30-ാം വയസ്സിൽ ജോലി ഉപേക്ഷിച്ചു; 2.81 കോടി രൂപയ്ക്ക് 14 ഫ്ലാറ്റുകൾ വാങ്ങി യുവാവിന്റെ നിക്ഷേപതന്ത്രം

ഇരുപതുകളിലും മുപ്പതുകളിലും തന്നെ സാമ്പത്തിക ഭദ്രത കൈവരിച്ച് ജോലിയിൽ നിന്ന് വിരമിക്കുക എന്ന ലക്ഷ്യത്തോടെയുള്ള ‘ഫയർ’ (Financial Independence, Retire Early – FIRE) എന്ന ആശയം ഇന്നത്തെ യുവതലമുറയ്ക്കിടയിൽ വലിയ തരംഗമാണ്. ഈ ലക്ഷ്യം കൈവരിക്കാനായി ചൈനയിലെ ജിലിൻ സ്വദേശിയായ 30 വയസ്സുകാരൻ ഫാൻ ജുൻജി സ്വീകരിച്ച വ്യത്യസ്തമായ വഴികളും, പിന്നീട് അദ്ദേഹം തന്റെ നിക്ഷേപ രീതിയിൽ വരുത്തിയ മാറ്റങ്ങളും ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ചർച്ചയാകുകയാണ്.
ചൈനയിലെ പ്രധാന നഗരങ്ങളിലെ ഭവനവില സാധാരണക്കാരന് ചിന്തിക്കാൻ പോലും കഴിയാത്തത്ര ഉയരത്തിലാണെന്ന് മനസ്സിലാക്കിയ ഫാൻ, ഹുനാൻ പ്രവിശ്യയിലെ ചാങ്‌ഷാ നഗരത്തിൽ പുതിയൊരു നിക്ഷേപ തന്ത്രമാണ് പരീക്ഷിച്ചത്. ചൈനീസ് ഭാഷയിൽ ‘ലാവോപോസിയാവോ’ എന്ന് വിശേഷിപ്പിക്കപ്പെടുന്ന, ദശാബ്ദങ്ങൾ പഴക്കമുള്ളതും അടിസ്ഥാന സൗകര്യങ്ങൾ പരിമിതവുമായ പഴയ അപ്പാർട്മെന്റുകൾ കുറഞ്ഞ തുകയ്ക്ക് സ്വന്തമാക്കി അവ വാടകയ്ക്ക് നൽകാനായിരുന്നു അദ്ദേഹത്തിന്റെ തീരുമാനം.
2023-ൽ തുടങ്ങിയ ഈ നിക്ഷേപ യാത്രയിലൂടെ വെറും രണ്ട് വർഷത്തിനുള്ളിൽ 2 ദശലക്ഷം യുവാന് (ഏകദേശം 2.81 കോടി രൂപ) മുകളിൽ മുടക്കി 14 അപ്പാർട്മെന്റുകളാണ് ഫാൻ സ്വന്തമാക്കിയത്. നവീകരണച്ചെലവുകൾ ഉൾപ്പെടെ ചില ഫ്ലാറ്റുകൾ 300,000 യുവാന് (ഏകദേശം 42.1 ലക്ഷം രൂപ) താഴെ മാത്രമാണ് അദ്ദേഹത്തിന് ചെലവായത്. ഏറ്റവും കുറഞ്ഞ വിലയിൽ സ്വന്തമാക്കിയ ഫ്ലാറ്റിന് ചിലവായത് 150,000 യുവാൻ (ഏകദേശം 21.1 ലക്ഷം രൂപ) മാത്രമാണ്, ഇതിൽ നിന്ന് മാസം തോറും 1,700 യുവാന്റെ (ഏകദേശം 23,900 രൂപ) വാടക ലഭിക്കുന്നു. നികുതിയും ഏജൻസി ഫീസും ഉൾപ്പെടെ ഏകദേശം 310,000 യുവാൻ (ഏകദേശം 43.5 ലക്ഷം രൂപ) മുടക്കിയ ഏറ്റവും വിലകൂടിയ യൂണിറ്റിൽ നിന്ന് പ്രതിമാസം 2,200 യുവാന്റെ (ഏകദേശം 30,900 രൂപ) വരുമാനവുമുണ്ട്.
