NEWS

ത്രിപുര സ്കൂൾ അധ്യാപകന്റെ തിരോധാനം: 14 വർഷത്തിന് ശേഷം പ്രതി അറസ്റ്റിൽ

അഗർത്തല ∙ ത്രിപുരയിൽ പതിനാല് വർഷം മുൻപ് സ്കൂൾ അധ്യാപകനെ കാണാതായ സംഭവവുമായി ബന്ധപ്പെട്ട് ഒളിവിലായിരുന്ന പ്രതിയെ അസമിലെ കരിംഗഞ്ച് ജില്ലയിൽ നിന്ന് ത്രിപുര ക്രൈം ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്മെന്റ് (സിഐഡി) പിടികൂടി. പിടിയിലായ ബാജുവിനെ അഗർത്തലയിൽ എത്തിച്ച ശേഷം വെസ്റ്റ് ത്രിപുര ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കി. തുടർനടപടികൾക്കായി പ്രതിയെ നാലുദിവസത്തെ സിഐഡി കസ്റ്റഡിയിൽ വിട്ടുകൊണ്ട് കോടതി ഉത്തരവിട്ടു.

കാണാതായ അധ്യാപകൻ സോമിന്റെ ബിസിനസ് പങ്കാളിയായിരുന്ന ഹുസൈൻ അഹമ്മദുമായി അടുത്ത ബന്ധം പുലർത്തിയിരുന്ന വ്യക്തിയാണ് അറസ്റ്റിലായ ബാജു. ഇയാളെ വിശദമായി ചോദ്യം ചെയ്ത് വരികയാണെന്നും അന്വേഷണത്തിൽ നിർണായകമായ വിവരങ്ങൾ ലഭിച്ചിട്ടുണ്ടെന്നും ഉദ്യോഗസ്ഥർ വ്യക്തമാക്കി. അധ്യാപകനെ തട്ടിക്കൊണ്ടുപോയ കേസിലെ പ്രതിപ്പട്ടികയിൽ ഹുസൈൻ അഹമ്മദും ഉൾപ്പെട്ടിട്ടുണ്ടെന്ന് പൊലീസ് സ്ഥിരീകരിച്ചു.

ഈ വർഷം സെപ്റ്റംബർ 16-ന് കരിംഗഞ്ച് ജില്ലയിലെ സോൺബിൽ പ്രദേശത്തുള്ള ഒരു ശ്മശാനത്തിലെ മൂന്ന് കല്ലറകളിൽ നിന്ന് അസ്ഥികൂടാവശിഷ്ടങ്ങൾ കണ്ടെടുത്തതോടെയാണ് വർഷങ്ങളോളം മരവിച്ചു കിടന്ന കേസിൽ അന്വേഷണം വീണ്ടും വഴിത്തിരിവായത്. കണ്ടെടുത്ത അവശിഷ്ടങ്ങൾ കാണാതായ ആശിഷ് സോമിന്റേതാണോ എന്ന് സ്ഥിരീകരിക്കുന്നതിനായി അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളിൽ നിന്ന് ഡിഎൻഎ സാമ്പിളുകൾ ശേഖരിച്ച് ശാസ്ത്രീയ പരിശോധനയ്ക്കായി അയച്ചിരിക്കുകയാണ്. ഇതിന്റെ ഫലം കാത്തിരിക്കുകയാണ് നിലവിൽ അന്വേഷണസംഘം.

Fashion ⏭️

Back to top button