കായംകുളത്ത് കെ.എസ്.ഇ.ബിയുടെ 2000 MWh ഭീമൻ പവർ ബാങ്ക് പദ്ധതി നിലവിൽ വരുന്നു

കേരളത്തിന്റെ വർധിച്ചുവരുന്ന വൈദ്യുതി ആവശ്യം നിറവേറ്റുന്നതിനായി കായംകുളത്തുള്ള എൻ.ടി.പി.സിയുടെ സ്ഥലത്ത് 2,000 MWh-ൽ അധികം ശേഷിയുള്ള ബാറ്ററി എനർജി സ്റ്റോറേജ് സംവിധാനം സ്ഥാപിക്കാൻ തീരുമാനമായി. ഇതിന്റെ ഭാഗമായി കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോർഡ് (KSEB), നാഷണൽ തെർമൽ പവർ കോർപ്പറേഷനുമായും (NTPC) എൻ.ടി.പി.സി ഗ്രീൻ എനർജിയുമായും ചേർന്ന് ധാരണാപത്രത്തിൽ (MoU) ഒപ്പുവെച്ചു. സംസ്ഥാനത്ത് പുനരുപയോഗ ഊർജ്ജ പദ്ധതികൾ വ്യാപകമാക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
ഈ പദ്ധതിയുടെ പ്രവർത്തന രൂപരേഖയും തുടർനടപടികളും സമയബന്ധിതമായി പൂർത്തീകരിക്കുമെന്ന് കെ.എസ്.ഇ.ബി വ്യക്തമാക്കിയിട്ടുണ്ട്. ജലാശയങ്ങളെയും കരഭൂമിയെയും പ്രയോജനപ്പെടുത്തി ഫ്ലോട്ടിങ്, ഗ്രൗണ്ട് മൗണ്ടഡ് സൗരോർജ്ജ പദ്ധതികൾ നടപ്പിലാക്കാനും നീക്കമുണ്ട്. എനർജി സ്റ്റോറേജ് സൗകര്യങ്ങളോട് കൂടിയോ അല്ലാതെയോ ഉള്ള ഊർജ്ജ ഉല്പാദനരീതികളാണ് ഇതിനായി പരിഗണിക്കുന്നത്. കൂടാതെ, പമ്പ്ഡ് സ്റ്റോറേജ്, ഹരിത ഹൈഡ്രജൻ തുടങ്ങിയ പുനരുപയോഗ ഊർജ്ജ മേഖലകളിലെ സാധ്യതകൾ സംയുക്തമായി പരിശോധിക്കാനും ഇവർ തീരുമാനിച്ചിട്ടുണ്ട്. പദ്ധതികളുടെ നടത്തിപ്പിനായി ഒരു സംയുക്ത സംരംഭം (Joint Venture) രൂപീകരിക്കുന്നതിനെക്കുറിച്ചും ആലോചനകൾ നടക്കുന്നുണ്ട്.
കായംകുളത്തെ ഗ്യാസ് അധിഷ്ഠിത പവർ പ്ലാന്റിലെ റീഗ്യാസിഫൈഡ് ലിക്വിഫൈഡ് നാച്ചുറൽ ഗ്യാസിന്റെ (RLNG) ഇന്ധനച്ചെലവ് കുറയ്ക്കുന്നതിനുള്ള സാധ്യതകളും പരിശോധിക്കുന്നുണ്ട്. ഇതിനായി ഗെയിൽ, ഒ.എൻ.ജി.സി തുടങ്ങിയ പെട്രോളിയം കമ്പനികളുമായി സഹകരിച്ച് പ്രവർത്തിക്കാനും പീറ്റ് ഗ്യാസ് ഉല്പാദനവും ശേഖരണവും സംബന്ധിച്ച സാധ്യതകൾ ആരായാനും പദ്ധതിയുണ്ട്. സംസ്ഥാനത്തിന്റെ ഹരിത ഊർജ്ജമേഖലയുടെ കുതിപ്പിന് ഈ പങ്കാളിത്തം വലിയ കരുത്തേകുമെന്ന് കെ.എസ്.ഇ.ബി വിലയിരുത്തുന്നു.
കാസർഗോഡ് മുല്ലേരിയിൽ കെ.എസ്.ഇ.ബിയുടെ ആദ്യത്തെ ബാറ്ററി എനർജി സ്റ്റോറേജ് സംവിധാനം (BESS) ഇതിനകം പ്രവർത്തനം ആരംഭിച്ചുകഴിഞ്ഞു. പകൽ സമയങ്ങളിൽ ലഭിക്കുന്ന അധിക സൗരോർജ്ജത്തെ കാര്യക്ഷമമായി ഉപയോഗപ്പെടുത്തുകയാണ് ഇതിന്റെ പ്രഥമ ലക്ഷ്യം. കായംകുളത്ത് പുതിയ സ്റ്റോറേജ് പ്ലാന്റ് കൂടി പ്രവർത്തനസജ്ജമാകുന്നതോടെ സംസ്ഥാനത്തിന്റെ ഊർജ്ജ ഉല്പാദനശേഷിയിൽ വലിയ വർധനവുണ്ടാകും.
അനന്തമായി വർധിച്ചുകൊണ്ടിരിക്കുന്ന വൈദ്യുതി ആവശ്യകതയാണ് കേരളം നേരിടുന്ന പ്രധാന വെല്ലുവിളി. നഗരവൽക്കരണവും വ്യവസായ മേഖലയിലെ പുരോഗതിയും ഊർജ്ജ ഉപഭോഗത്തിൽ വലിയ കുതിച്ചുചാട്ടമാണ് ഉണ്ടാക്കുന്നത്. വരും വർഷങ്ങളിലും ഈ ആവശ്യം വർധിക്കുമെന്നാണ് കണക്കാക്കപ്പെടുന്നത്. നിലവിൽ പുറത്തുനിന്ന് ഉയർന്ന തുകയ്ക്ക് വൈദ്യുതി വാങ്ങുന്ന സാഹചര്യത്തിൽ, അത്യാധുനിക എനർജി സ്റ്റോറേജ് സംവിധാനങ്ങളിലൂടെ ചെലവ് കുറയ്ക്കാനും സ്വയം പര്യാപ്തത കൈവരിക്കാനുമാണ് കെ.എസ്.ഇ.ബി ലക്ഷ്യമിടുന്നത്.




