HEALTH

സൗന്ദര്യ വർധക ക്രീമുകൾക്കെതിരെ കർശന നടപടി: മുന്നറിയിപ്പുമായി അധികൃതർ

തിരുവനന്തപുരം: ചർമസൗന്ദര്യ വർധക ക്രീമുകളെ ചൊല്ലി പരാതികൾ ഉയർന്നു വന്നാൽ കർശന നടപടികൾ സ്വീകരിക്കുമെന്ന് ആരോഗ്യമന്ത്രി കെ. മുരളീധരൻ വ്യക്തമാക്കി. മലപ്പുറത്ത് ഫേസ് ക്രീം ഉപയോഗിച്ചതിനെത്തുടർന്ന് കൗമാരക്കാരിയായ പെൺകുട്ടിയുടെ വൃക്കകൾ തകരാറിലായ സംഭവത്തിൽ മാധ്യമങ്ങളുടെ ചോദ്യങ്ങൾക്ക് മറുപടി നൽകുകയായിരുന്നു അദ്ദേഹം. അത്തരം ഉൽപ്പന്നങ്ങൾ സൗന്ദര്യം വർധിപ്പിക്കില്ലെന്ന് ഓർമിപ്പിച്ച മന്ത്രി, ഓൺലൈൻ വഴി സുലഭമായി ലഭിക്കുന്ന ഇത്തരം ക്രീമുകൾ വാങ്ങി ഉപയോഗിക്കുമ്പോൾ അതീവ ജാഗ്രത പുലർത്തണമെന്നും നിർദേശിച്ചു. വിപണിയിൽ ഗുണനിലവാരമുള്ള അംഗീകൃത ഉൽപ്പന്നങ്ങൾ ലഭ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അതേസമയം, സൗന്ദര്യവർധക ക്രീം ഉപയോഗിച്ചതിനെ തുടർന്ന് പെൺകുട്ടിക്ക് വൃക്കരോഗം ബാധിച്ച സംഭവത്തിൽ സംസ്ഥാന ബാലാവകാശ സംരക്ഷണ കമീഷൻ സ്വമേധയാ കേസെടുത്തു. ഓൺലൈൻ വഴിയായി വാങ്ങിയ ക്രീം ഒരു വർഷത്തോളം തുടർച്ചയായി ഉപയോഗിച്ചതോടെയാണ് പെൺകുട്ടിക്ക് ശാരീരിക അസ്വസ്ഥതകൾ അനുഭവപ്പെട്ടത്. വിദഗ്ധ പരിശോധനയിൽ പെൺകുട്ടിയുടെ ശരീരത്തിൽ മെർക്കുറിയുടെ സാന്നിധ്യം അപകടകരമായ നിലയിലാണെന്ന് കണ്ടെത്തിയിരുന്നു. ലബോറട്ടറി പരിശോധനയിൽ ക്രീമിൽ അനുവദനീയമായതിലും അമിതമായ അളവിൽ മെർക്കുറി അടങ്ങിയിട്ടുണ്ടെന്നും സ്ഥിരീകരിച്ചു. ഈ വിഷയത്തിൽ ആരോഗ്യവകുപ്പ് ഡയറക്ടർ, സംസ്ഥാന പൊലീസ് മേധാവി, ഡ്രഗ്‌സ് കൺട്രോളർ, കേന്ദ്ര ഉപഭോക്തൃ സംരക്ഷണ അതോറിറ്റി, ചികിത്സ നൽകിയ ആശുപത്രി സൂപ്രണ്ട് എന്നിവരോട് കമീഷൻ അടിയന്തരമായി റിപ്പോർട്ട് തേടിയിട്ടുണ്ട്.

ആരോഗ്യത്തെ കാർന്നുതിന്നുന്ന ഇത്തരം സൗന്ദര്യവർധക ഉൽപ്പന്നങ്ങൾ വിപണിയിൽ യഥേഷ്ടം വിറ്റഴിക്കപ്പെടുന്നതിൽ അധികൃതരുടെ അനാസ്ഥയ്‌ക്കെതിരെ വ്യാപക പ്രതിഷേധം ഉയരുകയാണ്. മെർക്കുറി പോലുള്ള വിഷാംശമുള്ള ഘനലോഹങ്ങളും വീര്യം കൂടിയ സ്റ്റിറോയിഡുകളും ഇത്തരം ക്രീമുകളിൽ ചേർക്കുന്നതായി സി.ഡി.എസ്.സി.ഒ (CDSCO) നേരത്തെ തന്നെ മുന്നറിയിപ്പ് നൽകിയിരുന്നതാണ്. കേന്ദ്ര ലബോറട്ടറി പരിശോധനകളിൽ പല ക്രീമുകളിലും മെർക്കുറിയുടെയും ലെഡിന്റെയും അമിത സാന്നിധ്യം കണ്ടെത്തിയിട്ടും, വിൽപന നിയന്ത്രിക്കുന്നതിൽ ഡ്രഗ്‌സ് കൺട്രോൾ വിഭാഗം പരാജയമാണെന്ന ആക്ഷേപവും നിലനിൽക്കുന്നു.

ചർമരോഗങ്ങൾ ഭേദമാക്കുമെന്ന വ്യാജ അവകാശവാദങ്ങളുമായി പരസ്യങ്ങൾ നൽകുന്നത് കോസ്മെറ്റിക്സ് നിയമപ്രകാരം കുറ്റകരമാണ്. എന്നിരുന്നാലും, നിയമങ്ങൾ കാറ്റിൽപ്പറത്തി ഇത്തരം ഉൽപ്പന്നങ്ങൾ വിപണിയിൽ തുടരുന്നു. ചർമത്തിലൂടെ രക്തത്തിൽ കലരുന്ന മെർക്കുറി വൃക്കകളെ ഗുരുതരമായി ബാധിക്കുകയും നാഡീവ്യൂഹത്തെ തകരാറിലാക്കുകയും ചെയ്യും. ഇത് ശരീര വിറയൽ, ഓർമശക്തി കുറയൽ, അതിയായ ക്ഷീണം തുടങ്ങിയ പ്രശ്നങ്ങൾക്ക് കാരണമാകുന്നു. ക്രീമുകളിലെ സ്റ്റിറോയിഡുകൾ ചർമത്തിന്റെ കട്ടി കുറയ്ക്കുകയും രക്തക്കുഴലുകൾ പുറത്തേക്ക് തെളിഞ്ഞു കാണുന്ന അവസ്ഥ സൃഷ്ടിക്കുകയും ചെയ്യും. കൂടാതെ, കടുത്ത മുഖക്കുരു, ചുവന്നുതടിക്കൽ, ചൊറിച്ചിൽ, ശരീരത്തിൽ അമിതമായ രോമവളർച്ച എന്നിവയ്ക്കും ഇത് ഇടയാക്കുന്നു. ദീർഘകാലത്തെ ഉപയോഗം ചർമത്തിൽ മാറാത്ത കറുത്ത പാടുകൾ വീഴ്ത്താനും കാരണമാകും.

Life Style ⏭️

Back to top button