മൂന്നാർ ഗതാഗതക്കുരുക്ക്: വിനോദസഞ്ചാരികൾ മടക്കയാത്രയിൽ

മൂന്നാറിലെ വിനോദസഞ്ചാര സീസൺ സജീവമായിട്ടും രൂക്ഷമായ ഗതാഗതക്കുരുക്കിന് ഒരു പരിഹാരവും കാണാൻ അധികൃതർക്കായിട്ടില്ല. ആനച്ചാൽ വളവിൽ വാഹനങ്ങൾ കുരുങ്ങുന്നത് നിത്യസംഭവമായതോടെ, വെറും പതിനഞ്ച് മിനിറ്റ് കൊണ്ട് പിന്നിടേണ്ട ദൂരം ശനി, ഞായർ ദിവസങ്ങളിൽ സഞ്ചാരികൾക്ക് താണ്ടേണ്ടി വരുന്നത് രണ്ടര മണിക്കൂറോളമാണ്. വലിയ വാഹനങ്ങൾ റോഡിൽ മണിക്കൂറുകളോളം അനങ്ങാതെ കിടക്കുന്നതിനാൽ സ്വന്തം വീടുകളിൽ നിന്ന് വാഹനം പുറത്തിറക്കാൻ പോലും കഴിയാത്ത അവസ്ഥയിലാണ് പ്രദേശവാസികൾ.
കൊച്ചി–ധനുഷ്കോടി ദേശീയപാതയിൽ മൂന്നാർ–അടിമാലി റൂട്ടിൽ രണ്ടാം മൈൽ ഭാഗത്ത് റോഡ് വീതികൂട്ടുന്നതിനിടെ തുടർച്ചയായി മണ്ണിടിച്ചിൽ ഉണ്ടായതിനെ തുടർന്ന് കഴിഞ്ഞ ഒരു മാസമായി ഈ വഴിയിലുള്ള ഗതാഗതം പൂർണ്ണമായും തടഞ്ഞിരിക്കുകയാണ്. അറ്റകുറ്റപ്പണികൾ നടക്കുന്നുണ്ടെങ്കിലും സുരക്ഷാപ്രശ്നങ്ങൾ മുൻനിർത്തിയാണ് യാത്രയ്ക്ക് നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്. ഈ സാഹചര്യം മൂലം മൂന്നാർ–അടിമാലി റൂട്ടിലൂടെ കടന്നുപോകേണ്ട മുഴുവൻ വാഹനങ്ങളും ഇപ്പോൾ ഇരുട്ടുകാനം, തോക്കുപാറ, ആനച്ചാൽ എന്നിവിടങ്ങളിലൂടെയുള്ള ഇടുങ്ങിയ പാതകളെയാണ് ആശ്രയിക്കുന്നത്.




