NEWS

ഇടുക്കി അങ്കണവാടിക്ക് സമീപം നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തി; അവിവാഹിതയായ യുവതി ഉപേക്ഷിച്ചതെന്ന് നിഗമനം

അടിമാലി തോക്കുപാറ ശങ്കുപ്പടി അങ്കണവാടിക്ക് സമീപത്തായി പൂർണ വളർച്ചയെത്തിയ നിലയിൽ നവജാത ശിശുവിന്റെ മൃതദേഹം ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. ഏകദേശം രണ്ട് ദിവസം പ്രായം തോന്നിക്കുന്ന കുഞ്ഞിന്റെ മൃതദേഹമാണ് പ്രദേശത്ത് നിന്ന് ലഭിച്ചത്. ഇതുമായി ബന്ധപ്പെട്ട് നടന്ന അന്വേഷണത്തിൽ നിർണായകമായ ചില വിവരങ്ങൾ പൊലീസിന് ലഭിച്ചിട്ടുണ്ട്.

കഴിഞ്ഞ വെള്ളിയാഴ്ച ശങ്കുപ്പടി സ്വദേശിനിയായ അവിവാഹിതയായ ഒരു യുവതി അമിതമായ രക്തസ്രാവത്തെ തുടർന്ന് അടിമാലി താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടിയെത്തിയിരുന്നു. പരിശോധനയിൽ ഇവർ ഗർഭിണിയായിരുന്നതായി ഡോക്ടർമാർക്ക് സംശയം തോന്നിയിരുന്നു. ആരോഗ്യനില വഷളായതിനെ തുടർന്ന് യുവതിയെ വിദഗ്ധ ചികിത്സയ്ക്കായി കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയിരുന്നു.

യുവതിയുടെ ആരോഗ്യസ്ഥിതിയെക്കുറിച്ച് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ പൊലീസ് ശങ്കുപ്പടി ഭാഗത്ത് നടത്തിയ വിശദമായ പരിശോധനയിലാണ് കുഞ്ഞിന്റെ മൃതദേഹം കണ്ടെടുത്തത്. വെള്ളത്തൂവൽ സിഐ കെ.എം സന്തോഷിന്റെ നേതൃത്വത്തിൽ ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി മൃതദേഹം തുടർനടപടികൾക്കായി ഇടുക്കി മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റിയിരിക്കുകയാണ്. സംഭവത്തിൽ പൊലീസ് കർശനവും വിശദവുമായ അന്വേഷണം ആരംഭിച്ചു കഴിഞ്ഞു.

Fashion ⏭️

Back to top button