NEWS

ഓടുന്ന ട്രെയിൻ തടഞ്ഞ് 185 കോടിയുടെ മോഷണം: ഹെലികോപ്റ്ററുകൾക്ക് നടുവിലെ അസാധാരണ കവർച്ച ദൃശ്യങ്ങൾ വൈറൽ

സിനിമകളെപ്പോലും അമ്പരപ്പിക്കുന്ന രീതിയിൽ ആസൂത്രണം ചെയ്ത് തെക്കൻ കലിഫോർണിയയിലെ ചരക്ക് ട്രെയിനുകളിൽ വൻ കവർച്ച നടത്തിയിരുന്ന സംഘത്തെ അമേരിക്കൻ നീതിന്യായ വകുപ്പ് പിടികൂടി. ഏകദേശം 185 കോടി രൂപയിലധികം (22.5 ദശലക്ഷം ഡോളർ) വിലമതിക്കുന്ന നൈക്കി പാദരക്ഷകൾ, മിൽവാക്കി പവർ ടൂളുകൾ, വിവിധ ഇലക്ട്രോണിക് ഉൽപ്പന്നങ്ങൾ എന്നിവ മോഷ്ടിച്ച കേസിലാണ് 14 പേർക്കെതിരെ ഫെഡറൽ പ്രോസിക്യൂട്ടർമാർ കുറ്റപത്രം സമർപ്പിച്ചിരിക്കുന്നത്. ഇതിൽ 13 പേരെ അന്വേഷണ സംഘം ഇതിനകം തന്നെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

2024 ഫെബ്രുവരി മുതൽ 2026 ഓഗസ്റ്റ് വരെയുള്ള രണ്ടര വർഷത്തെ കാലയളവിനുള്ളിൽ ചുരുങ്ങിയത് 36 ചരക്ക് ട്രെയിനുകളെയാണ് ഈ സംഘം കൊള്ളയടിച്ചത്. ലൊസാഞ്ചലസ്, ലോങ് ബീച്ച് തുറമുഖങ്ങളിൽ നിന്ന് രാജ്യത്തിന്റെ വിവിധ മേഖലകളിലേക്ക് വിലപിടിപ്പുള്ള വസ്തുക്കളുമായി സഞ്ചരിക്കുന്ന ട്രെയിനുകളായിരുന്നു ഇവരുടെ പ്രധാന ലക്ഷ്യം. ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനുകളുടെ ബ്രേക്ക് സംവിധാനമായ ‘എയർ ഹോസുകൾ’ മുറിച്ചുമാറ്റി ട്രെയിനുകൾ അടിയന്തരമായി നിർത്തിച്ച ശേഷമായിരുന്നു സംഘത്തിന്റെ പ്രവർത്തനം. ട്രെയിൻ നിലയ്ക്കുന്നതോടെ കണ്ടെയ്നറുകളുടെ പൂട്ട് തകർത്ത് അകത്തുകയറി വൻതോതിൽ ഷൂസുകളും പവർ ടൂളുകളും വാഹനങ്ങളിലേക്ക് മാറ്റുകയും, തുടർന്ന് ലൊസാഞ്ചലസിലെ രഹസ്യ താവളങ്ങളിൽ ഒളിപ്പിക്കുകയുമായിരുന്നു ഇവരുടെ രീതി.

ഈ കുറ്റകൃത്യങ്ങളിൽ ഗൂഢാലോചന നടത്തിയതിന് അഞ്ച് വർഷം വരെയും, അന്തർസംസ്ഥാന റെയിൽവേ ചരക്ക് മോഷണത്തിന് പത്ത് വർഷം വരെയും തടവുശിക്ഷ ലഭിക്കാം. റെയിൽവേ സംവിധാനങ്ങൾക്ക് നേരെ അതിക്രമം കാണിച്ച കുറ്റം തെളിയിക്കപ്പെട്ടാൽ പ്രതികൾക്ക് ജീവപര്യന്തം വരെ തടവുശിക്ഷ ലഭിക്കാൻ സാധ്യതയുണ്ടെന്ന് നീതിന്യായ വകുപ്പ് വ്യക്തമാക്കി.

Fashion ⏭️

Back to top button