സംസ്കൃത സർവകലാശാല: ബിഎ പരീക്ഷയിൽ തോറ്റ വിദ്യാർഥിനിക്ക് എംഎ ബിരുദം നൽകിയെന്ന് കണ്ടെത്തൽ

കാലടി ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാലയിൽ ബിരുദ പരീക്ഷയിൽ തോറ്റ വിദ്യാർഥിനി ബിരുദാനന്തര ബിരുദ (എംഎ) പരീക്ഷ ജയിച്ചതായി കണ്ടെത്തൽ. സംസ്ഥാന സർക്കാർ ഓഡിറ്റ് വിഭാഗം നടത്തിയ പരിശോധനയിലാണ് അത്യന്തം അസാധാരണമായ ഈ സംഭവം പുറത്തുവന്നത്. 2014–2017 കാലയളവിൽ തുറവൂർ റീജിയണൽ സെന്ററിൽ നിന്നും സംസ്കൃത സാഹിത്യത്തിൽ ബിരുദ പഠനം പൂർത്തിയാക്കിയ വിദ്യാർഥിനിയെ ചുറ്റിപ്പറ്റിയാണ് വിവാദം. സംഭവത്തിൽ അടിയന്തര വിശദീകരണം നൽകാൻ സർവകലാശാല റജിസ്ട്രാറോട് ഓഡിറ്റ് വിഭാഗം ആവശ്യപ്പെട്ടു.
ബിരുദ പരീക്ഷയിൽ രണ്ട് വിഷയങ്ങളിൽ പരാജയപ്പെട്ട വിദ്യാർഥിനി തുടർന്ന് മൂല്യനിർണ്ണയത്തിനായി അപേക്ഷ സമർപ്പിച്ചിരുന്നു. ഇതിനിടയിലാണ് എംഎ പ്രവേശനത്തിന് അപേക്ഷിക്കുകയും പ്രവേശനം നേടുകയും ചെയ്തത്. ബിരുദ കോഴ്സിന്റെ ഫലം കാത്തിരിക്കുന്നവർക്ക് നിബന്ധനകളോടെ എംഎ പ്രവേശനത്തിന് അപേക്ഷിക്കാമെന്ന ചട്ടം നിലവിലുണ്ട്. ഇങ്ങനെ പ്രവേശനം ലഭിക്കുന്നവർ മൂന്ന് മാസത്തിനുള്ളിൽ ബിരുദ സർട്ടിഫിക്കറ്റ് ഹാജരാക്കിയാൽ മാത്രമേ തുടർപഠനം അനുവദിക്കൂ എന്നിരിക്കെയാണ് നിയമവിരുദ്ധമായി വിദ്യാർഥിനിയുടെ പഠനം നടന്നത്.




