സ്റ്റേ വയർ ഷോക്കേറ്റ് വിദ്യാർത്ഥി മരണം: അസിസ്റ്റന്റ് എൻജിനീയർക്ക് സസ്പെൻഷൻ, 10 ലക്ഷം രൂപ നഷ്ടപരിഹാരം

തിരൂരങ്ങാടി ചെറുമുക്ക് പാടശേഖരത്ത് വൈദ്യുതത്തൂണിലെ സ്റ്റേ വയറിൽ നിന്ന് ഷോക്കേറ്റു വിദ്യാർഥി മരിച്ച സംഭവത്തിൽ വെന്നിയൂർ അസിസ്റ്റന്റ് എൻജിനീയർ ബിജുവിനെ സസ്പെൻഡ് ചെയ്തു. അപകടത്തിൽ ജീവൻ നഷ്ടമായ ജുനൈദിന്റെ കുടുംബത്തിന് പത്തു ലക്ഷം രൂപ നഷ്ടപരിഹാരമായി നൽകാനും കെഎസ്ഇബി തീരുമാനിച്ചു.
ഞായറാഴ്ച രാവിലെ പതിനൊന്നേ കാലോടെയായിരുന്നു നാടിനെ നടുക്കിയ ദാരുണമായ സംഭവം നടന്നത്. പടിഞ്ഞാറേത്തറ സ്വദേശി ഷിഹാബുദീന്റെ മകനായ ജുനൈദ്, സുഹൃത്തുക്കളുമൊത്ത് പാടത്ത് ട്രാക്ടർ ഉപയോഗിച്ച് കൃഷിപ്പണി നടക്കുന്നത് കാണാൻ എത്തിയതായിരുന്നു. ഇതിനിടയിൽ അബദ്ധത്തിൽ സ്റ്റേ വയറിൽ സ്പർശിച്ച ഉടനെ കുട്ടിക്ക് വൈദ്യുതാഘാതമേൽക്കുകയായിരുന്നു.
കെഎസ്ഇബി ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നുണ്ടായ ഗുരുതരമായ വീഴ്ചയാണ് അപകടത്തിന് വഴിയൊരുക്കിയതെന്ന് നാട്ടുകാർ ശക്തമായി ആരോപിച്ചിരുന്നു. വർഷങ്ങളായി വൈദ്യുതത്തൂണുകൾ ചരിഞ്ഞും ലൈനുകൾ താഴ്ന്നു കിടക്കുന്ന അവസ്ഥയിലുമാണ് ഇവിടെ ഉണ്ടായിരുന്നത്. ഇക്കാര്യം പലതവണ അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്തിയെങ്കിലും യാതൊരു നടപടിയും സ്വീകരിക്കാൻ അവർ തയ്യാറായില്ലെന്നും നാട്ടുകാർ ചൂണ്ടിക്കാട്ടി.
സംഭവത്തിൽ പ്രതിഷേധം ശക്തമായതോടെ, അപകടം നടന്ന ദിവസം തന്നെ വൈദ്യുതി മന്ത്രി വിശദമായ റിപ്പോർട്ട് തേടുകയും കെഎസ്ഇബി മാപ്പ് പറയുകയും ചെയ്തിരുന്നു. തുടർന്ന് തിരൂരങ്ങാടി ഇലക്ട്രിക്കൽ സർക്കിൾ ഡെപ്യൂട്ടി ചീഫ് എൻജിനീയറുടെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിനൊടുവിൽ സമർപ്പിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. സംഭവത്തിൽ പ്രതിഷേധവുമായി യൂത്ത് ലീഗ് പ്രവർത്തകർ വെന്നിയൂർ കെഎസ്ഇബി ഓഫീസിലേക്ക് ഉപരോധം നടത്തിയിരുന്നു.




