NEWS

വിമാനത്തിൽ യാത്രക്കാരന്റെ അതിക്രമം; വൈറ്റില സ്വദേശി പിടിയിൽ

നെടുമ്പാശേരി ∙ അബുദാബിയിൽ നിന്ന് കൊച്ചിയിലേക്ക് വന്ന ഇൻഡിഗോ വിമാനത്തിൽ സഹയാത്രികനെ മർദിച്ച സംഭവത്തിൽ യുവാവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. എറണാകുളം വൈറ്റില തൈക്കൂടം വെട്ടയ്ക്കൽ സ്വദേശി റോഷൻ മാർട്ടിനെയാണ് (36) സംഭവത്തിൽ പിടികൂടിയത്. മർദനത്തിൽ പരുക്കേറ്റ തൃശൂർ അകലാട് സ്വദേശി യൂസഫിനെ (52) ചികിത്സയ്ക്കായി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പുലർച്ചെ രണ്ട് മണിയോടെ നെടുമ്പാശേരിയിൽ ഇറങ്ങിയ 6E1404 വിമാനത്തിലാണ് കേസിനാസ്പദമായ സംഭവം നടന്നത്.

വിമാനത്തിൽ തൊട്ടടുത്ത സീറ്റുകളിലായിരുന്നു റോഷനും യൂസഫും ഇരുന്നത്. ഇവരുടെ സംസാരത്തിനിടെയുണ്ടായ തർക്കം പിന്നീട് കൈയാങ്കളിയിലേക്ക് നീങ്ങുകയായിരുന്നു. ദേഷ്യം നിയന്ത്രിക്കാനാവാതെ റോഷൻ യൂസഫിന്റെ മുഖത്ത് ആഞ്ഞടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ യൂസഫിന്റെ കണ്ണട തകരുകയും വലതുകണ്ണിന് താഴെ ഗുരുതരമായി പരുക്കേൽക്കുകയും ചെയ്തെന്ന് നെടുമ്പാശേരി പൊലീസ് അറിയിച്ചു. ഇതിനു പിന്നാലെ നടന്ന സംഘർഷത്തിനിടെ, ബെൽറ്റ് ഉപയോഗിച്ച് യൂസഫിന്റെ കഴുത്ത് ഞെരിച്ച് ശ്വാസം മുട്ടിക്കാൻ റോഷൻ ശ്രമിച്ചതായും പൊലീസ് വ്യക്തമാക്കി.

Fashion ⏭️

Back to top button