിധിയിലും വലിയ കുറവ് വരികയാണ്. ഈ ഗുരുതരമായ വിഷയങ്ങളെക്കുറിച്ച് പ്രധാനമന്ത്രിക്ക് നൽകിയ മെമ്മോറാണ്ടത്തിൽ വ്യക്തമായി ഉന്നയിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു.
സംസ്ഥാനത്തിന് ആവശ്യമായ പദ്ധതികൾ നേടിയെടുക്കാൻ എംപിമാർ ഒരു ടീമായി കേന്ദ്രത്തിൽ സമ്മർദ്ദം ചെലുത്തണം. ദേശീയപാത 66-ന്റെ ഭൂമി ഏറ്റെടുക്കലിനായുള്ള വിഹിതം, പാലക്കാട്-കോഴിക്കോട് ഗ്രീൻഫീൽഡ് ഹൈവേ, തിരുവനന്തപുരം ഔട്ടർ റിംഗ് റോഡ് തുടങ്ങി കേന്ദ്ര ഗതാഗത മന്ത്രിക്കു നൽകിയ നിവേദനത്തിലെ വിഷയങ്ങളിൽ അനുകൂല തീരുമാനമുണ്ടാക്കാൻ എംപിമാരുടെ ഇടപെടൽ അനിവാര്യമാണ്.
പരിസ്ഥിതി ലോല മേഖല (ഇഎസ്എ) സംബന്ധിച്ച തർക്കങ്ങൾ പരിഹരിക്കുന്നതിനായി, ആദ്യഘട്ടത്തിൽ സംസ്ഥാനം ശുപാർശ ചെയ്ത 98 വില്ലേജുകൾ (8590.69 ചതുരശ്ര കിലോമീറ്റർ) ഉൾപ്പെടുത്തി അന്തിമ വിജ്ഞാപനം ഉടൻ പുറത്തിറക്കണം. തുടർന്ന്, ഒഴിവാക്കാൻ ശുപാർശ ചെയ്ത 33 വില്ലേജുകളുടെ കാര്യത്തിൽ കേന്ദ്രവും സംസ്ഥാനവും തമ്മിലുള്ള ചർച്ചകൾക്ക് ശേഷം അന്തിമ തീരുമാനം എടുക്കണമെന്ന സർക്കാരിന്റെ നിലപാട് കേന്ദ്രത്തെ അറിയിക്കുന്നതിലും എംപിമാർ ഒത്തൊരുമയോടെ പ്രവർത്തിക്കണമെന്ന് യോഗം തീരുമാനിച്ചു.




