സച്ചിൻ തെൻഡുൽക്കർ ആയാലും ടീമിൽ ഇടമില്ല, സീനിയർ താരങ്ങളെ അവഗണിക്കുന്നു: മുഹമ്മദ് സിറാജിന് പിന്തുണയുമായി കൈഫ്

മുംബൈ∙ ഇന്ത്യൻ ടെസ്റ്റ് ടീമിൽനിന്നു പേസർ മുഹമ്മദ് സിറാജിനെ തഴഞ്ഞ നടപടി വലിയ രാഷ്ട്രീയ വിവാദങ്ങൾക്കാണ് വഴിവെച്ചിരിക്കുന്നത്. കഴിഞ്ഞ ഇംഗ്ലണ്ട് പര്യടനത്തിൽ തകർപ്പൻ പ്രകടനവുമായി കളം നിറഞ്ഞ താരമായിട്ടും ന്യൂസീലൻഡിനെതിരായ ആദ്യ ടെസ്റ്റ് മത്സരത്തിനുള്ള പ്ലേയിങ് ഇലവനിൽ സിറാജിന് ഇടം ലഭിച്ചില്ല. ജസ്പ്രീത് ബുമ്രയ്ക്കൊപ്പം ആകാശ് ദീപ്, പ്രസിദ്ധ് കൃഷ്ണ, അൻഷൂൽ കാംബോജ് എന്നിവരാണ് കിവീസിനെതിരെ ഇന്ത്യയുടെ ബൗളിങ് നിരയിലുള്ളത്. ഈ വിഷയത്തിൽ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ കോൺഗ്രസും ബിജെപിയും തമ്മിൽ വാക്പോര് തുടരുകയാണ്.
‘‘ടീം മാനേജ്മെന്റിനെ സംബന്ധിച്ചിടത്തോളം ഇങ്ങനെയൊരു തീരുമാനം വളരെ നിസ്സാരമാണ്. തുടർച്ചയായി ഒന്നോ രണ്ടോ മത്സരങ്ങളിൽ ഫോം ഔട്ട് ആയാൽ പിന്നെ ആലോചനകളില്ലാതെ പുറത്താക്കും. സച്ചിൻ തെൻഡുൽക്കർ പോലും ഈ മാനേജ്മെന്റിന് കീഴിലായിരുന്നെങ്കിൽ, കരിയറിലെ ഏതെങ്കിലും ഘട്ടത്തിൽ രണ്ട് കളി മോശമായാൽ അദ്ദേഹത്തിനു നേരെയും ചോദ്യങ്ങൾ ഉയരുമായിരുന്നു, അഥവാ അദ്ദേഹത്തെയും പുറത്താക്കിയേനെ. മുതിർന്ന താരങ്ങളെന്ന പരിഗണനയൊന്നും ഇവിടെയില്ല. കുൽദീപ് യാദവ്, രവിചന്ദ്രൻ അശ്വിൻ, രോഹിത് ശർമ, വിരാട് കോലി, സൂര്യകുമാർ യാദവ്, മുഹമ്മദ് ഷമി തുടങ്ങിയ വമ്പൻ താരങ്ങളെപ്പോലും അവർ കാര്യമായി പരിഗണിച്ചിട്ടില്ല എന്നതാണ് സത്യം.’’




