NEWS

കേരളത്തിന്റെ മണ്ണെണ്ണ വിഹിതം പുനഃസ്ഥാപിക്കില്ലെന്ന് കേന്ദ്ര സർക്കാർ: മുന്‍ സർക്കാർ വിവരം കൈമാറിയില്ലെന്ന് വിശദീകരണം

ന്യൂഡൽഹി: കേരളത്തിനുള്ള മണ്ണെണ്ണ വിഹിതം വെട്ടിക്കുറച്ച നടപടിയിൽ മാറ്റമുണ്ടാകില്ലെന്ന് കേന്ദ്ര പെട്രോളിയം മന്ത്രാലയം വ്യക്തമാക്കി. 2025, 2026 മാർച്ച് മാസങ്ങളിൽ അനുവദിച്ച 4,068 കിലോലീറ്റർ മണ്ണെണ്ണ കേരളം പൂർണ്ണമായി ഉപയോഗപ്പെടുത്താൻ തയ്യാറായില്ലെന്നതാണ് വിഹിതം കുറയ്ക്കാനുള്ള പ്രധാന കാരണമായി കേന്ദ്രം ചൂണ്ടിക്കാട്ടുന്നത്. ഡൽഹിയിലെ കർത്തവ്യ ഭവനിൽ വെച്ച് കേന്ദ്ര പെട്രോളിയം സഹമന്ത്രി സുരേഷ് ഗോപിയുമായി സംസ്ഥാന മന്ത്രി അനൂപ് ജേക്കബ് നടത്തിയ ചർച്ചയിലാണ് കേന്ദ്രം തങ്ങളുടെ നിലപാട് അറിയിച്ചത്.

യാതൊരുവിധ മുന്നറിയിപ്പും നൽകാതെ 2026 ഏപ്രിൽ മുതൽ കേരളത്തിന്റെ ത്രൈമാസ മണ്ണെണ്ണ വിഹിതം 5,676 കിലോലീറ്ററിൽ നിന്നും 4,068 കിലോലീറ്ററായി കേന്ദ്രസർക്കാർ വെട്ടിക്കുറച്ചിരുന്നു. അനുവദിച്ച മുഴുവൻ വിഹിതവും എന്തുകൊണ്ട് പ്രയോജനപ്പെടുത്തിയില്ല എന്നതിനെക്കുറിച്ച് മുൻ സംസ്ഥാന സർക്കാർ കൃത്യമായ വിശദീകരണം നൽകിയില്ലെന്നും കേന്ദ്രം വിമർശനമുന്നയിച്ചു. ഇതിന്റെ തുടർച്ചയായാണ് 2025-26 സാമ്പത്തിക വർഷം മുതൽ സബ്‌സിഡി ഇതര വിഭാഗങ്ങൾക്കുള്ള വിഹിതം പൂർണ്ണമായും റദ്ദാക്കാൻ കേന്ദ്രം തീരുമാനിച്ചത്.

കുറച്ച വിഹിതം തിരികെ നൽകാൻ കഴിയില്ലെന്ന കർശന നിലപാട് കേന്ദ്രം സ്വീകരിച്ചെങ്കിലും, മന്ത്രി അനൂപ് ജേക്കബിന്റെ ശക്തമായ ആവശ്യത്തെ തുടർന്ന് ഒരു ചെറിയ ഇളവ് നൽകാൻ അധികൃതർ സന്നദ്ധരായി. അലോട്ട്‌മെന്റ് നടപടികൾ പൂർണ്ണമായും അവസാനിപ്പിക്കുന്നതിന് പകരം, സംസ്ഥാനം നൽകുന്ന പ്രത്യേക അപേക്ഷ പരിഗണിച്ച് ഒറ്റത്തവണയായി മണ്ണെണ്ണ അനുവദിക്കുന്ന കാര്യം ആലോചിക്കാമെന്ന് കേന്ദ്രം ഉറപ്പുനൽകിയിട്ടുണ്ട്. അടിയന്തര സാഹചര്യങ്ങൾ ചൂണ്ടിക്കാട്ടി സംസ്ഥാനം പുതിയ അപേക്ഷ സമർപ്പിച്ചാൽ അനുകൂലമായ തീരുമാനം ഉണ്ടാകുമെന്നാണ് സൂചന.

Fashion ⏭️

Back to top button