ഐപിഎൽ ലേലം: കോലി-രോഹിത്-പാണ്ഡ്യ-ബുമ്ര എന്നിവരെ മറികടന്ന് 40 കോടി ക്ലബ്ബിലേക്ക് എത്തുന്ന താരത്തെ പ്രവചിച്ച് മുൻ താരം

മുംബൈ: ഐപിഎൽ ലേലങ്ങളിൽ ഭാവിയിൽ 40 കോടി രൂപ വരെ പ്രതിഫലം വാങ്ങാൻ ശേഷിയുള്ള താരമായി വൈഭവ് സൂര്യവംശി മാറുമെന്ന് മുൻ ഇന്ത്യൻ താരം ആകാശ് ചോപ്രയുടെ പ്രവചനം. റൈസിങ് സ്റ്റാർസ് ഏഷ്യാകപ്പിൽ യുഎഇക്കെതിരായ മത്സരത്തിൽ വെറും 53 പന്തുകളിൽ നിന്ന് 204 റൺസ് അടിച്ചുകൂട്ടിയ വൈഭവിന്റെ അവിശ്വസനീയ പ്രകടനത്തിന് പിന്നാലെയാണ് ആകാശ് ചോപ്രയുടെ അഭിപ്രായപ്രകടനം. നിലവിൽ രാജസ്ഥാൻ റോയൽസ് നിരയിലുള്ള ഈ യുവതാരത്തെ ടീമിൽ നിലനിർത്തുന്നതിലൂടെയോ അല്ലെങ്കിൽ ലേലത്തിൽ പങ്കുചേരുന്നതിലൂടെയോ ഇത്രയും വലിയ തുക സ്വന്തമാക്കാൻ വൈഭവിനാകുമെന്ന് തന്റെ യൂട്യൂബ് ചാനലിലൂടെ അദ്ദേഹം ചൂണ്ടിക്കാട്ടി. നിലവിൽ 1.10 കോടി രൂപയാണ് താരത്തിന്റെ ഐപിഎൽ പ്രതിഫലം.
‘‘മത്സരങ്ങൾ ജയിപ്പിക്കാൻ കഴിവുള്ള ഒട്ടേറെ താരങ്ങളുണ്ട്. എന്നാൽ, കളി തന്നെ ഏകപക്ഷീയമാക്കാനുള്ള പ്രത്യേക സിദ്ധി വൈഭവിന് മാത്രമാണുള്ളത്. അതുകൊണ്ട് തന്നെ ഐപിഎൽ ചരിത്രത്തിലെ ഏറ്റവും ഉയർന്ന പ്രതിഫലം വാങ്ങുന്ന താരമായി വൈഭവ് മാറും. തുക ആവശ്യപ്പെട്ടതുകൊണ്ടല്ല, മറിച്ച് അവന്റെ പ്രതിഭയ്ക്കുള്ള അംഗീകാരമായി ആ തുക അവനെ തേടിയെത്തും. റെക്കോർഡുകൾ തിരുത്തിക്കുറിച്ചുകൊണ്ടും പുതിയ ചരിത്രങ്ങൾ സൃഷ്ടിച്ചുകൊണ്ടും വൈഭവ് മുന്നേറുമെന്നത് തീർച്ചയാണ്,’’ ആകാശ് ചോപ്ര കൂട്ടിച്ചേർത്തു.




