സൗദിയിൽ ഹൂതികളുടെ വ്യോമാക്രമണ ഭീഷണി: ഇന്ത്യൻ വിമാന സർവീസുകൾ റദ്ദാക്കി

ദുബായ്∙ സൗദി അറേബ്യയുടെ തുറമുഖങ്ങളും വൈദ്യുതി നിലയങ്ങളും ലക്ഷ്യം വെച്ച് ആക്രമണം നടത്തുമെന്ന് ഹൂതി വിമതരുടെ ഭീഷണി. യെമനിലെ സാദ, മോഖ വൈദ്യുതി പ്ലാന്റുകൾക്ക് നേരെ സൗദി നടത്തിയ ആക്രമണത്തിന് പകരം ചോദിക്കുമെന്നാണ് ഇവരുടെ മുന്നറിയിപ്പ്. സൗദിയുടെ വ്യോമപാത അപകടകരമാണെന്നും വിമാന സർവീസുകൾ ഈ പാത ഒഴിവാക്കണമെന്നും ഹൂതി വക്താവ് യഹ്യ സരീ വ്യക്തമാക്കി. വരും മണിക്കൂറുകളിൽ ശക്തമായ വ്യോമാക്രമണങ്ങൾ ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
ഈ സാഹചര്യത്തിൽ, ഇന്ത്യൻ വിമാനക്കമ്പനികൾ സൗദിയിലേക്കുള്ള തങ്ങളുടെ സർവീസുകൾ കൂട്ടത്തോടെ റദ്ദാക്കി. എയർ ഇന്ത്യയും എയർ ഇന്ത്യ എക്സ്പ്രസും തങ്ങളുടെ റിയാദ്, ദമാം സർവീസുകൾ ഈ മാസം 30 വരെയും ജിദ്ദയിലേക്കുള്ള വിമാനങ്ങൾ 24 വരെയും നിർത്തിവെച്ചു. ഇൻഡിഗോയുടെ സർവീസുകളും ഈ മാസം 30 വരെ ഉണ്ടാകില്ല.
അതേസമയം, യെമനിലെ ഹൊദെയ്ദ തുറമുഖത്ത് സൗദി സഖ്യസേന ശക്തമായ പ്രത്യാക്രമണം നടത്തി. ഹൂതികൾ ആയുധങ്ങളും ബാലിസ്റ്റിക് മിസൈലുകളും കടത്താൻ ഉപയോഗിക്കുന്ന താവളമാണിതെന്ന് വ്യക്തമാക്കിയാണ് സൗദി നടപടി സ്വീകരിച്ചത്. ആക്രമണത്തിന് മുന്നോടിയായി തുറമുഖ പരിസരത്തുനിന്ന് ജനങ്ങൾ ഒഴിഞ്ഞുപോവണമെന്ന് നിർദേശം നൽകിയിരുന്നു. കൂടാതെ, ജനങ്ങൾക്ക് സുരക്ഷിതമായി മാറാനുള്ള സൗകര്യവും ഒരുക്കിയിരുന്നു.
ഹൂതികളുടെ സൈനിക കേന്ദ്രങ്ങളും ആയുധശേഖരങ്ങളും പൂർണ്ണമായും തകർക്കും വരെ പ്രത്യാക്രമണം തുടരുമെന്ന് സഖ്യസേന വക്താവ് മേജർ ജനറൽ തുർക്കി അൽ മാലികി അറിയിച്ചു. സന, സാദ, തായിസ് എന്നിവിടങ്ങളിൽ ആക്രമണം കൂടുതൽ ശക്തമാക്കിയ സഖ്യസേന, വിമതർക്ക് ആയുധം എത്തിക്കുന്ന പ്രധാന കേന്ദ്രങ്ങൾ തകർത്തതായും സ്ഥിരീകരിച്ചു.




