കോട്ടയം റെയിൽവേ ഭൂമി ഏറ്റെടുക്കൽ: നഗരസഭയ്ക്ക് നഷ്ടപരിഹാരത്തുക നൽകാൻ ഉത്തരവ്

കോട്ടയം: റെയിൽവേ പാത ഇരട്ടിപ്പിക്കലിന്റെ ഭാഗമായി ഏറ്റെടുത്ത നഗരസഭയുടെ ഭൂമിയുടെ നഷ്ടപരിഹാരത്തുക ലഭ്യമാക്കാൻ കോടതി ഉത്തരവിട്ടു. ഏഴ് വർഷത്തെ നീണ്ട കാത്തിരിപ്പിനൊടുവിലാണ് 8.19 കോടി രൂപ നഗരസഭയുടെ ഖജനാവിലേക്ക് എത്തുന്നത്.
നഗരസഭയുടെ ഉടമസ്ഥതയിലുള്ള ഏഴ് സർവേ നമ്പറുകളിലായി വ്യാപിച്ചുകിടക്കുന്ന 65 സെന്റ് സ്ഥലം ഏറ്റെടുത്ത വകയിൽ 2019-ൽ തന്നെ റെയിൽവേ തുക അനുവദിച്ചിരുന്നു. എന്നാൽ, ഭൂമി കൈവശമുള്ളതിന്റെ നിയമപരമായ രേഖകൾ കൃത്യമായി ഹാജരാക്കാൻ സാധിക്കാതെ വന്നതോടെ ഈ തുക കോടതിയിൽ കെട്ടിവയ്ക്കുകയായിരുന്നു. തുടർന്ന്, ആവശ്യമായ രേഖകൾ സമർപ്പിക്കുകയും നിയമപരമായ വാദങ്ങൾ ഉന്നയിക്കുകയും ചെയ്തതോടെ അഡീഷണൽ ഡിസ്ട്രിക്ട് കോടതിയിൽ (സ്പെഷൽ) നിന്ന് നഗരസഭയ്ക്ക് അനുകൂലമായ ഉത്തരവ് ലഭിക്കുകയായിരുന്നു. തുക അക്കൗണ്ടിലേക്ക് ലഭ്യമാക്കുന്നതിനുള്ള അപേക്ഷ നഗരസഭ അധികൃതർ കോടതിയിൽ നൽകിയിട്ടുണ്ട്.
അതേസമയം, നാഗമ്പടം മേൽപാലത്തിന് സമീപം സ്ഥിതി ചെയ്തിരുന്ന നഗരസഭയുടെ നിശാസദനവും അങ്കണവാടിയും ഉൾപ്പെട്ട ഭൂമി റവന്യൂ വകുപ്പ് ഏറ്റെടുത്ത് റെയിൽവേയ്ക്ക് കൈമാറിയിരുന്നു. ഇതിന്റെ നഷ്ടപരിഹാരത്തുക കൂടി നേടിയെടുക്കുന്നതിനുള്ള നടപടികൾ വേഗത്തിലാക്കാനാണ് നഗരസഭയുടെ തീരുമാനം.




