NEWS

കാണാതായ പെൺകുട്ടിയെ കണ്ടെത്താൻ പൊലീസ് സ്റ്റേഷനിൽ പൂജ; ഹോമകുണ്ഡത്തിനു ചുറ്റും പൊലീസുകാർ

വിഴുപ്പുറം: കാണാതായ പെൺകുട്ടിയെ കണ്ടെത്താൻ വഴികളില്ലാതെ ഒടുവിൽ പൊലീസ് സ്റ്റേഷനിൽ പ്രത്യേക പൂജ. തമിഴ്നാട്ടിലെ വിഴുപ്പുറം പൊലീസ് സ്റ്റേഷനിൽ സബ് ഇൻസ്പെക്ടറുടെ നേതൃത്വത്തിലാണ് ഗണപതി ഹോമം സംഘടിപ്പിച്ചത്. സത്യമംഗലം സ്റ്റേഷനിലെ ഉദ്യോഗസ്ഥരും ഇൻസ്പെക്ടറും ചേർന്നാണ് പൂജയ്ക്കുള്ള ക്രമീകരണങ്ങൾ പൂർത്തിയാക്കിയത്. കുട്ടിയുടെ ബന്ധുക്കളും ഈ പ്രാർഥനയിൽ പങ്കുചേർന്നു. ഹോമകുണ്ഡത്തിനു ചുറ്റുമിരുന്ന് പൊലീസുകാർ പൂജയിൽ മുഴുകിയിരിക്കുന്ന ദൃശ്യങ്ങൾ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയാണ്. കുട്ടിയെ എത്രയും വേഗം കണ്ടെത്താൻ പ്രത്യേക പ്രാർഥനകളും സ്റ്റേഷനിൽ നടന്നു.

കഴിഞ്ഞ ഒക്ടോബർ 12-നാണ് ഹേമാവതി എന്ന ഏഴ് വയസ്സുകാരിയെ ദുരൂഹ സാഹചര്യത്തിൽ കാണാതാകുന്നത്. ജന്മദിനാഘോഷത്തിന് ശേഷം മാതാപിതാക്കൾക്കൊപ്പം കിടന്നുറങ്ങിയ കുട്ടിയെ പിറ്റേന്ന് രാവിലെ കാണാതാവുകയായിരുന്നു. വീടിന്റെ പരിസരപ്രദേശങ്ങളിൽ അരിച്ചുപെറുക്കി തിരച്ചിൽ നടത്തിയെങ്കിലും യാതൊരു വിവരവും ലഭിച്ചില്ല. തുടർന്ന് നാട്ടുകാരും ബന്ധുക്കളും ചേർന്ന് എട്ടു സംഘങ്ങളായി തിരിഞ്ഞ് ഊർജിതമായ തിരച്ചിൽ നടത്തിയിരുന്നു. ഇതിനിടയിൽ പ്രദേശത്ത് നിന്ന് ഒരു അസ്ഥികൂടം കണ്ടെത്തിയെങ്കിലും അത് ആരുടേതാണെന്ന് തിരിച്ചറിയാൻ പൊലീസിന് സാധിച്ചിരുന്നില്ല. കുട്ടി അപ്രത്യക്ഷയായി ഒന്നര മാസം പിന്നിട്ടിട്ടും അന്വേഷണം എങ്ങുമെത്താത്തതിനെ തുടർന്ന് നാട്ടുകാരുടെ ഭാഗത്തുനിന്നും കടുത്ത പ്രതിഷേധം ഉയർന്നു. ഡിഎംകെയുടെ നേതൃത്വത്തിൽ ശക്തമായ സമരപരിപാടികൾ ആരംഭിച്ചതോടെയാണ്, അന്വേഷണത്തിലെ നിസ്സഹായാവസ്ഥ മറികടക്കാൻ പൊലീസുകാർ ഇത്തരമൊരു വഴി തേടിയത്.

Fashion ⏭️

Back to top button