അരൂർ–തുറവൂർ ഉയരപ്പാത കാന നിർമാണം: മാർച്ച് അവസാനത്തോടെ പൂർത്തിയാകും

തുറവൂർ: അരൂർ–തുറവൂർ എലിവേറ്റഡ് ഹൈവേയുടെ ഭാഗമായുള്ള ഓട നിർമാണം വീണ്ടും നീളുമെന്ന ആശങ്ക ശക്തമാകുന്നു. പദ്ധതിയുടെ പണികൾ കഴിഞ്ഞ ഏപ്രിലിൽ പൂർത്തിയാക്കുമെന്നായിരുന്നു നേരത്തെയുള്ള പ്രഖ്യാപനം. എന്നാൽ നിർമാണം വൈകിയതോടെ ഡിസംബറിലേക്ക് സമയം നീട്ടി നൽകിയെങ്കിലും, ഇപ്പോഴത്തെ സാഹചര്യത്തിൽ അടുത്ത മാർച്ച് വരെ ഇത് നീളുമെന്നാണ് പുറത്തുവരുന്ന സൂചനകൾ.
അരൂരിലെ 55 മുതൽ 65 വരെയുള്ള പില്ലറുകൾക്കിടയിലെ ഭൂമി ഏറ്റെടുക്കലുമായി ബന്ധപ്പെട്ട പ്രതിസന്ധികളാണ് പണികൾ തടസ്സപ്പെടുത്തുന്നത്. തർക്കം നിലനിൽക്കുന്നതിനാൽ ഏകദേശം 600 മീറ്ററോളം ദൂരത്തിൽ ഓട നിർമാണം ഇതുവരെ ആരംഭിക്കാനായിട്ടില്ല. ഭൂമിയുടെ ഉടമസ്ഥാവകാശത്തെ ചൊല്ലി ഉടമകളും ദേശീയപാത അതോറിറ്റിയും തമ്മിൽ നിയമപോരാട്ടം നടക്കുകയാണ്. സ്ഥലം തങ്ങളുടേതാണെന്ന് സ്വകാര്യ വ്യക്തികൾ വാദിക്കുമ്പോൾ, ഇത് ദേശീയപാതയുടെ ഭാഗമാണെന്നാണ് അതോറിറ്റിയുടെ നിലപാട്. വിഷയം കോടതിയുടെ പരിഗണനയിലായതിനാൽ ഭൂമി ഏറ്റെടുക്കൽ നടപടികൾ അനന്തമായി നീളുകയാണ്.
കാന നിർമാണം വൈകുന്നത് വരാനിരിക്കുന്ന മഴക്കാലത്ത് വലിയ ഭീഷണിയാകുമെന്ന് നാട്ടുകാർ ഭയക്കുന്നു. ചന്തിരൂർ, അരൂർ ഭാഗങ്ങളിലാണ് ഈ പാതയിൽ ഏറ്റവും കൂടുതൽ വെള്ളക്കെട്ട് ഉണ്ടാകാറുള്ളത്. മഴവെള്ളം സുഗമമായി ഒഴുകിപ്പോകാനുള്ള സംവിധാനങ്ങൾ ഒരുങ്ങിയില്ലെങ്കിൽ, ഉയരപ്പാതയ്ക്ക് താഴെ വെള്ളം കെട്ടിക്കിടക്കാൻ സാധ്യതയുണ്ടെന്ന ആശങ്കയാണ് ഇപ്പോൾ ഉയരുന്നത്.




