തൃശൂരിലെ വാടകക്കെട്ടിടത്തിൽ 26 കോടി രൂപയുടെ വ്യാജ നോട്ടുകൾ; സിനിമാ ചിത്രീകരണമെന്ന പേരിൽ തട്ടിപ്പ്, അന്വേഷണം ആരംഭിച്ചു

കൊടുങ്ങല്ലൂർ: ശ്രീനാരായണപുരം കട്ടൻ ബസാറിലെ ഒരു വാടകക്കെട്ടിടത്തിൽനിന്നും ഏകദേശം 26 കോടി രൂപയുടെ വ്യാജ കറൻസികൾ പിടിച്ചെടുത്തു. കട്ടൻ ബസാർ പാലത്തിന് സമീപത്തുള്ള, ശ്രീനാരായണപുരം സ്വദേശിയുടെ ഉടമസ്ഥതയിലുള്ള കെട്ടിടത്തിലാണ് കാർഡ്ബോർഡ് പെട്ടികളിലാക്കി ഒളിപ്പിച്ച നിലയിൽ 500 രൂപയുടെ നോട്ടുകെട്ടുകൾ കണ്ടെത്തിയത്.
സിനിമാ ചിത്രീകരണത്തിന് ഉപയോഗിക്കുന്ന നോട്ടുകളാണെന്ന സൂചന നൽകുന്ന കുറിപ്പുകൾ ഈ കെട്ടുകൾക്കൊപ്പം ഉണ്ടായിരുന്നു. എങ്കിലും, ഇത്രയും വലിയ തുക വ്യാജരൂപത്തിൽ സൂക്ഷിച്ചതിലെ അസ്വാഭാവികതയും ദുരൂഹതയും കണക്കിലെടുത്ത് പൊലീസ് ഇവ കസ്റ്റഡിയിലെടുക്കുകയും സംഭവത്തിൽ കേസെടുക്കുകയും ചെയ്തു. കട്ടൻ ബസാറിലെ കെട്ടിടത്തിൽ കള്ളനോട്ടുകൾ ഉള്ളതായി ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് ജില്ലാ റൂറൽ പൊലീസ് മേധാവിയുടെ പ്രത്യേക സ്ക്വാഡും മതിലകം പൊലീസും സംയുക്തമായി നടത്തിയ പരിശോധനയിലാണ് നോട്ടുകൾ കണ്ടെത്തിയത്.




