അമേരിക്കൻ സുരക്ഷാ കോട്ടയിൽ നുഴഞ്ഞുകയറ്റം; എഫ്ബിഐ രഹസ്യ വിവരങ്ങൾ ചോർന്നു

ലോകത്തെ ഏറ്റവും കരുത്തുറ്റ അന്വേഷണ ഏജൻസികളിലൊന്നായ അമേരിക്കൻ ഫെഡറൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ (എഫ്ബിഐ) വീണ്ടും സൈബർ ആക്രമണത്തിന്റെ പിടിയിലായിരിക്കുകയാണ്. ഏജൻസിയുടെ ഏറ്റവും സുപ്രധാനമായ വിവരശേഖരണ സംവിധാനങ്ങളിലൊന്നായ നാഷണൽ ക്രൈം ഇൻഫർമേഷൻ സെന്റർ (എൻസിഐസി) ഡേറ്റാബേസാണ് ഇത്തവണ ഹാക്കർമാർ തകർക്കാൻ ശ്രമിച്ചത്.
അമേരിക്കയിലെ ഫെഡറൽ, സംസ്ഥാന, പ്രാദേശിക തലങ്ങളിലുള്ള അന്വേഷണ ഏജൻസികളെ പരസ്പരം ബന്ധിപ്പിക്കുന്ന സുപ്രധാന കണ്ണിയാണ് ഈ ഡേറ്റാബേസ്. ഈ സംവിധാനത്തിന്റെ സുരക്ഷാകവചം ഭേദിച്ച് സൈബർ കുറ്റവാളികൾ അകത്തുകടന്നതായാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. കഴിഞ്ഞ ഏതാനും മാസങ്ങൾക്കുള്ളിൽ എഫ്ബിഐ അഭിമുഖീകരിക്കുന്ന രണ്ടാമത്തെ വലിയ സുരക്ഷാ പ്രതിസന്ധിയാണിത്.
ഏജൻസിയുടെ ശ്രദ്ധയിൽപ്പെട്ട ഈ നുഴഞ്ഞുകയറ്റം നടന്നത് ഏതാനും ദിവസങ്ങൾക്ക് മുമ്പാണ്. ഈ വിഷയം നേരിട്ടറിയാവുന്ന രണ്ട് ഉന്നത ഉദ്യോഗസ്ഥരാണ് വിവരങ്ങൾ വെളിപ്പെടുത്തിയത്. എങ്കിലും, ഈ ആക്രമണത്തിന്റെ ആഘാതം എത്രത്തോളമാണെന്നോ, എത്രത്തോളം നിർണായകമായ വിവരങ്ങൾ ചോർന്നിട്ടുണ്ടെന്നോ സംബന്ധിച്ച് നിലവിൽ സ്ഥിരീകരണം ലഭ്യമായിട്ടില്ല. വിഷയത്തിൽ ഔദ്യോഗികമായ പ്രതികരണം നൽകാൻ എഫ്ബിഐ ഇതുവരെ തയാറായിട്ടില്ല. ഹാക്കർമാർ ഏതെല്ലാം തരത്തിലുള്ള വിവരങ്ങളാണ് കൈക്കലാക്കിയത് എന്നതിലും നിലവിൽ അവ്യക്തത തുടരുകയാണ്.




