HEALTH

എഫ്ട്യൂൺ നിർമാതാക്കൾക്കെതിരെ കേസ്; അമിത അളവിൽ രാസവസ്തുക്കൾ കണ്ടെത്തി

മലപ്പുറം: അമിതമായ അളവിൽ മാരകമായ മെർക്കുറി കലർന്ന ഫെയർനെസ് ക്രീം ഉപയോഗിച്ചതിനെത്തുടർന്ന് പെൺകുട്ടിക്ക് വൃക്കരോഗം ബാധിച്ച സംഭവത്തിൽ ‘എഫ്ട്യൂൺ’ എന്ന ഉൽപ്പന്നത്തിന്റെ നിർമ്മാതാക്കൾക്കെതിരെ അരീക്കോട് പൊലീസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തു. മനുഷ്യജീവൻ അപകടത്തിലാക്കുന്ന വസ്തുവാണെന്ന് അറിഞ്ഞിട്ടും മെർക്കുറി അമിതമായി ചേർത്ത് ക്രീം വിപണിയിലിറക്കി ഉപഭോക്താക്കളെ വഞ്ചിച്ചുവെന്നാണ് പ്രധാന ആരോപണം. പെൺകുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് നിർമ്മാതാക്കളെ പ്രതികളാക്കി പൊലീസ് നിയമനടപടികൾ ആരംഭിച്ചിരിക്കുന്നത്.

താൻ നേരിട്ട ദുരനുഭവം വ്യക്തമാക്കി മൂന്ന് മണിക്കൂറോളം നീണ്ട വിശദമായ മൊഴിയാണ് പെൺകുട്ടി പൊലീസിന് നൽകിയത്. ഇനിയൊരാൾക്ക് കൂടി ഇത്തരം അവസ്ഥയുണ്ടാകരുത് എന്ന ഉറച്ച തീരുമാനത്തോടെയാണ് നിയമപോരാട്ടവുമായി മുന്നോട്ട് പോകുന്നതെന്ന് പെൺകുട്ടി വ്യക്തമാക്കി. ഇതിനിടയിൽ, സമാനമായ മറ്റൊരു ഫേസ് ക്രീം ഉപയോഗിച്ച് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ നേരിടേണ്ടി വന്ന അനുഭവം പ്രമുഖ മാപ്പിളപ്പാട്ട് ഗായകൻ സലീം കോടത്തൂരും വെളിപ്പെടുത്തിയിട്ടുണ്ട്.

ഈ സംഭവങ്ങളുടെ പശ്ചാത്തലത്തിൽ, സംസ്ഥാനത്ത് വിപണനം നടത്തുന്ന നിലവാരമില്ലാത്ത സൗന്ദര്യവർധക വസ്തുക്കൾക്കും പ്രോട്ടീൻ പൗഡറുകൾക്കും എതിരെ ശക്തമായ പരിശോധനകൾ നടത്താൻ ആരോഗ്യവകുപ്പിന് നിർദ്ദേശം നൽകിയിട്ടുണ്ട്. അംഗീകാരമില്ലാതെ ഇത്തരം ഉൽപ്പന്നങ്ങൾ വിൽക്കുന്ന സ്ഥാപനങ്ങളുടെ ലൈസൻസ് റദ്ദാക്കുന്നതടക്കമുള്ള നടപടികൾ സ്വീകരിക്കും. തെറ്റിദ്ധാരണാജനകമായ പരസ്യങ്ങൾ നൽകുന്ന വ്ളോഗർമാർക്കെതിരെയും കർശന നിയമനടപടി സ്വീകരിക്കും.

വൃക്ക, കരൾ, ഞരമ്പുകൾ എന്നിവയെ ഗുരുതരമായി ബാധിക്കുന്നതിനും ത്വക് അർബുദത്തിന് കാരണമാകുന്നതിനും ഇത്തരം ഉൽപ്പന്നങ്ങൾ വഴിവെക്കുന്നുണ്ടെന്ന് വിദഗ്ധ ഡോക്ടർമാർ മുന്നറിയിപ്പ് നൽകുന്നു. പാകിസ്ഥാൻ വഴി അനധികൃതമായി എത്തുന്ന ഇത്തരം വസ്തുക്കളിൽ നിർമ്മാതാക്കളുടെ വിവരങ്ങളോ നിർമ്മാണ-കാലാവധി തീയതികളോ ഇല്ലാത്തത് വലിയ ഭീഷണിയാണെന്ന് ഡ്രഗ്സ് കൺട്രോൾ വിഭാഗം നേരത്തെ തന്നെ കണ്ടെത്തിയിരുന്നു.

Life Style ⏭️

Back to top button