14 യുവതികളുടെ സ്വകാര്യദൃശ്യങ്ങൾ പകർത്തിയ കേസ്: യുഎഇയിൽ നിന്ന് നാടുകടത്തിയ പ്രതി കൊച്ചിയിൽ

ദുബായ്: വിവാഹവാഗ്ദാനം നൽകി യുവതികളെ വഞ്ചിക്കുകയും, സ്വകാര്യ ദൃശ്യങ്ങൾ കൈക്കലാക്കി ഭീഷണിപ്പെടുത്തി പണം തട്ടുകയും ചെയ്ത കേസിലെ പ്രതിയെ ഒടുവിൽ പിടിയിലായി. ഒളിവിലായിരുന്ന മുഹമ്മദ് മാസിനെ യുഎഇ അധികൃതർ പിടികൂടി ഇന്ത്യയിലേക്ക് തിരിച്ചയച്ചു. മഹാരാഷ്ട്ര പൊലീസിന്റെ അപേക്ഷയെത്തുടർന്ന് സിബിഐ വഴി ഇന്റർപോൾ റെഡ് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ നടന്ന ആസൂത്രിതമായ നീക്കങ്ങൾക്കൊടുവിലാണ് പ്രതിയെ യുഎഇയിൽ വെച്ച് കുടുക്കിയത്. തുടർന്ന് യുഎഇയിൽ എത്തിയ മഹാരാഷ്ട്ര പൊലീസ് സംഘത്തിന് കൈമാറിയ പ്രതിയുമായി സംഘം കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തി.
വിവാഹം കഴിക്കാമെന്ന് വിശ്വസിപ്പിച്ച് യുവതിയെ ശാരീരികമായും മാനസികമായും സാമ്പത്തികമായും ചൂഷണം ചെയ്തുവെന്ന പരാതിയിലാണ് മഹാരാഷ്ട്ര പൊലീസ് കേസെടുത്തത്. പ്രണയം നടിച്ച് അടുപ്പം സ്ഥാപിച്ച ശേഷം യുവതിയിൽനിന്ന് 18 ലക്ഷം രൂപ പ്രതി തട്ടിയെടുത്തു എന്നാണ് കേസ്. കേസിൽ സമഗ്രമായ അന്വേഷണം പൂർത്തിയാക്കി മഹാരാഷ്ട്ര പൊലീസ് നേരത്തെ തന്നെ കോടതിയിൽ കുറ്റപത്രം നൽകിയിരുന്നു.
തട്ടിപ്പ് വെളിച്ചത്തായതോടെ പ്രതി നാടുവിട്ട് വിദേശത്തേക്ക് കടക്കുകയായിരുന്നു. ഇയാളെ പിടികൂടുന്നതിനായി മഹാരാഷ്ട്ര പൊലീസിന്റെ സഹായത്തോടെ സിബിഐയുടെ എൻസിബി-ന്യൂഡൽഹി വിഭാഗം ഇന്റർപോൾ വഴി റെഡ് നോട്ടീസ് പുറപ്പെടുവിച്ചു. ആഗോളതലത്തിൽ അന്വേഷണം വ്യാപിപ്പിച്ചതിനിടെ പ്രതിയെ കണ്ടെത്തിയ യുഎഇ അധികൃതർ ഇയാളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. യുഎഇയിലെ നിയമപരമായ നടപടിക്രമങ്ങൾ പൂർത്തിയായതോടെയാണ് പ്രതിയെ ഇന്ത്യയിലേക്ക് നാടുകടത്താൻ അനുമതി ലഭിച്ചത്. യുഎഇയിൽ നിന്ന് പ്രതിയെ ഏറ്റുവാങ്ങിയ മഹാരാഷ്ട്ര പൊലീസ് സംഘം ഇയാളെ വിമാനമാർഗം കൊച്ചിയിൽ എത്തിച്ചതോടെ കേസന്വേഷണത്തിലെ സുപ്രധാന നാഴികക്കല്ലാണ് പിന്നിട്ടത്.




