ഇന്ത്യയിലെ 35,000 ടൺ സ്വർണത്തിൽ 5,000 ടൺ പോലും വിപണിയിൽ എത്തിയിട്ടില്ല: ഗോൾഡ് ലോൺ സാധ്യതകൾ പങ്കുവെച്ച് ജോർജ് അലക്സാണ്ടർ മുത്തൂറ്റ്

ഇന്ത്യൻ കുടുംബങ്ങളുടെ കൈവശം ഏകദേശം 30,000 മുതൽ 35,000 ടൺ വരെ സ്വർണം സൂക്ഷിക്കപ്പെട്ടിട്ടുണ്ടെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. ഇതിൽ 5000 ടൺ സ്വർണം പോലും ഔദ്യോഗികമായി പണയവിപണിയിലേക്ക് എത്തിയിട്ടില്ലെന്നത് ഈ മേഖലയുടെ വമ്പിച്ച വികസന സാധ്യതകളിലേക്കാണ് വിരൽ ചൂണ്ടുന്നതെന്ന് മുത്തൂറ്റ് ഫിനാൻസ് എക്സിക്യൂട്ടീവ് വൈസ് ചെയർമാൻ ജോർജ് അലക്സാണ്ടർ മുത്തൂറ്റ് ‘മനോരമ ഓൺലൈനി’നോട് വ്യക്തമാക്കി. രാജ്യാന്തര തലത്തിൽ നിന്നടക്കമുള്ള കമ്പനികളുടെ വരവ്, ഈ മേഖലയിലെ കർശനമായ നിയന്ത്രണങ്ങൾ, പുതിയതായി രൂപീകരിച്ച സ്വർണപ്പണയ കമ്പനികളുടെ കൂട്ടായ്മ തുടങ്ങിയ വിഷയങ്ങളെക്കുറിച്ചും അദ്ദേഹം സംസാരിക്കുന്നു.
∙ ഇന്ത്യൻ സമ്പദ്വ്യവസ്ഥയെ സംബന്ധിച്ച് സ്വർണം പണയം വെക്കുന്നതാണോ അതോ വിറ്റു പണമാക്കുന്നതാണോ കൂടുതൽ ലാഭകരം?
– സ്വർണം പണയം വെക്കുന്നവർക്ക് അത് തിരിച്ചെടുക്കണമെന്ന ആഗ്രഹം സ്വാഭാവികമായുണ്ട്. ഒരു ആഭരണം എന്നതിലുപരി, അത്യാവശ്യ ഘട്ടങ്ങളിൽ മൂലധനം കണ്ടെത്താനുള്ള ഉപാധിയായും സ്വർണം പ്രവർത്തിക്കുന്നു. സ്വർണം വിറ്റഴിക്കുന്നതിനേക്കാൾ എന്തുകൊണ്ടും ഉചിതം അത് പണയപ്പെടുത്തുന്നതാണ്. ഉദാഹരണത്തിന്, 100 രൂപയുടെ സ്വർണം വിറ്റാൽ പണിക്കൂലി പോലുള്ള ചിലവുകൾ കഴിഞ്ഞ് ഏകദേശം 75 രൂപയേ കൈയിൽ കിട്ടുകയുള്ളൂ. അതേസമയം പണയപ്പെടുത്തിയാലും അത്രയും തുക തന്നെ വായ്പയായി ലഭിക്കുകയും ചെയ്യും. മാത്രമല്ല, സ്വർണം വിറ്റാൽ അതിന്റെ ഉടമസ്ഥാവകാശം നഷ്ടപ്പെടും, എന്നാൽ പണയപ്പെടുത്തിയാൽ വായ്പ തിരിച്ചടച്ച് അത് തിരികെ സ്വന്തമാക്കാൻ സാധിക്കും. പണപ്പെരുപ്പത്തെ അതിജീവിക്കുന്ന ഒന്നായതുകൊണ്ട് കാലക്രമേണ സ്വർണത്തിന്റെ മൂല്യം വർധിക്കുകയേയുള്ളൂ.
∙ സ്വർണ വായ്പ തിരിച്ചടയ്ക്കുന്നതിൽ വീഴ്ച വരുത്തുന്നവർ എത്രത്തോളമാണ്?
– ഇത്തരം വായ്പകളിൽ കുടിശിക വളരെ കുറവാണ്. വായ്പ കാലയളവിനു മുൻപേ തിരിച്ചടച്ചാൽ അധിക തുകയൊന്നും ഈടാക്കാറില്ല. ഭൂരിഭാഗം പേരും കൃത്യസമയത്ത് തിരിച്ചടയ്ക്കാൻ ആഗ്രഹിക്കുന്നവരാണ്. ആറു മാസത്തിനുള്ളിൽ തന്നെ പകുതിയോളം ഇടപാടുകാർ സ്വർണം തിരികെ കൊണ്ടുപോകാറുണ്ട്. വർഷാവസാനമാകുമ്പോഴേക്കും 90 ശതമാനവും വായ്പ തിരിച്ചടയ്ക്കും. കുടുംബാംഗങ്ങളുടെ സ്വർണം പണയം വെക്കുന്നവരായതുകൊണ്ട് തന്നെ എത്രയും വേഗം അത് തിരികെ എത്തിക്കാനാണ് എല്ലാവരും ശ്രമിക്കുന്നത്. ബാക്കി വരുന്ന ചെറിയൊരു ശതമാനം പേർക്ക് സാവകാശം നൽകി കാര്യങ്ങൾ ക്രമീകരിക്കാറുണ്ട്. എൻപിഎ (കിട്ടാക്കടം) എന്ന പ്രശ്നം ഈ മേഖലയിൽ ഇല്ലെന്നു തന്നെ പറയാം, കാരണം ഈടുവെച്ച സ്വർണം ലേലം ചെയ്യുകയാണെങ്കിൽ പോലും വായ്പാ തുക നിഷ്പ്രയാസം തിരിച്ചെടുക്കാൻ സാധിക്കും.
