രാജസ്ഥാൻ തദ്ദേശ തിരഞ്ഞെടുപ്പ്: കോൺഗ്രസിന് നേട്ടം, ബിജെപിക്ക് തിരിച്ചടി; മന്ത്രിയുടെ കുടുംബത്തിന് പരാജയം

ജയ്സൽമേർ∙ രാജസ്ഥാൻ തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിൽ കോൺഗ്രസിന് തിളക്കമാർന്ന വിജയം. സംസ്ഥാനത്തെ 37 ജില്ലകളിലായി വ്യാപിച്ചുകിടക്കുന്ന 1,275 ജില്ലാ പരിഷത്ത് വാർഡുകളിലേക്കും 7,543 പഞ്ചായത്ത് സമിതി വാർഡുകളിലേക്കുമാണ് തിരഞ്ഞെടുപ്പ് നടന്നത്. സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ പുറത്തുവിട്ട ഔദ്യോഗിക വിവരങ്ങൾ പ്രകാരം, 2,440 പഞ്ചായത്ത് സീറ്റുകളിൽ കോൺഗ്രസ് ആധിപത്യം പുലർത്തുമ്പോൾ ബിജെപി 1,488 സീറ്റുകളിൽ മാത്രമാണ് മുന്നിട്ടുനിൽക്കുന്നത്. ജില്ലാ പരിഷത്ത് തലത്തിൽ കോൺഗ്രസ് 62 സീറ്റുകളിലും ബിജെപി 25 സീറ്റുകളിലും ലീഡ് ചെയ്യുന്നു.
ഈ തിരഞ്ഞെടുപ്പ് ഫലം ബിജെപി ഭരണത്തോടുള്ള ജനങ്ങളുടെ അതൃപ്തിയാണ് വ്യക്തമാക്കുന്നതെന്ന് കോൺഗ്രസ് നേതൃത്വം അഭിപ്രായപ്പെട്ടു. തുടർച്ചയായി തിരിച്ചടികൾ നേരിടുന്ന പശ്ചാത്തലത്തിൽ, ബിജെപി സംസ്ഥാന നേതൃത്വത്തിൽ അടിയന്തരമായ അഴിച്ചുപണികൾക്ക് സാധ്യതയേറി. മന്ത്രിസഭയിലെ പ്രമുഖനായ നഗരവികസന മന്ത്രി ഝബർ സിങ് ഖാരയുടെ കുടുംബത്തിന് തിരഞ്ഞെടുപ്പ് കനത്ത തിരിച്ചടിയാണ് നൽകിയത്. പഞ്ചായത്ത് സമിതിയിലേക്ക് മത്സരിച്ച അദ്ദേഹത്തിന്റെ ഭാര്യയും മകനും മകളും പരാജയപ്പെട്ടു. സിക്കാർ ജില്ലയിലെ ശ്രീമധോപുർ 17-ാം വാർഡിൽ ജനവിധി തേടിയ മന്ത്രിയുടെ ഭാര്യ ശാന്തി ദേവി, കോൺഗ്രസ് സ്ഥാനാർഥിയോട് 51 വോട്ടുകൾക്കാണ് അടിയറവ് പറഞ്ഞത്. കൂടാതെ മന്ത്രിയുടെ മക്കളായ ദുർഗ സിങ്ങും അജയ് സിങ്ങും പരാജയം രുചിച്ചു. ഉദയ്പുർ ജില്ലയിലെ ഋഷഭദേവ് പഞ്ചായത്ത് സമിതിയിൽ മത്സരിച്ച മുൻ ബിജെപി എംഎൽഎ നാനാലാൽ അഹാരിയുടെ മകൻ സോനുവും തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ടു.