പ്രശസ്തമായ സിയാങ്‌യാ ആശുപത്രിക്ക് സമീപമുള്ള പ്രോപ്പർട്ടികളിലാണ് അദ്ദേഹം പ്രധാനമായും ശ്രദ്ധ കേന്ദ്രീകരിച്ചത്. അറ്റകുറ്റപ്പണികൾ എളുപ്പമാക്കാനായി ഒരേ മാതൃകയിലുള്ള നവീകരണവും മുൻകൂട്ടി കരുതിയ സ്പെയർ പാർട്സുകളും അദ്ദേഹം ഉപയോഗിച്ചു. നിലവിൽ 11 ഫ്ലാറ്റുകൾ വാടകയ്ക്ക് നൽകുന്നതിലൂടെ പ്രതിവർഷം ഏകദേശം 210,000 യുവാന്റെ (ഏകദേശം 29.5 ലക്ഷം രൂപ) വരുമാനമാണ് ഫാൻ നേടിയെടുക്കുന്നത്. ഈ നിക്ഷേപങ്ങളിലൂടെ തന്റെ 30-ാം വയസ്സിൽ തന്നെ ‘ഫയർ’ എന്ന ലക്ഷ്യം പൂർത്തിയാക്കാൻ അദ്ദേഹത്തിന് കഴിഞ്ഞു.
എങ്കിലും, ഈ അപ്പാർട്മെന്റുകളുടെ നടത്തിപ്പ് ഫാൻ പ്രതീക്ഷിച്ചതിനേക്കാൾ വലിയ ബാധ്യതയായി മാറി. ഏജൻസി ഫീസുകൾ, നികുതികൾ, തുടർച്ചയായി വേണ്ടിവരുന്ന അറ്റകുറ്റപ്പണികൾ, വാടകക്കാരുമായുള്ള ഇടപെടലുകൾ എന്നിവയെല്ലാം നിഷ്ക്രിയ വരുമാനമെന്ന അദ്ദേഹത്തിന്റെ സങ്കല്പത്തെ ദുർബലപ്പെടുത്തി. കൂടാതെ, റിയൽ എസ്റ്റേറ്റ് വിപണിയിലെ വിലയിടിവ് മൂലധന നഷ്ടത്തിന് കാരണമാകുമോ എന്ന ഭയവും അദ്ദേഹത്തിനുണ്ടായി. അതിനാൽ, ഇത്തരം നിക്ഷേപങ്ങളുടെ സുവർണ്ണകാലം കഴിഞ്ഞുവെന്ന് തിരിച്ചറിഞ്ഞ ഫാൻ, ഇനി പുതിയ പ്രോപ്പർട്ടികൾ വാങ്ങുന്നില്ലെന്ന് പ്രഖ്യാപിച്ചു.
റിയൽ എസ്റ്റേറ്റ് രംഗത്തുനിന്ന് പിന്മാറുന്ന ഫാൻ, തന്റെ നിക്ഷേപങ്ങളെ ഓഹരി വിപണിയിലേക്ക് മാറ്റാനാണ് പദ്ധതിയിടുന്നത്. ഉയർന്ന ലാഭവിഹിതം നൽകുന്ന ഫണ്ടുകളിലേക്കും ഓഹരികളിലേക്കും മാറാനാണ് തീരുമാനം. വാടക വരുമാനത്തെയും ലാഭവിഹിതത്തെയും പണമൊഴുക്ക് എന്ന നിലയിൽ സമാനമായാണ് ഫാൻ കാണുന്നതെങ്കിലും, ഓഹരികളിലെ നിക്ഷേപം കൂടുതൽ സുരക്ഷിതമായി അദ്ദേഹം കരുതുന്നു. ഓഹരികൾ പെട്ടെന്ന് വിറ്റ് പണമാക്കാൻ സാധിക്കും, എന്നാൽ ഒരു വാടകക്കാരനെ കണ്ടെത്തി വാടക ലഭിക്കാൻ ആഴ്ചകളോളം കാത്തിരിക്കേണ്ടി വരുന്നത് വലിയൊരു പോരായ്മയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.




