NEWS

ചൈനീസ് അതിർത്തി ഗ്രാമങ്ങളിൽ ജനപ്പെരുപ്പം: വികസന മുൻഗണന അതിർത്തി പ്രദേശങ്ങൾക്ക്

ന്യൂഡൽഹി: ചൈനാ അതിർത്തിയോട് ചേർന്നു കിടക്കുന്ന അരുണാചൽ പ്രദേശിലെ നാൽപതോളം ഗ്രാമങ്ങളിൽ ജനവാസം വർധിച്ചതായും, മികച്ച തൊഴിലവസരങ്ങളും ആരോഗ്യ പരിരക്ഷാ സൗകര്യങ്ങളും ലഭ്യമായതിനെത്തുടർന്ന് അവിടങ്ങളിൽ നിന്ന് ആളുകൾ മറ്റ് സ്ഥലങ്ങളിലേക്ക് കുടിയേറുന്ന സാഹചര്യം പൂർണമായും അവസാനിച്ചതായും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ അറിയിച്ചു. അരുണാചലിൽ സംഘടിപ്പിച്ച സഹകരണ സമ്മേളനത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

അതിർത്തി ഗ്രാമങ്ങളിലെ കർഷകർക്കും സഹകരണ പ്രസ്ഥാനങ്ങൾക്കും കൂടുതൽ കരുത്തുപകരുന്ന നിർണായകമായ തീരുമാനങ്ങൾ കൈക്കൊണ്ടിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. കരസേനയും ഇൻഡോ-ടിബറ്റൻ ബോർഡർ പോലീസും (ITBP) തങ്ങളുടെ ആവശ്യങ്ങൾക്കായി ഗുവാഹത്തിയിലോ തേസ്പൂരിലോ പോലുള്ള ദൂരസ്ഥലങ്ങളെ ആശ്രയിക്കുന്നതിന് പകരം, അതിർത്തി ഗ്രാമങ്ങളിലെ സഹകരണ സംഘങ്ങളിൽ നിന്ന് നേരിട്ട് ഉൽപന്നങ്ങൾ സംഭരിക്കണമെന്ന് ആഭ്യന്തര മന്ത്രാലയം കർശന നിർദേശം നൽകിയിട്ടുണ്ട്. ഈ നടപടി അതിർത്തി ഗ്രാമങ്ങളിലെ ജനങ്ങളും സുരക്ഷാ സേനയും തമ്മിലുള്ള ബന്ധം കൂടുതൽ ശക്തമാക്കാൻ സഹായിക്കും. കൂടാതെ, അരുണാചലിലെ സ്ത്രീകൾ സഹകരണ സംഘങ്ങളിലൂടെ പാൽ ഉൽപന്നങ്ങൾ, മുട്ട, പച്ചക്കറികൾ, ചെറുധാന്യങ്ങൾ, മാവ് തുടങ്ങിയവ വിതരണം ചെയ്യുന്നത് അവിടുത്തെ ഗ്രാമീണ സമ്പദ്‌വ്യവസ്ഥയ്ക്ക് വലിയ ഉത്തേജനമാണ് നൽകുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Fashion ⏭️

Back to top button