സിറാജിനെ തഴഞ്ഞത് പേര് നോക്കിയെന്ന് കോൺഗ്രസ്, ക്രിക്കറ്റിൽ വർഗീയത കലർത്തുന്നുവെന്ന് ബിജെപി: രാഷ്ട്രീയ പോര് മുറുകുന്നു

മുംബൈ∙ ഇന്ത്യൻ ടെസ്റ്റ് ടീമിലെ പ്ലേയിങ് ഇലവനിൽ നിന്ന് പേസർ മുഹമ്മദ് സിറാജിനെ ഒഴിവാക്കിയ സംഭവം വലിയ രാഷ്ട്രീയ വിവാദങ്ങൾക്ക് തിരിതെളിച്ചിരിക്കുകയാണ്. സിറാജ് തുടർച്ചയായി മികച്ച ഫോമിൽ പന്തെറിയുമ്പോഴും അദ്ദേഹത്തെ ടീമിൽ നിന്ന് തഴഞ്ഞതിന് പിന്നിൽ മതപരമായ വിവേചനമുണ്ടെന്ന ഗുരുതരമായ ആരോപണം കോൺഗ്രസ് എംപി ഇമ്രാൻ മസൂദ് ഉന്നയിച്ചു. ഇതിനു മറുപടിയായി രൂക്ഷമായ ഭാഷയിലാണ് ബിജെപി നേതൃത്വം രംഗത്തെത്തിയത്.
പരമ്പരയിലെ ആദ്യ ടെസ്റ്റിനായുള്ള ടീം പ്രഖ്യാപനത്തിൽ ജസ്പ്രീത് ബുമ്രയ്ക്കൊപ്പം അൻഷൂൽ കാംബോജ്, ആകാശ്ദീപ്, പ്രസിദ്ധ് കൃഷ്ണ എന്നിവർ ഇടംപിടിച്ചപ്പോൾ സിറാജിന് പുറത്തിരിക്കേണ്ടി വന്നതാണ് വിവാദങ്ങൾക്ക് തുടക്കമിട്ടത്. മികച്ച പ്രകടനം കാഴ്ചവെച്ചിട്ടും സിറാജിനെ തഴഞ്ഞത് പേരിന്റെ അടിസ്ഥാനത്തിലാണെന്ന എംപിയുടെ ആരോപണം വലിയ ചർച്ചയായിട്ടുണ്ട്.
‘‘കോൺഗ്രസ് നേതാവിന്റെ പരാമർശത്തിൽ ലജ്ജ തോന്നുന്നു. സിറാജിന്റെ മതത്തിന്റെ പേരിൽ അവസരം നിഷേധിക്കപ്പെട്ടു എന്ന് വരുത്തിത്തീർക്കാൻ ശ്രമിക്കുന്നത് അവരുടെ സങ്കുചിത വോട്ട് ബാങ്ക് രാഷ്ട്രീയത്തിന്റെ ഭാഗമാണ്. പ്ലേയിങ് ഇലവനിൽ ജഡേജയും ഉൾപ്പെട്ടിട്ടില്ല എന്നത് ശ്രദ്ധിക്കണം. ഇന്ത്യൻ ടീമിലെ ഓരോ താരവും രാജ്യത്തിന്റെ ജഴ്സിയാണ് അണിയുന്നത്. ഇന്ത്യൻ ക്രിക്കറ്റ് ടീമിനെപ്പോലും മതത്തിന്റെ പേരിൽ വിഭജിക്കാൻ കോൺഗ്രസ് ശ്രമിക്കുന്നത് അവസാനിപ്പിക്കണം’’– ബിജെപി വക്താവ് പ്രദീപ് ഭണ്ഡാരി തിരിച്ചടിച്ചു.




