ഫോണിലെ ഫയൽ ഇൻസ്റ്റാൾ ചെയ്ത യുവാവിന് 3.16 ലക്ഷം രൂപ നഷ്ടപ്പെട്ട സംഭവം: സൈബർ തട്ടിപ്പിന്റെ ഞെട്ടിക്കുന്ന വിവരങ്ങൾ

കൊടുങ്ങല്ലൂർ ∙ വാട്സാപ്പ് പോലുള്ള സാമൂഹിക മാധ്യമങ്ങൾ കേന്ദ്രീകരിച്ച് പുതിയ രീതിയിലുള്ള സാമ്പത്തിക തട്ടിപ്പുകൾ പെരുകുകയാണ്. ഗതാഗത നിയമ ലംഘനത്തിനുള്ള പിഴ അടയ്ക്കാനെന്ന വ്യാജേന അയക്കുന്ന സന്ദേശത്തിൽ ക്ലിക്ക് ചെയ്ത് ഫയൽ ഇൻസ്റ്റാൾ ചെയ്തതോടെ കാര സ്വദേശിയായ യുവാവിന് 3.16 ലക്ഷം രൂപയാണ് നഷ്ടമായത്.
കഴിഞ്ഞ ദിവസങ്ങളിൽ കൊടുങ്ങല്ലൂരിലെ ഒട്ടേറെ ഫോണുകളിലേക്ക് ഇത്തരത്തിൽ വാട്സാപ്പ് സന്ദേശങ്ങൾ എത്തിയിട്ടുണ്ട്. ‘Dont ignore this’ എന്ന മുന്നറിയിപ്പോടെയാണ് സന്ദേശം വരുന്നത്. വാഹനത്തിന്റെ നമ്പർ ഉൾപ്പെടെയുള്ള വ്യാജ ചലാൻ ഇതിലൂടെ അയക്കുകയും, പിഴ അടയ്ക്കാൻ ആവശ്യപ്പെട്ട് ഒരു ലിങ്ക് നൽകുകയും ചെയ്യുന്നു. ഈ സന്ദേശം കണ്ട് ആശയക്കുഴപ്പത്തിലായ പലരും സംശയനിവാരണത്തിനായി പോലീസ് സ്റ്റേഷനുകളിൽ വരെ എത്തിയിരുന്നു.
എന്നാൽ, മോട്ടർ വാഹന വകുപ്പോ പോലീസോ വാട്സാപ്പ് വഴി ഒരിക്കലും ചലാൻ അയക്കാറില്ലെന്നും ഇതൊരു ആസൂത്രിതമായ തട്ടിപ്പാണെന്നും പോലീസ് വ്യക്തമാക്കി. സന്ദേശത്തിലുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുകയോ നൽകിയിരിക്കുന്ന ഫയൽ ഡൗൺലോഡ് ചെയ്ത് ഇൻസ്റ്റാൾ ചെയ്യുകയോ ചെയ്താൽ അക്കൗണ്ടിലുള്ള തുക തട്ടിപ്പുകാർക്ക് ചോർത്തിയെടുക്കാൻ സാധിക്കും.
പോലീസിന്റെ നിർദേശങ്ങൾ: ∙ അപരിചിതമായ നമ്പറുകളിൽ നിന്ന് വരുന്ന ലിങ്കുകളിൽ യാതൊരു കാരണവശാലും ക്ലിക്ക് ചെയ്യരുത്.




