കൊല്ലത്ത് ആറാം ക്ലാസ് വിദ്യാർഥിയെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

കൊല്ലം∙ ആറാം ക്ലാസ് വിദ്യാർഥിയെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. നെടുമൺകാവ് സൊസൈറ്റി മുക്കിൽ താമസിക്കുന്ന അനിൽകുമാർ-രേഷ്മ ദമ്പതികളുടെ മകൻ പതിനൊന്നുകാരനായ ദേവദർശ് ആണ് ദാരുണമായി മരണപ്പെട്ടത്. പഠനകാര്യത്തിൽ അമ്മ ശകാരിച്ചതിനെത്തുടർന്നുണ്ടായ കടുത്ത മനോവിഷമമാണ് കുട്ടിയെ ഇത്തരമൊരു കടുംകൈക്ക് പ്രേരിപ്പിച്ചതെന്ന് സംഭവത്തിൽ അന്വേഷണം നടത്തുന്ന പൊലീസ് വ്യക്തമാക്കുന്നു.
കെഎൻഎസ് സെൻട്രൽ സ്കൂളിലെ വിദ്യാർഥിയായിരുന്നു ദേവദർശ്. ഇന്നലെ സന്ധ്യയോടെ സ്വന്തം കിടപ്പുമുറിയിലെ ജനലിൽ തൂങ്ങിയ നിലയിലാണ് കുട്ടിയെ കണ്ടെത്തിയത്. ജനൽക്കമ്പിയിൽ തോർത്ത് മുറുക്കിക്കെട്ടിയാണ് കുട്ടി ജീവനൊടുക്കിയത്. സ്കൂളിലെ പരീക്ഷയിൽ മാർക്ക് കുറഞ്ഞ വിവരം അധ്യാപിക ഫോണിലൂടെ മാതാവിനെ അറിയിച്ചിരുന്നു. ഇതിനു പിന്നാലെ അമ്മ കുട്ടിയെ വഴക്കു പറഞ്ഞിരുന്നു. ഈ സംഭവത്തിലുള്ള മനോവിഷമം മൂലമാണ് കുട്ടി ജീവനൊടുക്കിയതെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തിൽ പൂയപ്പള്ളി പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് നിയമനടപടികൾ ആരംഭിച്ചു.




