ഇന്ത്യയിലെ ഏറ്റവും വലിയ ദാതാവ്: തുടർച്ചയായ അഞ്ചാം വർഷവും ഒന്നാം സ്ഥാനത്ത് ശിവ് നാടാർ

ദിവസവും ഏഴ് കോടിയിലേറെ രൂപ ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി ചിലവഴിക്കുക എന്നത് കേൾക്കുമ്പോൾ അവിശ്വസനീയമായി തോന്നാമെങ്കിലും, അതാണ് യാഥാർത്ഥ്യം. എച്ച്.സി.എൽ (HCL) സ്ഥാപകൻ ശിവ് നാടാർ ആണ് ഈ മാതൃകാപരമായ സേവനത്തിന് പിന്നിൽ. സമ്പത്ത് എന്നത് സമൂഹത്തിന്റെ ഉന്നമനത്തിനായി പങ്കുവെക്കാനുള്ളതാണെന്ന ചിന്താഗതി ഇന്ത്യൻ ധനികർക്കിടയിൽ ശക്തിപ്പെടുന്നു എന്നത് ഏറെ പ്രതീക്ഷ നൽകുന്ന കാര്യമാണ്.
തുടർച്ചയായി അഞ്ചാം വർഷവും ഇന്ത്യയിലെ ഏറ്റവും വലിയ മനുഷ്യസ്നേഹിയെന്ന പദവി ശിവ് നാടാർ & ഫാമിലി നിലനിർത്തിയിരിക്കുകയാണ്. എഡെൽഗിവ് ഹുറൂൺ ഇന്ത്യ ഫിലാന്ത്രോപി ലിസ്റ്റ് – 2026 പ്രകാരം, കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ അദ്ദേഹം 2,593 കോടി രൂപയാണ് സാമൂഹിക സേവനത്തിനായി വകയിരുത്തിയത്. ഇതിനർത്ഥം ഒരു ദിവസം ശരാശരി 7.1 കോടി രൂപ വീതം അദ്ദേഹം കാരുണ്യ പ്രവർത്തനങ്ങൾക്കായി നീക്കിവെച്ചു എന്നാണ്.
ഈ പട്ടികയുടെ പതിമൂന്നാം പതിപ്പ് പുറത്തിറങ്ങിയപ്പോൾ ശ്രദ്ധേയമായ പല വിവരങ്ങളും വെളിച്ചത്തായി. ഇന്ത്യയിലെ 219 പ്രമുഖ വ്യക്തികൾ ചേർന്ന് കഴിഞ്ഞ വർഷം 11,554 കോടി രൂപയാണ് സാമൂഹികക്ഷേമത്തിനായി ചെലവഴിച്ചത്. മുൻ വർഷത്തെ അപേക്ഷിച്ച് 11% വർദ്ധനവാണ് ഈ തുകയിൽ ഉണ്ടായിരിക്കുന്നത്. ജീവകാരുണ്യ മേഖലയിൽ സജീവമാകുന്നവരുടെ എണ്ണം 192-ൽ നിന്ന് 219-ആയി ഉയർന്നു എന്നത് ഏറെ ശ്രദ്ധേയമാണ്. പുതുതായി ഈ പട്ടികയിലേക്ക് കടന്നുവന്നവരുടെ എണ്ണം മുൻവർഷം 12 ആയിരുന്നെങ്കിൽ ഇത്തവണ അത് 45 ആയി വർദ്ധിച്ചു.
പട്ടികയിൽ രണ്ടാം സ്ഥാനത്തേക്ക് കുതിച്ചുയർന്നത് ഗൗതം അദാനി & ഫാമിലിയാണ്. മുൻ വർഷത്തെ അപേക്ഷിച്ച് 127% അധികം തുക ചെലവഴിച്ചുകൊണ്ട് 877 കോടി രൂപയുമായാണ് അദാനി ഗ്രൂപ്പ് നേട്ടം കൊയ്തത്.
തൊട്ടുപിന്നാലെ 632 കോടി രൂപ സംഭാവന നൽകി ബജാജ് കുടുംബം മൂന്നാം സ്ഥാനത്തും, 620 കോടി രൂപയുമായി മുകേഷ് അംബാനി & ഫാമിലി നാലാം സ്ഥാനത്തുമുണ്ട്. നന്ദൻ നിലേകനി (380 കോടി), കുമാർ മംഗലം ബിർള & ഫാമിലി (366 കോടി), സൈറസ് & അദാർ പൂനാവാല (336 കോടി), സുധിർ & സാമിർ മെഹ്ത (334 കോടി), രഞ്ജൻ പൈ & ഫാമിലി (219 കോടി), രോഹിണി നിലേകനി (215 കോടി) എന്നിങ്ങനെയാണ് മറ്റ് പ്രധാന സംഭാവനകളുടെ കണക്കുകൾ.
വിവിധ മേഖലകളിലേക്ക് ഒഴുകിയ ഫണ്ടുകളിൽ സിംഹഭാഗവും, അതായത് 4,188 കോടി രൂപ (ആകെ സംഭാവനയുടെ 36%), വിദ്യാഭ്യാസ മേഖലയ്ക്കാണ് ലഭിച്ചത്. ആരോഗ്യരംഗത്ത് 82% വർദ്ധനയോടെ 1,768 കോടി രൂപ ചിലവഴിച്ചു. കല, സംസ്കാരം, പൈതൃക സംരക്ഷണം എന്നിവയ്ക്കായി 1,377 കോടി രൂപയും, പരിസ്ഥിതി സംരക്ഷണത്തിനായി 86% വർദ്ധനയോടെ 813 കോടി രൂപയും നീക്കിവെച്ചു.
രാജ്യത്ത് ഏറ്റവും കൂടുതൽ തുക സംഭാവന നൽകിയ വനിത എന്ന ഖ്യാതി രോഹിണി നിലേകനി നേടി. ഫിലാന്ത്രോപിസ്റ്റുകളുടെ എണ്ണത്തിൽ 64 പേരുമായി മുംബൈ ഒന്നാമതാണെങ്കിലും, സംഭാവനയുടെ ആകെ തുകയിൽ 3,168 കോടി രൂപയുമായി ന്യൂഡൽഹിയാണ് പട്ടികയിൽ ഒന്നാമത് നിൽക്കുന്നത്. മുംബൈയിലെ ആകെ സംഭാവന 3,007 കോടി രൂപയാണ്.