∙ സ്വർണപ്പണയ വിപണിയിലേക്ക് പുതിയ കമ്പനികൾ കടന്നുവരുന്നത് മത്സരത്തെ ബാധിക്കില്ലേ?
– ഇതൊരു മത്സരമായിട്ടല്ല, മറിച്ച് വ്യവസായത്തിന്റെ വളർച്ചയായാണ് ഞങ്ങൾ കാണുന്നത്. ബാങ്കുകളുടെ സ്വർണപ്പണയ വായ്പ മുൻപ് 5 ലക്ഷം കോടി രൂപയായിരുന്നത് ഇപ്പോൾ 15 ലക്ഷം കോടിയായി വളർന്നു. വടക്കേ ഇന്ത്യയിൽ സ്വർണപ്പണയ വായ്പ എന്ന ആശയം പ്രചരിപ്പിച്ചത് മുത്തൂറ്റ് ഫിനാൻസാണ്. സുരക്ഷിതത്വത്തെക്കുറിച്ചും സൗകര്യത്തെക്കുറിച്ചും ഞങ്ങൾ നൽകിയ ബോധവൽക്കരണം ഇന്ന് ഈ മേഖലയിലെ എല്ലാ കമ്പനികൾക്കും ഗുണം ചെയ്യുന്നുണ്ട്. പ്രവർത്തനങ്ങൾ സുതാര്യമാക്കാൻ സങ്കീർണ്ണമായ നടപടിക്രമങ്ങൾ പാലിക്കേണ്ടതുണ്ട്. ഓഡിറ്റിങ് അടക്കമുള്ള കാര്യങ്ങൾ കൃത്യമായി നടപ്പാക്കാൻ കഴിയുന്നവർക്ക് മാത്രമേ ഈ മേഖലയിൽ നിലനിൽക്കാനാവൂ.
∙ ഇനി എവിടെയാണ് കൂടുതൽ വളർച്ചാ സാധ്യതയുള്ളത്?
– മുത്തൂറ്റ് ഫിനാൻസിന്റെ പകുതിയോളം ശാഖകളും വടക്ക്, കിഴക്ക്, പടിഞ്ഞാറൻ ഇന്ത്യയിലാണ് പ്രവർത്തിക്കുന്നത്. ദക്ഷിണേന്ത്യയിൽ ഇതിനകം തന്നെ ഈ സേവനം വ്യാപകമാണ്, എന്നാൽ മറ്റ് ഇന്ത്യൻ സംസ്ഥാനങ്ങളിൽ വലിയ വികസന സാധ്യതകളാണ് ഇനിയുമുള്ളത്.
∙ പുതുതലമുറ (ജെൻ-സീ) സ്വർണപ്പണയത്തെ എങ്ങനെ നോക്കിക്കാണുന്നു?
– സ്വർണം ഉപയോഗിക്കുന്ന രീതിയിൽ മാറ്റം വന്നെങ്കിലും, അതൊരു സുരക്ഷിത സാമ്പത്തിക ആസ്തിയായി പുതിയ തലമുറയും കരുതുന്നുണ്ട്. വീടുകളിൽ സൂക്ഷിച്ചിരിക്കുന്ന വമ്പിച്ച സ്വർണശേഖരം ഇനിയും വിപണിയിലേക്ക് വരാനിരിക്കുന്നതേയുള്ളൂ.
∙ സ്വർണപ്പണയ കമ്പനികളുടെ പുതിയ കൂട്ടായ്മയായ ‘എഫ്ജിഎൽഒസി’ (FGLOC) യുടെ ലക്ഷ്യങ്ങൾ എന്തൊക്കെയാണ്?
– ഇതിനെ ഒരു സ്വയം നിയന്ത്രിത സംഘടനയായി (SRO) ഉയർത്താനാണ് ഞങ്ങൾ ലക്ഷ്യമിടുന്നത്. ഇതിലൂടെ വിപണിയിലെ തടസ്സങ്ങൾ പരിഹരിക്കാനും മാനദണ്ഡങ്ങൾ പാലിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പാക്കാനും സാധിക്കും. റിസർവ് ബാങ്കിന്റെ അംഗീകാരത്തിനായി മുന്നോട്ട് പോകുന്നതിന് മുൻപ് കൂടുതൽ കമ്പനികളെ കൂട്ടായ്മയിൽ ഉൾപ്പെടുത്തി ശക്തിപ്പെടുത്താനാണ് ശ്രമം.




